ദേശീയം

നാലാമത്തെ കുഞ്ഞും പെണ്ണ്, ആണ്‍കുട്ടി ജനിക്കാത്തതിന് ഭര്‍ത്താവിന്റെ പീഡനം; സഹിക്കാന്‍ വയ്യാതെ 27കാരി ജീവനൊടുക്കി 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും തുടര്‍ച്ചയായുള്ള പീഡനം സഹിക്കാന്‍ വയ്യാതെ 27കാരി ജീവനൊടുക്കി. നാലു പെണ്‍കുട്ടികളുടെ അമ്മയുടെ മൃതദേഹം കനാലില്‍ നിന്നാണ് കണ്ടെടുത്തത്. 

വഡോദരയില്‍ ബുധനാഴ്ചയാണ് സംഭവം. 27 വയസുകാരിയായ കപിലയാണ് മരിച്ചത്. യുവതിയുടെ അമ്മയുടെ പരാതിയില്‍ ഭര്‍ത്താവ് ബാബുവിനെയും ഭര്‍തൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കപിലയുടെ നാലു പെണ്‍മക്കളില്‍ ഒരെണ്ണം മൂന്ന് മാസം മാത്രം പ്രായമുള്ള കുട്ടിയാണ്. മൂത്ത കുട്ടിയ്ക്ക് എട്ടു വയസാണ് പ്രായം. 

നാലാമത്തെ തവണയും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയാല്‍ മൂന്ന് കുട്ടികളെയും കൊന്ന്  ആത്മഹത്യ ചെയ്യാന്‍ ഭര്‍ത്താവ് ഭീഷണി മുഴക്കിയിരുന്നതായി യുവതിയുടെ അമ്മയുടെ പരാതിയില്‍ പറയുന്നു. നാലാമത്തെ തവണ ഗര്‍ഭിണിയായ സമയത്ത് ബാബു സ്ഥിരമായി യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ബാബുവിന് ജോലി ഒന്നുമില്ല. 

ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ വയ്യാതെ വന്നതോടെ 27കാരിയെ അമ്മ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഗര്‍ഭകാലത്തിന്റെ അവസാന മാസത്തിലാണ് വിളിച്ചുകൊണ്ടുപോയത്. പിന്നീട് ഇരുകുടുംബങ്ങളും തമ്മിലുള്ള തര്‍ക്കം പറഞ്ഞുതീര്‍ക്കുകയായിരുന്നു. എന്നാല്‍ നാലാമത്തെ പ്രസവത്തിലും പെണ്‍കുഞ്ഞ് ജനിച്ചതോടെ , ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് 27കാരിയെ വീണ്ടും നിരന്തരം പീഡിപ്പിക്കാന്‍ തുടങ്ങിയതായി പരാതിയില്‍ പറയുന്നു. ഒരിക്കല്‍ വിഷം കഴിച്ച് ജീവിതം അവസാനിപ്പിക്കാന്‍ ഭര്‍തൃമാതാവ് ആവശ്യപ്പെട്ടതായി മകള്‍ തന്നോട് പറഞ്ഞതായി യുവതിയുടെ അമ്മ പറയുന്നു.

ബുധനാഴ്ച ബാബുവുമായി വീണ്ടും തര്‍ക്കമുണ്ടായി. പ്രകോപിതയായ യുവതി, വീട്ടില്‍ നിന്ന് പോകുന്നതിന് മുന്‍പ് കനാലില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി. ഈസമയത്ത് ആരും തന്നെ യുവതിയെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചില്ലെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ മൃതദേഹം നാട്ടുകാരാണ് കനാലില്‍ കണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്