ദേശീയം

'അവളുടെ പാല്‍ കുടിച്ചാണ് ഞാന്‍ പൊലീസായത്, ഇപ്പോള്‍ പ്രത്യുപകാരം ചെയ്യാന്‍ സമയമായി'- ഉദ്യോഗസ്ഥന്റെ അവധി അപേക്ഷ; വിചിത്രം!

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: കോവിഡ് ബാധ രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. കോവിഡ് നിയന്ത്രിക്കാന്‍ രാപ്പകല്‍ ഭേദമെന്യേ ജോലി ചെയ്യുന്നവരാണ് പൊലീസുകാരും. പലര്‍ക്കും മതിയായ വിശ്രമം പോലും ലഭിക്കുന്നില്ല. 

അതിനിടെ ജോലിയെടുത്ത് തളര്‍ന്ന രണ്ട് പൊലീസുകാര്‍ അവധിയെടുക്കാൻ അനുവാദം ചോദിച്ച് സമര്‍പ്പിച്ച അപേക്ഷയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വിചിത്രമായ കാരണമാണ് ഇരുവരും ലീവിനുള്ള അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. വീട്ടില്‍ വളര്‍ത്തുന്ന എരുമയുടെ പേരിലാണ് ഇരുവരും അവധിക്ക് അപേക്ഷ നല്‍കിയത്. 

മധ്യപ്രദേശിലെ സ്‌പെഷ്യല്‍ ആംഡ് ഫോഴ്‌സിലെ 9ാം ബറ്റാലിയനിലെ കോണ്‍സ്റ്റബിളും ഡ്രൈവറുമാണ് ഇത്തരത്തില്‍ അവധിക്ക് അപേക്ഷിച്ചത്. ഇരുവരും രേവയിലാണ് ജോലി ചെയ്യുന്നത്. ആറ് ദിവസത്തെ അവധിയാണ് ഇരുവരും അപേക്ഷിച്ചത്. 

'സര്‍, എരുമയ്ക്ക് എന്റെ ജീവിതത്തില്‍ ഒരു പ്രധാന സ്ഥാനമുണ്ട്, കാരണം എനിക്ക് പൊലീസില്‍ ജോലി കിട്ടാന്‍ കാരണക്കാരി എന്റെ എരുമയാണ്. അവള്‍ നല്‍കിയ പാല്‍ കുടിച്ചാണ് ഞാന്‍ റിക്രൂട്ട്‌മെന്റിന് തയ്യാറെടുത്തത്. ഇപ്പോള്‍ അവള്‍ക്ക് പ്രത്യുപകാരം ചെയ്യാനുള്ള അവസരമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. എരുമയെ പരിപാലിക്കാന്‍ എനിക്ക് ആറ് ദിവസത്തെ കാഷ്വല്‍ അവധി നല്‍കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു്'- എന്നായിരുന്നു കോണ്‍സ്റ്റബിള്‍ എഴുതിയ അവധി അപേക്ഷയില്‍ കാരണമായി പറഞ്ഞത്.

കോണ്‍സ്റ്റബിളിനൊപ്പം അവധിക്ക് അപേക്ഷിച്ച പൊലീസ് ഡ്രൈവര്‍ രണ്ട് കാരണങ്ങളാണ് എഴുതിയത്. എരുമയുടെ കാര്യത്തിനൊപ്പം അമ്മയ്ക്ക് സുഖമില്ലെന്നും അപേക്ഷയില്‍ പറയുന്നുണ്ട്.  

'എന്റെ അമ്മയ്ക്ക് രണ്ട് മാസമായി സുഖമില്ല. കൂടാതെ എനിക്ക് വീട്ടിലൊരു എരുമയുമുണ്ട്. ഏറെ പ്രിയപ്പെട്ട അത് കഴിഞ്ഞ ദിവസം പ്രസവിച്ചു. അവരുടെ സംരക്ഷണത്തിന് വീട്ടില്‍ ആരുമില്ല. അതിനാല്‍ അവധി നല്‍കണം'- ഡ്രൈവര്‍ കുറിച്ചു. 

അതേസമയം, ഇരുവര്‍ക്കും അവധി നല്‍കുമെന്ന് മേലുദ്യോഗസ്ഥന്‍ വ്യക്തമാക്കി. അവര്‍ സമര്‍പ്പിച്ച അവധി അപേക്ഷ അതിന്റേതായ ഗൗരവത്തില്‍ തന്നെയാണ് ഉള്‍ക്കൊള്ളുന്നത്. കാരണം എന്തായാലും അവധിക്ക് അപേക്ഷിച്ചാല്‍ അത് നല്‍കുമെന്നും നിരസിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തായാലും പൊലീസുകാരുടെ കത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്