ദേശീയം

ബിപിന്‍ റാവത്തിന് വിട; വെല്ലിംഗ്ടണില്‍ പൊതുദര്‍ശനം; പാര്‍ലമെന്റില്‍ പ്രതിരോധമന്ത്രി പ്രസ്താവന നടത്തും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ള സൈനിക ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രാവിലെ 11 ന് ലോക്‌സഭയിലും തുടര്‍ന്ന് രാജ്യസഭയിലും പ്രസ്താവന നടത്തുമെന്ന് അറിയിച്ചു. അപകടത്തെക്കുറിച്ചും അപകടകാരണം അടക്കമുള്ളവയെക്കുറിച്ചും പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍ വിശദീകരിക്കുമെന്നാണ് സൂചന. 

ഇന്ന് പാര്‍ലമെന്റില്‍ പ്രതിഷേധങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ 75-ാം പിറന്നാള്‍ ആണ് ഇന്ന്. എന്നാല്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് പിറന്നാള്‍ ആഘോഷങ്ങളൊന്നും ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ബിപിന്‍ രാവത്തിന്റെ വേര്‍പാടില്‍ അനുശോചിച്ച് വ്യക്തിപരമായും പാര്‍ട്ടിയുടേയും ഇന്നത്തെ പരിപാടികളെല്ലാം റദ്ദു ചെയ്തതായി സോണിയാഗാന്ധി അറിയിച്ചു.

അതിനിടെ ജനറല്‍ ബിപിന്‍ റാവത്തിന്റെ മൃതദേഹം ഊട്ടി വെല്ലിംഗ്ടണ്‍ മദ്രാസ് റെജിമെന്റ് സെന്ററില്‍ പൊതുദര്‍ശനത്തിന് വെച്ചു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി, മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, സംസ്ഥാനമന്ത്രിമാര്‍, സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തി. ഉച്ചയോടെ സുലൂര്‍ സൈനികതാവളത്തിലേക്ക് കൊണ്ടുപോകുന്ന ബിപിന്‍ റാവത്തിന്റേയും ഭാര്യയുടേയും മൃതദേഹം വൈകീട്ട് നാലുമണിയോടെ ഡല്‍ഹിയിലെത്തിക്കും. 

സംസ്‌കാരം നാളെ ഡല്‍ഹിയില്‍

ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റേയും സംസ്‌കാരം നാളെ ഡല്‍ഹിയില്‍ നടക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകുന്നേരത്തോടെ വ്യോമസേനയുടെ വിമാനത്തിലാണ് മൃതദേഹം ഡൽഹിയിലെത്തിക്കുക. വെള്ളിയാഴ്ച ഔദ്യോഗിക വസതിയിൽ രാവിലെ 11 മണി മുതൽ 2 മണി വരെ പൊതുദർശനത്തിന് വെക്കും. കാമരാജ് മാർഗിൽ നിന്നും വിലാപയാത്രയായി മൃതദേഹം ഡൽഹി കൻറോൺമെൻറിലെത്തിക്കും. ബ്രോർ സ്ക്വയറിൽ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്കാര ചടങ്ങുകൾ. 

ഖത്തര്‍ സന്ദര്‍ശനത്തിന് പുറപ്പെട്ട കരസേന ഉപമേധാവി ലഫ്റ്റനന്റ് ജനറല്‍ സിപി മൊഹന്തി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഡല്‍ഹിയിലേക്ക് തിരിച്ചു. അതിനിടെ, അപകടത്തില്‍പ്പെട്ട വ്യോമസേന ഹെലിക്കോപ്റ്ററിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. അപകടസമയത്ത് എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ സഹായിക്കും.

പരിശോധന തുടരുന്നു

അപകടസ്ഥലത്ത് വ്യോമസേന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ പരിശോധന തുടരുകയാണ്.  വിങ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന. 25 പേരാണ് പരിശോധനാ സംഘത്തിലുള്ളത്. വ്യോമസേനാ മേധാവി വിവേക് റാം ചൗധരിയും സ്ഥലത്തെത്തി പരിശോധന നടത്തി. ഫ്‌ലൈറ്റ് റെക്കോര്‍ഡര്‍ പരിശോധനയിലൂടെ സുരക്ഷാസംവിധാനത്തില്‍ ഏതെങ്കിലും വിധത്തിലുള്ള പാളിച്ച ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധനയില്‍ വ്യക്തമാകും. 

ഏത് കാലാവസ്ഥയിലും പറക്കാന്‍ ശേഷിയുള്ള മി-17v5v

മികവിൽ സംശയമില്ലാത്ത ഹെലികോപ്ടർ തകർന്നതിന്റെ ഞെട്ടലിലാണ് സേന. ബ്ലാക്ക് ബോക്സിന് വേണ്ടി ഇന്നലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു. ഏത് പ്രതികൂല സാഹചര്യങ്ങളിലും പറക്കാൻ ശേഷിയുള്ളതാണ് മി-17v5vന്. ഉഷ്ണമേഖലാ, സമുദ്ര കാലാവസ്ഥ എന്നിവയ്ക്ക് പുറമെ മരുഭൂമിയിൽ പോലും പറക്കാൻ ഇതിന് ശേഷിയുണ്ട്. സ്റ്റാർബോർഡ് സ്ലൈഡിംഗ് ഡോർ, പാരച്യൂട്ട് ഉപകരണങ്ങൾ, സെർച്ച്ലൈറ്റ്, എമർജൻസി ഫ്ലോട്ടേഷൻ സിസ്റ്റം തുടങ്ങി നിരവധി സംവിധാനങ്ങളാണ് ഈ ഹെലികോപ്റ്ററിന്റെ മറ്റൊരു പ്രത്യേകത.

റാവത്തിന്റെ മരണം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി

അപകടത്തിൽപ്പെട്ട ഹെലികോപ്ടറിൽ നിന്ന് പുറത്തെടുക്കുമ്പോൾ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നതായി റിപ്പോർട്ട്. ബിപിൻ റാവത്ത് തൻറെ പേര് പറഞ്ഞതായും ഹിന്ദിയിൽ ചില കാര്യങ്ങൾ പറയുന്നുണ്ടായിരുന്നെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ എൻ സി മുരളി മാധ്യമത്തിനോട് വെളിപ്പെടുത്തി. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് ബിപിൻ റാവത്ത് മരിച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു. 

രണ്ടു പേരെയാണ് ജീവനോടെ പുറത്തെടുത്തത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തായിരുന്നു ഒരാൾ. ഞങ്ങൾ അദ്ദേഹത്തെ എടുത്തുകൊണ്ടുപോകുമ്പോൾ വളരെ പതിഞ്ഞ ശബ്ദത്തിൽ പ്രതിരോധ സേനാംഗങ്ങളോട് ഹിന്ദിയിൽ സംസാരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരും പറയുന്നുണ്ടായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അദ്ദേഹം മരിച്ചു- രക്ഷാപ്രവർത്തനത്തിലുണ്ടായിരുന്നു മുരളി വ്യക്തമാക്കി. ഗുരുതരമായി പൊള്ളലേറ്റിരുന്ന റാവത്തിനെ ബഡ് ഷീറ്റിൽ പൊതിഞ്ഞാണ് ആംബുലൻസിൽ കയറ്റിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം: മരണം 14 ആയി; 60 ലേറെ പരിക്ക്

ഗാസയില്‍ യുഎന്‍ ഉദ്യോഗസ്ഥനായ ഇന്ത്യാക്കാരന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

സി​ഗരറ്റും വലിച്ച് അച്ഛൻ പിന്നിൽ, സ്കൂട്ടർ ഓടിച്ചത് 13കാരൻ; ഒന്നും അറിയാത്ത വാഹന ഉടമയ്ക്കും കിട്ടി എട്ടിന്റെ പണി!

ശബരിമല നട ഇന്ന് തുറക്കും; പ്രതിഷ്ഠാ ദിനം 19ന്

നടന്‍ എം സി ചാക്കോ അന്തരിച്ചു