ദേശീയം

താമസിക്കാനെത്തിയത് ലോക്ക് ഡൗണ്‍ കാലത്ത്; ആഴ്ചയില്‍ രണ്ടു ദിവസം മാത്രം ജോലി, മുഴുവന്‍ സമയവും മുറിയില്‍; പുലര്‍ച്ചെ രണ്ടിന് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി/ന്യൂഡല്‍ഹി: അല്‍ ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ കൊച്ചിയില്‍ പിടിയിലായ മുര്‍ഷിദ് ഹസന്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് ജോലിക്കു പോവാറുണ്ടായിരുന്നതെന്ന് കൂടെ താമസിക്കുന്നവര്‍ പറയുന്നു. മിക്ക സമയവും മുറിയില്‍ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു ഇയാളുടെ രീതിയെന്നും വീട്ടുകാരെക്കുറിച്ചോ മറ്റു വിവരങ്ങളോ അറിയില്ലെന്നും കൂടെ താമസിക്കുന്നവര്‍ പറഞ്ഞു.

ലോക്ക് ഡൗണ്‍ കാലത്താണ് മുര്‍ഷിദ് ഹസന്‍ ഇപ്പോള്‍ താമസിക്കുന്ന മുറിയില്‍ എത്തിയത്. ഇയാളെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ കൂടെ താമസിക്കുന്നവര്‍ക്ക് അറിവൊന്നുമില്ല. ആഴ്ചയില്‍ രണ്ടു ദിവസം ജോലിക്കു പോവും. ശേഷിച്ച സമയമെല്ലാം മുറിയില്‍ തന്നെ കഴിച്ചുകൂട്ടുകയാണ് പതിവ്- അവര്‍ പറഞ്ഞു. 

പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അന്വേഷണ സംഘം എത്തി മുര്‍ഷിദ് ഹസനെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണുകളും മറ്റു രേഖകളും ഇയാളില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്. കൂടെത്താമസിക്കുന്നവരുടെ മൊബൈല്‍ ഫോണുകളും എന്‍ഐഎ പരിശോധനയ്ക്കായി വാങ്ങിയിട്ടുണ്ട്. 

മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മുഹമ്മദ് ഹുസൈന്‍ എന്നിവരെ പിടികൂടിയതായി എന്‍ഐഎ അറിയിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ പറഞ്ഞു. ഹസന്‍ പത്തു വര്‍ഷമായി കേരളത്തില്‍ ഉണ്ടെന്നാണ് പൊലീസിന്റെ പക്കലുള്ള വിവരം. പെരുമ്പാവൂരിലെ തുണിക്കടയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. 


ദേശീയ തലസ്ഥാന പ്രദേശത്തെ സുപ്രധാന സ്ഥാപനങ്ങളില്‍ ആക്രമണം നടത്താനാണ് കൊച്ചിയിലും ബംഗാളിലും പിടിയിലായ അല്‍ ഖ്വയ്ദ ഭീകരര്‍ നീക്കം നടത്തിയതെന്ന് എന്‍ഐഎ വക്താവ് ഡല്‍ഹിയില്‍ പറഞ്ഞു. നിരവധി പേരെ കൊലപ്പെടുത്തി വന്‍ ആക്രമണത്തിനാണ് ഇവര്‍ ആസൂത്രണം ചെയ്തത്. ആളുകളെ ഭീകരതയുടെ മുള്‍മുനയിലാക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്നും എന്‍ഐഎ വക്താവ് പറഞ്ഞു.

കൊച്ചിയിലും ബംഗാളിലും ഒരേസമയം നടത്തിയ റെയ്ഡിലാണ് ഒന്‍പതു പേരെ പിടികൂടിയത്. കൊച്ചിയില്‍ മൂന്നു പേരും ബംഗാളിലെ മൂര്‍ഷിദാബാദില്‍ ആറു പേരുമാണ് അറസ്റ്റിലായത്. സംസ്ഥാനാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഖ്വയ്ദ ഘടകത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.

''നിരപരാധികളായ ആളുകളെ കൊന്നൊടുക്കാനാണ് അവര്‍ പദ്ധതി ആസൂത്രണം ചെയ്തത്. തലസ്ഥാന പ്രദേശത്തെ തന്ത്രപ്രധാന സ്ഥാപനങ്ങള്‍ ആക്രമിക്കാനായിരുന്നു നീക്കം. അതുവഴി ജനങ്ങളെ ഭീതിയുടെ മുള്‍മുനയിലാക്കുക എന്നതായിരുന്നു ലക്ഷ്യം'' എന്‍ഐഎ വക്താവ് പറഞ്ഞു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 11നാണ് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും വക്താവ് അറിയിച്ചു.

ഡിജിറ്റല്‍ ഉപകരണങ്ങള്‍, രേഖകള്‍, ജിഹാദി സാഹിത്യം, മൂര്‍ച്ചയേറിയ ആയുധങ്ങള്‍, നാടന്‍ തോക്കുകള്‍, സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നതിനെക്കുറിച്ചുള്ള വിവരണങ്ങള്‍ എന്നിവ ഇവരില്‍നിന്നു പിടിച്ചെടുത്തതായി എന്‍ഐഎ അറിയിച്ചു. പ്രാഥമിക വിവരപ്രകാരം സോഷ്യല്‍ മീഡിയ വഴി പാക് അല്‍ ഖ്വയ്ദയിലേക്ക് എത്തിയവരാണ് ഇവരെന്ന് വക്താവ് അറിയിച്ചു.

ഭീകരപ്രവര്‍ത്തനം നടത്തുന്നതിന് ഇവര്‍ സജീവമായി ധനശേഖരണം നടത്തിയിരുന്നു. ആയുധങ്ങളും മറ്റും വാങ്ങുന്നതിന് ഡല്‍ഹിയിലേക്കു പോവാന്‍ ഒരുങ്ങുകയായിരുന്നു ഇവരില്‍ ചിലരെന്നും അന്വേഷണ ഏജന്‍സി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം