ദേശീയം

ആറ് ലക്ഷം കോടിയുടെ ആസ്തികള്‍ വിറ്റഴിക്കും, നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അടുത്ത ‍നാല് വര്‍ഷം കൊണ്ട് ആറ് ലക്ഷം കോടി രൂപയുടെ ആസ്തികള്‍ വിറ്റഴിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. റോഡ്, റെയിൽവേ, വൈദ്യുതി, പ്രകൃതിവാതകം, ഖനനം, ടെലികോം, വ്യോമയാനം, സ്റ്റേഡിയം എന്നിങ്ങനെ 13 അടിസ്ഥാനസൗകര്യ മേഖലകളിലെ ആസ്തികളാണ് വിറ്റഴിക്കുന്നത്. ഇതുസംബന്ധിച്ച നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ (എൻഎംപി) പദ്ധതി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ അനാവരണം ചെയ്തു. 

ഇരുപതിലധികം ആസ്തികളിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവന്നാണ് ഇത്രയും തുക സമാഹരിക്കുകയെന്ന് മന്ത്രി വിശദീകരിച്ചു. 25 വിമാനത്താവളങ്ങളുടെ വിൽപ്പനയിലൂടെ 20,782 കോടി രൂപ സമാഹരിക്കും(18 ശതമാനം). കോഴിക്കോട് വിമാനത്താവളം അടക്കമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ഒരു ആസ്തിയും പൂര്‍ണമായി വിറ്റഴിക്കുകയല്ല, പകരം മെച്ചപ്പെട്ട രീതിയില്‍ അവയെ ഉപയോഗിക്കുന്നുവെന്ന് വേണം കണക്കാക്കാനെന്നും ധനമന്ത്രി പറഞ്ഞു. 

നിലവിലുള്ള ആസ്തികൾ (ബ്രൗൺഫീൽഡ്) നടത്തിപ്പിനാണ് കൈമാറുക. പദ്ധതിയിൽ ഉൾപ്പെടുന്നവയുടെ ഉടമസ്ഥാവകാശം കേന്ദ്ര സര്‍ക്കാരിന് മാത്രമായിരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇക്കൊല്ലം 80,000 കോടി രൂപയാണ് ലക്ഷ്യം. 2025 വരെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഒന്നര ലക്ഷം കോടി വീതം സമാഹരിക്കും. സാമ്പത്തിക വളർച്ചയോടൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ജനക്ഷേമത്തിനായി ഗ്രാമ-അർധ നഗര സംയോജനത്തിനും ആസ്തിവിൽപ്പനയിലൂടെ സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാരിന്റെ നിക്ഷേപത്തേയും പൊതുസ്വത്തിനെയും ഉപയോഗിക്കുകയാണ് മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ വഴി ചെയ്യുന്നതെന്ന് നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് അമിതാഭ കാന്ത് വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം