ദേശീയം

കേന്ദ്രസര്‍ക്കാരിന്റെ ഉത്തേജക പാക്കേജ് അപര്യാപ്തം, ജനങ്ങളുടെ കൈയില്‍ പണം നല്‍കണമായിരുന്നു: വിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് അപര്യാപ്തമാണെന്ന് രാജ്യസഭ എംപിയും ബിജെപി പ്രവര്‍ത്തകനുമായ സുബ്രഹ്മണ്യന്‍ സ്വാമി. പ്രഖ്യാപിച്ച ഉത്തേജക പാക്കേജില്‍ നല്ലൊരു ഭാഗവും ധനപരമായ ഇളവുകള്‍ മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക് നാമമാത്രമായ പ്രയോജനമാണ് പാക്കേജില്‍ നിന്ന് ലഭിച്ചതെന്നും സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി.  ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിക്കുന്ന എക്‌സ്പ്രഷന്‍സ് പരമ്പരയില്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ലയുടെയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക കാവേരി ബംസായിയുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ 21 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ 1.2 ലക്ഷം കോടി മാത്രമാണ് ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനപ്പെട്ടത്. അവശേഷിച്ചതെല്ലാം ധനപരമായ ഇളവുകള്‍ മാത്രമാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ജനങ്ങളുടെയിടയില്‍ ആവശ്യകതയില്‍ കുറവ് സംഭവിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ജനങ്ങളുടെ കൈവശം പണം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നത്. പകരം ഉത്തേജക പാക്കേജിലൂടെ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശിച്ചു.

2014-15 സാമ്പത്തിക വര്‍ഷത്തില്‍ എട്ടു ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് രാജ്യം നേടിയത്. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവ് സംഭവിക്കുന്നതാണ് കണ്ടത്. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വളര്‍ച്ചാനിരക്ക് 3.1 ശതമാനമായി താഴ്ന്നു. കോവിഡിന്റെ പ്രത്യാഘാതമെന്നോണം ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജിഡിപി വളര്‍ച്ചയില്‍ 25 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തുമെന്ന തന്റെ അനുമാനം വിമര്‍ശനത്തിന് ഇടയാക്കി. എന്നാല്‍ തന്റെ കണക്കുകൂട്ടല്‍ ശരിവെയ്ക്കുന്ന സര്‍ക്കാര്‍ കണക്കുകളാണ് പുറത്തുവന്നത്. ഈ വര്‍ഷം നെഗറ്റീവ് 15 ശതമാനം വളര്‍ച്ചാനിരക്കായിരിക്കും ഇന്ത്യ രേഖപ്പെടുത്താന്‍ പോകുന്നതെന്നും അദ്ദേഹം പ്രവചിക്കുന്നു.

 നോട്ടുനിരോധനമാണ് ജനങ്ങളുടെ ക്രയശേഷിയില്‍ ഇടിവ് വരുത്തിയത്. നോട്ടുനിരോധനത്തെ തുടര്‍ന്ന്് രാജ്യത്ത് സൃഷ്ടിച്ച നികുതി ഭീകരത ആദായ നികുതി കൂടുതല്‍ സങ്കീര്‍ണമാക്കി. ജിഎസ്ടി കൂടി വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടേറിയതാക്കി. ക്രയശേഷി വര്‍ധിപ്പിക്കാന്‍ ജനങ്ങളുടെ കൈവശം പണം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. എന്നാല്‍ ഉത്തേജക പാക്കേജ് വിതരണക്കാരെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന അവസ്ഥയാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ വീണ്ടും വിജയിക്കും.2014,2019 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്