ദേശീയം

'ലാസ്റ്റ് സല്യൂട്ട്'; ബ്രിഗേഡിയര്‍ ലിഡ്ഡര്‍ക്ക് യാത്രാമൊഴിയേകി രാജ്യം; ബിപിന്‍ റാവത്തിന്റേയും മധുലികയുടേയും പൊതുദര്‍ശനം തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനൊപ്പം ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയര്‍ ലഖ്ബിന്ദര്‍ സിങ് ലിഡ്ഡര്‍ക്ക് യാത്രാമൊഴിയേകി രാജ്യം. ലിഡ്ഡറുടെ സംസ്കാര ചടങ്ങുകള്‍ ഡല്‍ഹിയില്‍ തുടങ്ങി. ബ്രിഗേഡിയര്‍ ലിഡ്ഡര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഡല്‍ഹി ബ്രാര്‍ സ്‌ക്വയറില്‍ നിരവധിപ്പേരാണ് എത്തിയത്. 

മകൾ ആഷ്ന അന്ത്യചുംബനം നൽകുന്നു/ ട്വിറ്റർ ചിത്രം
മകൾ ആഷ്ന അന്ത്യചുംബനം നൽകുന്നു/ ട്വിറ്റർ ചിത്രം

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കരസേന മേധാവി ജനറല്‍ എം എം നാരാവ്‌നെ, നാവികസേന മേധാവി ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍, വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ലിഡ്ഡറുടെ ഭാര്യയും മകളും അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു. 

ലിഡ്ഡര്‍ക്ക് യാത്രാമൊഴി
 

ഹരിയാനയിലെ പഞ്ച്കുള സ്വദേശിയാണ് ബ്രിഗേഡിയര്‍ ലഖ്ബിന്ദര്‍ സിങ് ലിഡ്ഡെര്‍.അന്തരിച്ച സംയുക്തസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം ഒരുവര്‍ഷമായി സൈനിക പരിഷ്‌കരണങ്ങളില്‍  പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1990-ലാണ് ലിഡ്ഡർ ജമ്മുകശ്മീര്‍ റൈഫിള്‍സില്‍ പ്രവേശിച്ചത്. കസാഖിസ്ഥാനിലെ ഇന്ത്യയുടെ സൈനിക നടപടിയില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ലിഡ്ഡർക്ക് സേനാമെഡല്‍, വിശിഷ്ട സേവാ മെഡല്‍ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അന്ത്യാഞ്ജലി അർപ്പിക്കുന്നു/ പിടിഐ

ഔദ്യോഗിക വസതിയിൽ പൊതുദർശനം 

അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റേയും ഭാര്യ മധുലിക റാവത്തിന്റെ സംസ്‌കാര ചടങ്ങുകളും ഇന്ന് നടക്കും. ബിപിൻ റാവത്തിന്റെയും ഭാര്യയുടേയും മൃതദേഹങ്ങൾ ഡൽഹിയിലെ ഔദ്യോ​ഗിക വസതിയിലെത്തിച്ചു. ഇവിടെ അന്തിമോപചാരം അർപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തി. ജനറൽ ബിപിൻ റാവത്തിന്റെ മക്കളായ കൃതിക, തരിണി എന്നിവരെ അമിത് ഷാ ആശ്വസിപ്പിച്ചു.  ഉത്തരാഖണ്ഡിൽ നിന്നും റാവത്തിന്റെ ബന്ധുക്കളും വസതിയിലെത്തിയിട്ടുണ്ട്. 

അമിത് ഷാ ആദരാഞ്ജലി അർപ്പിക്കുന്നു/ എഎൻഐ ചിത്രം

ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ റാവത്തിന്റെയും മധുലികയുടെയും മൃതദേഹങ്ങൾ രാവിലെ 11 മുതൽ പൊതുദർശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് 12 വരെ പൊതുജനങ്ങൾക്കും 1.30 വരെ സേനാംഗങ്ങൾക്കുമായിരിക്കും പൊതുദർശനം. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ബിപിൻ റാവത്തിന്റെ വസതിയിലെത്തി അന്തിമോപചാരം അർപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർ, ​ഗവർണർമാർ, കേന്ദ്രമന്ത്രിമാർ, സേനാ തലവന്മാർ, ഉന്നത സൈനിക ഉദ്യോ​ഗസ്ഥർ എന്നിവരും ബിപിൻ റാവത്തിന്റെ ഔദ്യോ​ഗിക വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിക്കും.   

അന്ത്യാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് പാലം വിമാനത്താവളത്തിൽ ജനറൽ ബിപിൻ റാവത്തിൻ്റെയും സഹപ്രവർത്തകരുടെയും മൃതദേഹം എത്തിച്ചത്. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മക്കളായ കൃതിക, തരിണി, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡറുടെ ഭാര്യ ഗീതിക, മകൾ ആഷ്ന എന്നിവരുൾപ്പെടെയുള്ളവർ വിമാനത്താവളത്തിൽ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി വിമാനത്താവളത്തിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.

13 മൃതദേഹ പേടകങ്ങളിൽ 4 എണ്ണത്തിൽ മാത്രമായിരുന്നു പേരുകൾ ഉണ്ടായത്,  ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർ, ലാൻസ് നായിക് വിവേക് കുമാർ. ഇവരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധന കൂടാതെ തിരിച്ചറിഞ്ഞിരുന്നു. മലയാളിയായ എ.പ്രദീപിന്റെയടക്കമുള്ള 9 മൃതദേഹ പേടകങ്ങൾ പേരുകളുണ്ടായില്ല. മറ്റു സൈനികരുടെ മൃതദേഹങ്ങളെല്ലാം അവരവരുടെ നാട്ടിലെത്തിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം