ദേശീയം

അജയ് മിശ്ര ക്രിമിനല്‍; കേന്ദ്രമന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് രാഹുല്‍ഗാന്ധി ; പാര്‍ലമെന്റില്‍ ബഹളം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രക്കെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. അജയ് മിശ്ര ക്രിമിനല്‍ ആണെന്നും, രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ലഖിംപൂര്‍ സംഭവത്തില്‍ മന്ത്രിയുടെ പങ്കിനെപ്പറ്റിയും അന്വേഷിക്കണമെന്നും, അദ്ദേഹത്തെ ശിക്ഷിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ലഖിംപൂര്‍ സംഭവത്തില്‍ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാണ്. ആരുടെ മകനാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. മകന്‍ കേസിലുള്‍പ്പെട്ട സാഹചര്യത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെക്കണം. വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണം. എന്നാല്‍ പ്രധാനമന്ത്രി ഇത് നിരസിക്കുകയാണ്. ഭരണപക്ഷം ഒഴിവുകഴിവുകള്‍ പറഞ്ഞ് ചർച്ചയിൽ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 

പ്രധാനമന്ത്രിയാണ് അജയ് മിശ്രയെ സംരക്ഷിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇതിനിടെ രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തിനെതിരെ ബിജെപി അംഗങ്ങള്‍ ബഹളം വെച്ചു. ഭരണ-പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ലോക്‌സഭ ഉച്ചയ്ക്ക് രണ്ടു മണി വരെ നിര്‍ത്തിവെച്ചു. രാജ്യസഭയിലും പ്രതിപക്ഷം ലഖിംപൂര്‍ വിഷയം ഉന്നയിച്ചു. ബഹളം രൂക്ഷമായതോടെ രാജ്യസഭയും രണ്ടു മണി വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്നലെയും കോണ്‍ഗ്രസ് ലഖിംപൂര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് ബിജെപിക്കെതിരെ രൂക്ഷമായ കടന്നാക്രമണം നടത്തിയിരുന്നു. 

യുപി വിധാൻ സഭയ്ക്ക് മുന്നിലും പ്രതിഷേധം

അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് നിയമസഭയ്ക്ക് മുന്നിലും കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി. മകന്‍ ആശിഷ് മിശ്ര കേസില്‍ പ്രതിയായ സാഹചര്യത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉത്തര്‍പ്രദേശ് വിധാന്‍ സഭയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തിയത്. കേന്ദ്രമന്ത്രി രാജിവെക്കണമെന്ന ആവശ്യം നിയമസഭയിലും പാര്‍ട്ടി ഉന്നയിക്കുമെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷനും എംഎല്‍എയുമായ അജയ് കുമാര്‍ ലല്ലു പറഞ്ഞു. 

ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍  കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്മിശ്രയുടെ മകന്‍ ആശിഷ്മിശ്ര അടക്കം 13 പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ കുറ്റം ചുമത്താന്‍ കോടതി ഇന്നലെ അനുമതി നല്‍കി. വധശ്രമം, ഗുരുതര പരിക്കേല്‍പ്പിക്കല്‍, കുറ്റകൃത്യത്തിനായി സംഘടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്താനാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ചിന്താറാം അനുമതി നല്‍കിയത്. 

കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റം നേരത്തെ ചുമത്തിയിട്ടുണ്ട്. കുറ്റകൃത്യത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് തെളിഞ്ഞതോടെയാണ്  വധശ്രമം ഉള്‍പ്പെടെ ചുമത്താന്‍ എസ്‌ഐടി അനുമതി തേടിയത്.

മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്ത് കേന്ദ്രമന്ത്രി

മകനെ ജയിലില്‍ സന്ദര്‍ശിച്ചതിന് ശേഷം ലംഖിപൂരില്‍ ഓക്‌സിജന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയുടെ പ്രതികരണം തേടിയത്. പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകന്റെ ഉടുപ്പില്‍ കുത്തിപ്പിടിച്ച് ആഭ്യന്തരസഹമന്ത്രി അജയ്മിശ്ര, ഇമ്മാതിരി ചോദ്യങ്ങള്‍ ചോദിക്കാന്‍ ഭ്രാന്തുണ്ടോയെന്ന് ചോദിച്ച് തട്ടിക്കയറി. 

മൈക്കില്‍ കടന്നുപിടിക്കുകയും ഓഫാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 'ഇതുപോലെയുള്ള വിഡ്ഢിചോദ്യങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ക്കെല്ലാം ഭ്രാന്താണോ ? എല്ലാവരും കള്ളന്മാരാണ്'- മന്ത്രി ആക്രോശിച്ചു. ലഖിംപുര്‍ ഖേരിയില്‍ നാല് കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടൈത്തിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്