ദേശീയം

പാര്‍ലമെന്റില്‍ ഇന്ന് പ്രതിപക്ഷ പ്രതിഷേധമില്ല; സോണിയയുടെ പിറന്നാള്‍ ആഘോഷവും റദ്ദാക്കി; പാര്‍ട്ടി പരിപാടികളും ഇന്നുണ്ടാകില്ലെന്ന് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ നിര്യാണത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ ഇന്ന് പ്രതിപക്ഷ പ്രതിഷേധം ഉണ്ടായിരിക്കില്ല. രാജ്യസഭ എംപിമാരുടെ സസ്‌പെന്‍ഷനെച്ചൊല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധം തുടരുകയാണ്. എന്നാല്‍ ഇന്ന് യാതൊരുവിധ പ്രതിഷേധവും സഭയില്‍ ഉണ്ടാകില്ലെന്നാണ് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കിയത്. 

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ള സൈനിക ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നടത്തുന്ന പ്രസ്താവനയില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ അറിയിച്ചു. ബിപിന്‍ റാവത്തിനോടും മരിച്ച സൈനികരോടും ആദരസൂചകമായി ഇന്ന് പ്രതിഷേധങ്ങളൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സോണിയയുടെ പിറന്നാൾ ആഘോഷം റദ്ദാക്കി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ 75-ാം പിറന്നാള്‍ ആണ് ഇന്ന്. എന്നാല്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് പിറന്നാള്‍ ആഘോഷങ്ങളൊന്നും ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ബിപിന്‍ രാവത്തിന്റെ വേര്‍പാടില്‍ അനുശോചിച്ച് വ്യക്തിപരമായും പാര്‍ട്ടിയുടേയും ഇന്നത്തെ പരിപാടികളെല്ലാം റദ്ദു ചെയ്തതായി സോണിയാഗാന്ധി അറിയിച്ചു. 

വെല്ലിം​ഗ്ടണിൽ പൊതുദർശനം

അതിനിടെ ജനറല്‍ ബിപിന്‍ റാവത്തിന്റെ മൃതദേഹം ഊട്ടി വെല്ലിംഗ്ടണ്‍ മദ്രാസ് റെജിമെന്റ് സെന്ററില്‍ പൊതുദര്‍ശനത്തിന് വെച്ചു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി, മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, സംസ്ഥാനമന്ത്രിമാര്‍, സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തി. ഉച്ചയോടെ സുലൂര്‍ സൈനികതാവളത്തിലേക്ക് കൊണ്ടുപോകുന്ന ബിപിന്‍ റാവത്തിന്റേയും ഭാര്യയുടേയും മൃതദേഹം വൈകീട്ട് നാലുമണിയോടെ ഡല്‍ഹിയിലെത്തിക്കും. 

സംസ്‌കാരം നാളെ ഡല്‍ഹിയില്‍

ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റേയും സംസ്‌കാരം നാളെ ഡല്‍ഹിയില്‍ നടക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകുന്നേരത്തോടെ വ്യോമസേനയുടെ വിമാനത്തിലാണ് മൃതദേഹം ഡൽഹിയിലെത്തിക്കുക. വെള്ളിയാഴ്ച ഔദ്യോഗിക വസതിയിൽ രാവിലെ 11 മണി മുതൽ 2 മണി വരെ പൊതുദർശനത്തിന് വെക്കും. കാമരാജ് മാർഗിൽ നിന്നും വിലാപയാത്രയായി മൃതദേഹം ഡൽഹി കൻറോൺമെൻറിലെത്തിക്കും. ബ്രോർ സ്ക്വയറിൽ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്കാര ചടങ്ങുകൾ. 

ഖത്തര്‍ സന്ദര്‍ശനത്തിന് പുറപ്പെട്ട കരസേന ഉപമേധാവി ലഫ്റ്റനന്റ് ജനറല്‍ സിപി മൊഹന്തി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഡല്‍ഹിയിലേക്ക് തിരിച്ചു. അതിനിടെ, അപകടത്തില്‍പ്പെട്ട വ്യോമസേന ഹെലിക്കോപ്റ്ററിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. അപകടസമയത്ത് എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ സഹായിക്കും.

അപകടസ്ഥലത്ത് വ്യോമസേന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ പരിശോധന തുടരുകയാണ്.  വിങ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന. 25 പേരാണ് പരിശോധനാ സംഘത്തിലുള്ളത്. വ്യോമസേനാ മേധാവി വിവേക് റാം ചൗധരിയും സ്ഥലത്തെത്തി പരിശോധന നടത്തി. ഫ്‌ലൈറ്റ് റെക്കോര്‍ഡര്‍ പരിശോധനയിലൂടെ സുരക്ഷാസംവിധാനത്തില്‍ ഏതെങ്കിലും വിധത്തിലുള്ള പാളിച്ച ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധനയില്‍ വ്യക്തമാകും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം; കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ