ദേശീയം

സിബിഎസ്ഇ: പരീക്ഷ വേണ്ടവര്‍ക്ക് എഴുതാം, അല്ലാത്തവര്‍ക്ക് ഗ്രേഡിങ്ങിന് സ്‌കീം; വിദ്യാര്‍ഥികള്‍ക്കു തീരുമാനിക്കാമെന്ന് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസില്‍ കഴിഞ്ഞ മൂന്നു പരീക്ഷകളുടെ അടിസ്ഥാനത്തില്‍ ഗ്രേഡ് നിര്‍ണയിക്കണോ അതോ ശേഷിക്കുന്ന പരീക്ഷ എഴുതണോ എന്ന കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കു തീരുമാനമെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ പരീക്ഷകളുടെ അടിസ്ഥാനത്തിലുള്ള ഫലം ജൂലൈ പതിനഞ്ചോടെ പ്രസിദ്ധീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

ജൂലൈ ഒന്നു മുതല്‍ 15 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ശേഷിച്ച ബോര്‍ഡ് പരീക്ഷ റദ്ദാക്കിയതായി കേന്ദ്രം അറിയിച്ചു. പത്തിലെ ശേഷിച്ച പരീക്ഷകള്‍ നടത്തില്ല. കഴിഞ്ഞ മൂന്നു പരീക്ഷകളിലെ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പത്തില്‍ ഗ്രേഡ് നിശ്ചയിക്കുക. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷന്‍ നല്‍കാന്‍ അവസരമുണ്ട്. ഒന്നുകില്‍ കഴിഞ്ഞ പരീക്ഷകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് നിശ്ചയിക്കാം. അതില്‍ താത്പര്യമില്ലാത്തവര്‍ക്ക് സാഹചര്യം മെച്ചപ്പെടുന്ന മുറയ്ക്കു പരീക്ഷ എഴുതാം.- സര്‍ക്കാര്‍ അറിയിച്ചു.

പന്ത്രണ്ടാം ക്ലാസിലെ ഫല നിര്‍ണയത്തിനുള്ള സ്‌കീം എന്താണെന്ന കാര്യം വിശദമായി സര്‍ക്കാര്‍ ഇന്നു സുപ്രീം കോടതിയെ അറിയിക്കും. സാഹചര്യം മെച്ചപ്പെട്ടാല്‍ പരീക്ഷ നടത്താമെന്നു പറയുന്നതിന് കൃത്യമായ സമയക്രമം അറിയിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു കൂടി പരിഗണിച്ച് നാളെ സ്ുപ്രീം കോടതി കേസില്‍ വിധി പറയും.

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബോര്‍ഡ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചതായി ഐസിഎസ്ഇയും സുപ്രീം കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്ന് ഐസിഎസ്ഇക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത പറഞ്ഞു. സിബിഎസ്ഇയുടേതു പോലെ പിന്നീട് പരീക്ഷയെഴുതാന്‍ അവസരം നല്‍കുന്നത് പരിഗണനയില്‍ ഇല്ലെന്ന് ഐസിഎസ്ഇ അറിയിച്ചു.

പരീക്ഷ ഉപേക്ഷിച്ച് ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മാറ്റിവച്ച പരീക്ഷകള്‍ അടുത്തമാസം ഒന്നുമുതല്‍ 15 വരെ നടത്തുമെന്നായിരുന്നു സിബിഎസ്ഇയുടെ പ്രഖ്യാപനം. ഇതിനെതിരെയാണ് ഒരു കൂട്ടം രക്ഷിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം