ദേശീയം

ടോയിലറ്റ് ഓഫീസ് റൂമാക്കി മാറ്റി; അനധികൃത നിര്‍മ്മാണത്തിന് കങ്കണയുടെ ബംഗ്ലാവില്‍ നോട്ടീസ് പതിച്ച് മുംബൈ കോര്‍പ്പറേഷന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ബംഗ്ലാവില്‍ നോട്ടീസ് പതിച്ച് ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍. ശിവസേന നേതാക്കളുമായി കങ്കണ റണാവത്ത് വാക്‌പോര് നടത്തിയതിന് പിന്നാലെയാണ് ബിഎംസിയുടെ നടപടി. നഗരസഭയുടെ അനുമതിയില്ലാതെയാണ് കെട്ടിടത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് എന്ന് കാണിച്ചാണ് നോട്ടീസ് പതിച്ചത്. 

സബര്‍ബന്‍ ബാന്ദ്രയിലെ പാലി ഹില്‍ ബംഗ്ലാവിലാണ് നഗരസഭ അധികൃതര്‍ നോട്ടീസ് പതിച്ചത്. ടോയിലറ്റ് ഓഫീസ് ക്യാബിനാക്കി മാറ്റി എന്നും പുതിയ ടോയിലറ്റ് സ്‌റ്റെയര്‍കേസിന് സമീപം നിര്‍മ്മിച്ചിരിക്കുന്നു, ഇത് അനുമതി വാങ്ങാതെയാണ് എന്നും നോട്ടീസില്‍ പറയുന്നു. 

24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ ഓഫീസ് കെട്ടിയം തകര്‍ക്കാന്‍ ബിഎംസി ശ്രമിക്കുന്നു എന്നാരോപിച്ച് കഴിഞ്ഞ ദിവസം കങ്കണ രംഗത്തുവന്നിരുന്നു. 

ബാന്ദ്രയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്താനുള്ള സ്വാഭാവിക നടപടിയുടെ ഭാഗമായാണ് കങ്കണയുടെ ബംഗ്ലാവിലും പരിശോധന നടത്തിയതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. 

മുംബൈയെ പാകിസ്ഥാന്‍ അധീന കശ്മീരുമായി താരതമ്യപ്പെടുത്തി കൊണ്ടുള്ള നടിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ശിവസേന നേതാക്കള്‍ കടുത്ത പ്രതികരണവുമായി രംഗത്തുവന്നിരുന്നു. 

നടിയുടെ ജീവന് ഭീഷണിയുണ്ട് എന്ന കുടുംബത്തിന്റെ പരാതിക്ക് പിന്നാലെ, ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ ആവശ്യപ്രകാരം കേന്ദ്രസര്‍ക്കാര്‍ കങ്കണയ്ക്ക് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. 

കങ്കണ മുംബൈയില്‍ പ്രവേശിച്ചാല്‍ കാലു തല്ലിയൊടിക്കുമെന്ന് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് ഭീഷണിപ്പെടുത്തിയിരുന്നു.
കങ്കണ പാക് അധീന കശ്മീരിലേക്ക് പോവുന്നതാണ് നല്ലതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്തും പറഞ്ഞു. സെപ്റ്റംബര്‍ 9ന് മുംബൈയില്‍ എത്തുമെന്നും ധൈര്യമുള്ളവര്‍ തടയാന്‍ വരട്ടേയെന്നും കങ്കണ ഇതിന് മറുപടി നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്