ന്യൂഡല്‍ഹി: എസി ട്രെയിനുകളിലെ കോച്ചുകളില്‍ ഇനി മുതല്‍ ഓപ്പറേഷന് തിയേറ്ററുകള്‍ക്ക് സമാനമായ രീതിയില്‍ ശുദ്ധവായു ക്രമീകരിക്കാനാകുമെന്ന് റെയില്‍വേ അധികൃതര്‍. എസി കോച്ചുകളിലെ റൂഫ് മൗണ്ട് എസി പാക്കേജ് ഓപ്പറേഷന് തിയേറ്ററുകളിലേതു പോലെ മണിക്കൂറില്‍ 16-18 തവണ വായു പൂര്‍ണമായും മാറ്റുമെന്നാണ് റെയില്‍വെയുടെ അവകാശവാദം
വൈറസ് വ്യാപനം ഉണ്ടാകാതിരിക്കാനായി ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ട്രെയിനുകളിലെ എസി യൂണിറ്റുകള്‍ പരിഷ്കരിച്ചത്. എസി കോച്ചുകളിലെ വായു മണിക്കൂറില്‍ 12 തവണ പൂര്‍ണമായും മാറ്റണമെന്നാണ് മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നത്.
മുമ്പ് എസി ട്രെയിനുകളില്‍ മണിക്കൂറില്‍ ആറുമുതല്‍ എട്ടുതവണ വരെയാണ് വായു പൂര്‍ണമായും മാറ്റിയിരുന്നത്. ഇപ്രകാരം കോച്ചുകളിലേക്ക് എത്തുന്ന വായുവില്‍ 20 ശതമാനം മാത്രമാണ് ശുദ്ധവായു. ബാക്കിയുള്ള 80 ശതമാനവും റിസര്‍ക്കുലേറ്റ് ചെയ്യപ്പെടുന്ന വായുവായിരുന്നു. വായുസഞ്ചാരത്തിലുണ്ടാകുന്ന വര്‍ധനവ് ഊര്‍ജ ഉപഭോഗത്തിലും 10-15 ശതമാനം വരെ വര്‍ധനവ് ഉണ്ടാക്കും.
എന്നാല്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി നല്‍കേണ്ടി വരുന്ന തുകയാണ് ഇതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സാധാരണഗതിയില്‍ എസി റിസര്‍ക്കുലേറ്റ് ചെയ്യപ്പെട്ട വായുവാണ് ഉപയോഗിക്കുക. അതിനാല്‍ വളരെ വേഗത്തില്‍ തണുപ്പ് പടരും. എന്നാല്‍ ഓരോ തവണയും ശുദ്ധവായു ഉപയോഗിക്കുമ്പോള്‍ തണുക്കാന്‍ അല്പസമയം കൂടുതല്‍ വേണ്ടി വരും. അതുകൊണ്ടാണ് കൂടുതല്‍ ഊര്‍ജ ഉപഭോഗം ഉണ്ടാകുന്നത്.
നിലവില്‍ രാജധാനി ട്രെയിനുകളില്‍ പരീക്ഷിച്ച ഈ സംവിധാനം വൈകാതെ മറ്റു എസി കോച്ചുകളിലും നടപ്പാക്കും.
യാത്രക്കാര്‍ക്കായി പുതപ്പ് വിതരണം ചെയ്യാത്തതിനാല്‍ സെന്‍ട്രലൈസ്ഡ് എസിയുടെ താപനില 25 ഡിഗ്രി ആയി നിലനിര്‍ത്തും നേരത്തേ ഇത് 23 ആയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ