ദേശീയം

എസ്ബിഐയില്‍ പതിനായിരത്തിലധികം ഒഴിവുകള്‍; ഡിസംബര്‍ പത്തിനകം അപേക്ഷിക്കണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി ഓഫീസര്‍, അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊബേഷണറി ഓഫീസര്‍ തസ്തികയില്‍ 2000 ഒഴിവുകളാണുള്ളത്. മൂന്ന് വര്‍ഷം കാലാവധിയുള്ള അപ്രന്റീസ് തസ്തികയില്‍ 8500 ഒഴിവുകളാണുളളത്. 

ഇരു തസ്തികയിലേക്കും ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 31, 2021 ജനുവരി രണ്ട്, നാല്, അഞ്ച് തീയതികളിലായാണ് പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷ. മെയിന്‍ പരീക്ഷ 2021 ജനുവരി 29-ന് നടക്കും. ഫലം 2021 മാര്‍ച്ച് അവസാനവാരം പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 4.

തുടക്കത്തില്‍ 27,620 രൂപയായിരിക്കും പ്രൊബേഷണറി ഓഫീസറിന്റെ അടിസ്ഥാന ശമ്പളം. മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും. അവസാന വര്‍ഷ/സെമസ്റ്റര്‍ പരീക്ഷയെഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും നിബന്ധനകളോടെ പരീക്ഷയെഴുതാം. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

21-30 വയസ്സ്. 1990 ഏപ്രില്‍ രണ്ടിനും 1999 ഏപ്രില്‍ ഒന്നിനും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. പിന്നാക്കവിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ്. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയവര്‍, ക്രെഡിറ്റ് കാര്‍ഡ് തുക തിരിച്ചടയ്ക്കാത്തവര്‍, സിബില്‍ റിപ്പോര്‍ട്ട് എതിരായിട്ടുള്ളവര്‍ എന്നിവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. 750 രൂപയാണ് അപേക്ഷാ ഫീസ്.

പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ ഓണ്‍ലൈനായാണ് നടത്തുക. പ്രിലിമിനറിക്ക് ആകെ 100 മാര്‍ക്കാണ്. മെയിന്‍ പരീക്ഷയില്‍ 200 മാര്‍ക്കിന്റെ ഒബ്ജക്ടീവ് ടെസ്റ്റും 50 മാര്‍ക്കിന്റെ ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റുമാണുണ്ടാകുക. മെയിന്‍ പരീക്ഷയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒന്നുകില്‍ 50 മാര്‍ക്കിനുള്ള അഭിമുഖമോ അല്ലെങ്കില്‍ 30 മാര്‍ക്കിന്റെ അഭിമുഖവും 20 മാര്‍ക്കിന്റെ ഗ്രൂപ്പ് ഡിസ്‌കഷനും ചേര്‍ന്നോ ഉണ്ടാകും.

അപേക്ഷ ഓണ്‍ലൈനായാണ് അയക്കേണ്ടത്. പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തില്‍ ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളാണുള്ളത്. മെയിന്‍ പരീക്ഷയ്ക്ക് കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. അപേക്ഷ അയക്കാനും വിശദവിവരങ്ങള്‍ക്കും bank.sbi/careers, www.sbi.co.in/careers എന്നിവ കാണുക. 

അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 10 ആണ്. ജനുവരിയിലാണ് ഓണ്‍ലൈന്‍ പരീക്ഷ നടക്കുക. ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടുന്നവരില്‍ പ്രാദേശിക ഭാഷയിലെ പ്രാവീണ്യം അറിയുന്നതിനും ടെസ്റ്റ് നടത്തും.  20-28 വയസ്സാണ് പ്രായപരിധി. പിന്നാക്കവിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ഉണ്ട്.

മൂന്ന് വര്‍ഷ അപ്രന്റീസ് കാലയളവില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥി ഐഐബിഎഫ് പരീക്ഷ പാസാകണം. ആദ്യവര്‍ഷം പ്രതിമാസം 15000 രൂപയാണ് സ്‌റ്റൈപ്പന്‍ഡ് ആയി നല്‍കുക. രണ്ടാം വര്‍ഷം 16,500, മൂന്നാംവര്‍ഷം 19000 എന്നിങ്ങനെയാണ് അടുത്ത രണ്ടുവര്‍ഷങ്ങളിലെ സ്‌റ്റൈപ്പന്‍ഡ്. 300 രൂപയാണ് അപേക്ഷാ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എസ്ബിഐ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ