ദേശീയം

ബാബറി മസ്ജിദ് സ്വയം തകര്‍ന്നുവീണതാണോ?; കോടതി വിധിക്ക് എതിരെ സീതാറാം യെച്ചൂരി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ട പ്രത്യേക കോടതി വിധിക്ക് എതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പള്ളി സ്വയം തകര്‍ന്നു വീണതാണോയെന്ന് അദ്ദേഹം ട്വറ്ററിലൂടെ ചോദിച്ചു. 

'നീതിയുടെ സമ്പൂര്‍ണ്ണ പതനം. ബാബറി മസ്ജിദ് തകര്‍ക്കാന്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയ എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടു. പിന്നെ  ഇത് സ്വയം പൊട്ടിത്തകരുകയായിരുന്നോ? ബാബറി മസ്ജിദ് പൊളിച്ചത് നിയമലംഘനമാണെന്ന് അന്നത്തെ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഈ വിധി!നാണക്കേട്' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ബാബറി മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടല്ലെന്നും ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും പ്രത്യേക കോടതി ജഡ്ജി എസ്‌കെ യാദവ് വിധിച്ചു. ആള്‍ക്കൂട്ടത്തെ തടയാനാണ് നേതാക്കള്‍ ശ്രമിച്ചതെന്നും കോടതി പറഞ്ഞു.

കേസില്‍ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ സിബിഐക്കു കഴിഞ്ഞിട്ടില്ലെന്ന് രണ്ടായിരം പേജുള്ള വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി. സിബിഐ ഹാജരാക്കിയ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കാനാവില്ലെന്ന് എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ട് കോടതി വ്യക്തമാക്കി.

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപ പ്രധാനമന്ത്രിയുമായ എല്‍ കെ അഡ്വാനി, മുന്‍ കേന്ദ്രമന്ത്രി മുരളി മനോഹര്‍ ജോഷി, മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതി, യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങ് എന്നിവര്‍ ഉള്‍പ്പെടെ 32 പേരാണ്, ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനകേസില്‍ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി