ദേശീയം

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; മറ്റുള്ളവര്‍ക്ക് അവസരം നല്‍കാന്‍ പാര്‍ട്ടി പറഞ്ഞെന്ന് കനയ്യ കുമാര്‍

സമകാലിക മലയാളം ഡെസ്ക്

പട്‌ന: വരുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സിപിഐ നേതാവ് കനയ്യകുമാര്‍. പാര്‍ട്ടി ചുമതലപ്പെടുത്തിയ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ കനയ്യ കുമാര്‍ വ്യക്തമാക്കി. ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിനൊപ്പം മത്സരിക്കാനുള്ള അവസാന വട്ട ചര്‍ച്ചകള്‍ ഇടതുകക്ഷികള്‍ നടത്തിവരവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

എത്ര സീറ്റുകളിലാണ് ഇടതുപക്ഷം മത്സരിക്കുകയെന്ന് പിന്നീട് വ്യക്തമാക്കുമെന്ന് കനയ്യ പറഞ്ഞു. സീറ്റ് പങ്കിടലിനെക്കുറിച്ച് സിപിഐ സംസ്ഥാന നേതാക്കള്‍ക്കൊപ്പം ആര്‍ജെഡി-കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിവരികയായിരുന്നു കനയ്യ. 

ദേശീയ പൗരത്വ നിയമങ്ങള്‍ക്ക് എതിരെ കനയ്യ കുമാര്‍ ബിഹാര്‍ മുഴുവന്‍ പ്രചാരണയാത്ര നടത്തിരുന്നു. ഇതിന് പിന്നാലെ, നിയമസഭ തെരഞ്ഞെടുപ്പിലേക്ക് അദ്ദേഹം മത്സരിക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബെഗുസരായി മണ്ഡലത്തില്‍ നിന്ന് കനയ്യ ജനവിധി തേടിയുരുന്നു.' ഇത്തവണ മറ്റുള്ളവര്‍ക്ക് അവസരം നല്‍കണം എന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്' എന്ന് അദ്ദേഹം വ്യക്തമാക്കി. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനയ്യ കുമാറിന് സീറ്റ് നല്‍കാന്‍ വിസമ്മതിച്ച തേജസ്വി യാദവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സിപിഐയും സിപിഎമ്മും മുന്നണിക്ക് പുറത്തുപോയിരുന്നു. എന്നാല്‍ ആര്‍ജെഡിയുമായി നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ബിജെപിക്ക് എതിരെ പ്രതിപക്ഷ നിരയുടെ ഏകീകരണമാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ പ്രത്യേകം മത്സരിച്ചത് ബിജെപി സഖ്യത്തെ സഹായിച്ചു എന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസും ആര്‍ജെഡിയും. ഇടതുപക്ഷത്തേയും മഹാസഖ്യത്തിനൊപ്പം കൂട്ടുമെന്ന് നേരത്തെ ആര്‍ജെഡി വ്യക്തമാക്കിയിരുന്നു. 

ബിഹാറിലെ പ്രധാന ഇടതു പാര്‍ട്ടിയായ സിപിഐ (എംഎല്‍) ലിബറേഷന്‍ 53 സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഐ 17 സീറ്റും സിപിഎം 16 സീറ്റും ആവശ്യപ്പെട്ടിട്ടുണ്ട്. സീറ്റ് പങ്കിടല്‍ വിഷയത്തില്‍ സഖ്യത്തില്‍ നിന്ന് പുറത്തുപോകുമെന്ന് പ്രഖ്യാപിച്ച സിപിഐ (എംഎല്‍) പിന്നീട് തിരികെയെത്തുകയായിരുന്നു. എല്ലാ ഇടതുപാര്‍ട്ടികള്‍ക്കും കൂടി 27 സീറ്റുകള്‍ നല്‍കാനാണ് ആര്‍ജെഡി ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു