ദേശീയം

അമ്മാവന്‍ ബലാത്സംഗത്തിന് ശ്രമിച്ചു, പുറത്താവാതിരിക്കാന്‍ 17കാരിയെ ഇരുമ്പ് വടി കൊണ്ട് അടിച്ചുകൊന്നു; മൃതദേഹം കിടക്കക്കുള്ളില്‍ ഒളിപ്പിച്ചു, ദമ്പതികള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ബലാത്സംഗ ശ്രമം മറച്ചുവെയ്ക്കാന്‍ 17കാരിയെ കൊലപ്പെടുത്തി കിടക്കക്കുള്ളില്‍ ഒളിപ്പിച്ച് ദമ്പതികള്‍. പെണ്‍കുട്ടിയെ ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊന്ന ശേഷം പുതപ്പ് കൊണ്ട് മൂടി കിടക്കക്കുള്ളില്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ അമ്മാവനാണ് ബലാത്സംഗത്തിന് ശ്രമിച്ചത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനിടെ, അമ്മാവന്‍ ഒളിവില്‍ പോയതാണ് പൊലീസിന് തുമ്പായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അമ്മാവനും അമ്മായിയും കുറ്റസമ്മതം നടത്തി.

ഡല്‍ഹിയിലാണ് സംഭവം. ഉന്നത പഠനത്തിനായാണ് പെണ്‍കുട്ടി അമ്മാവന്റെയും അമ്മായിയുടെയും കൂടെ താമസം തുടങ്ങിയത്. കഴിഞ്ഞമാസം 23നാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ 51 കാരനായ വക്കീല്‍ പോഡാറും 45 വയസുള്ള ഭാര്യയുമാണ് അറസ്റ്റിലായത്.

ഒരു മാസം മുന്‍പ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ അമ്മാവന്‍ ശ്രമിച്ചു എന്ന് പൊലീസ് പറയുന്നു. ഇത് കണ്ട 45കാരി അമ്മാവനുമായി വഴക്കിട്ടു. പെണ്‍കുട്ടിയെ ഗ്രാമത്തിലേക്ക് തന്നെ തിരിച്ചു കൊണ്ടാക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടു. പെണ്‍കുട്ടി ഇവിടെ തന്നെ കഴിയണമെന്ന് വക്കീല്‍ പോഡാര്‍ നിര്‍ബന്ധം പിടിച്ചു. പഠനം പൂര്‍ത്തിയാക്കണമെന്നതിനാല്‍ ഇവിടെ തന്നെ തുടരണമെന്ന നിലപാട് പെണ്‍കുട്ടിയും സ്വീകരിച്ചു. അതിനിടെ വഴക്കിനിടെ പെണ്‍കുട്ടിയെ കൊല്ലാന്‍ 45കാരി പോഡാറിനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഒക്ടോബര്‍ 23നാണ് കൊലപാതകം നടന്നത്. ഇരുമ്പ് വടി ഉപയോഗിച്ച് പെണ്‍കുട്ടിയെ അടിച്ചുകൊല്ലുകയായിരുന്നു. 45കാരി വീടിന് പുറത്ത് മറ്റാരും വരാതിരിക്കാന്‍ കാവല്‍ നിന്ന സമയത്താണ് കൃത്യം നടന്നത്. രക്തം വാര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെയാണ് മൃതദേഹം പുതപ്പ് കൊണ്ട് മൂടിയത്. തുടര്‍ന്ന് കിടക്കക്കുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു. അഴുകിയ മൃതദേഹം പൊലീസ് കണ്ടെടുത്തു. 

പെണ്‍കുട്ടിയെ കാണാനില്ല എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനിടെ, 17കാരി ഉത്തര്‍പ്രദേശിലെ അനാഥാലയത്തിലേക്ക് പോയതായി ഭര്‍ത്താവ് പറഞ്ഞതായി 45കാരി മൊഴി നല്‍കി. എന്നാല്‍ അന്വേഷണത്തില്‍ ഒരു അനാഥാലയത്തിലും പെണ്‍കുട്ടി ചെന്നിട്ടില്ല എന്ന് വ്യക്തമായി.  അന്വേഷണം പുരോഗമിക്കുന്നതിനിടെ, പോഡാര്‍ ഒളിവില്‍ പോവാന്‍ ശ്രമിച്ചു. ഇതില്‍ സംശയം തോന്നിയ പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ബിഹാറിലെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പിടികൂടിയ 51കാരനെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്