ദേശീയം

പ്രതിരോധമന്ത്രി ബിപിന്‍ റാവത്തിന്റെ വീട്ടിലെത്തി; മകളുമായി സംസാരിച്ചു, പാര്‍ലമെന്റില്‍ പ്രസ്താവന നാളെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ വസതിയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എത്തി. റാവത്തിന്റെ കളുമായി രാജ്‌നാഥ് സിങ് സംസാരിച്ചു. അപകടത്തെപ്പറ്റി രാജ്‌നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരിച്ചു. സംഭവത്തില്‍ കേന്ദ്രം നാളെ പാര്‍ലമെന്റില്‍ പ്രസ്താവനയിറക്കും. തമിഴ്‌നാട്ടിലെ കൂനൂരില്‍ വെച്ചാണ് ബിപിന്‍ റാവത്തും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്.
തകര്‍ന്നുവീണ വിമാനത്തില്‍ ബിപിന്‍ റാവത്തും ഭാര്യയും മറ്റു സൈനിക ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായി വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്. പതിനൊന്നുപേര്‍ മരിച്ചെന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. രാജ്‌നാഥ് സിങ് അപകട സ്ഥലത്തെത്തും. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 

അപകട കാരണം കനത്ത മൂടല്‍മഞ്ഞ്;തകര്‍ന്നുവീണത് ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ്

ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതിന് കാരണം പ്രതികൂല കാലാവസ്ഥയെന്നാണ് സംശയം. കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നു. ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ അകലെ വെച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യോമസേനയുടെ എംഐ 17വി5 ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടത്.

കൂനൂരിനടുത്ത കാട്ടേരിയിലെ എസ്‌റ്റേറ്റിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മാധുലിക റാവത്ത് എന്നിവരടങ്ങിയ സംഘം സൂലൂര്‍ വ്യോമത്താവളത്തില്‍ നിന്ന് ഊട്ടിയിലെ വെല്ലിങ്ടണിലേക്ക് പോകുകയായിരുന്നു. വെല്ലിങ്ടണിലെ സൈനികത്താവളത്തില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാനായിരുന്നു യാത്ര.

തകര്‍ന്നയുടന്‍ ഹെലികോപ്റ്റര്‍ കത്തിയമര്‍ന്നു. ഏകദേശം ഒന്നരമണിക്കൂറോളം സമയമെടുത്താണ് തീ അണയ്ക്കാന്‍ കഴിഞ്ഞതെന്നും പ്രദേശവാസികള്‍ പറയുന്നു. എസ്‌റ്റേറ്റിലെ തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഓടിയെത്തിയത്. പ്രദേശത്ത് ഒരു മണിക്കൂറോളം കനത്ത തീഗോളങ്ങള്‍ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഹെലികോപ്റ്റര്‍ ഒരു മരത്തിലിടിച്ച് നില്‍ക്കുന്നതും തീ ഉയരുന്നതുമാണ് കണ്ടതെന്നും ഹെലികോപ്റ്ററില്‍നിന്ന് ഒന്നിലധികം മൃതദേഹങ്ങള്‍ താഴേക്ക് വീഴുന്നത് കണ്ടുവെന്ന് സമീപവാസി പറഞ്ഞു. ഒന്നരമണിക്കൂറോളം പ്രയത്‌നിച്ചാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്. മൃതദേഹങ്ങളെല്ലാം തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജനറല്‍ ബിപിന്‍ റാവത്തിന്റെ നില അതീവ ഗുരുതരമാണെന്നാണ് സൂചന. വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. കോയമ്പത്തൂരില്‍ നിന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം കൂനൂരിലേക്ക് പോയി. ജനറല്‍ റാവത്തിന് എല്ലാ വിദഗ്ധ ചികിത്സയും ഏര്‍പ്പാടാക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കി. അപകടസ്ഥലത്തുവെച്ചു തന്നെ ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ചുപേര്‍ മരിച്ചതായി തമിഴ്‌നാട് വനംമന്ത്രി കെ രാമചന്ദ്രന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം