ദേശീയം

21 വയസുവരെ സ്ത്രീയും പുരുഷനും 'ചൈൽഡ്', ഏഴു വിവാഹ നിയമങ്ങൾ മാറും; പുതിയ ബില്ലിലെ നിർദേശങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കി മാറ്റി പുതിയ നിയമം പ്രാബല്യത്തിൽ  വരുന്നതിലൂടെ രാജ്യത്ത് നിലനിൽക്കുന്ന ഏഴു വിവാഹ നിയമങ്ങളിൽ മാറ്റം വരും. ബാല വിവാഹ നിരോധന നിയമത്തിൽ ഉൾപ്പടെയാണ് മാറ്റം വരുന്നത്. എന്നാൽ 18 വയസ്സു തികഞ്ഞാൽ വ്യക്തി മേജർ, അതുവരെ മൈനർ എന്ന് ഇന്ത്യൻ മജോരിറ്റി നിയമത്തിലുൾപ്പെടെയുള്ള വ്യവസ്ഥയ്ക്ക് മാറ്റമില്ല. 

മാറുന്ന നിയമങ്ങൾ ഇവ

ബാല വിവാഹ നിരോധന നിയമത്തിൽ ‘ചൈൽഡ്’ എന്നതിനുള്ള നിർവചനമാണ് മാറ്റുന്നത്. 21 വയസ്സു തികയാത്ത പുരുഷനേയും 18 തികയാത്ത സ്ത്രീയേയും ‘ചൈൽഡ്’ ആയാണ് കണക്കാക്കുന്നത്. സ്ത്രീകളുടേയും വിവാഹപ്രായം ഉയർത്തിയതോടെ പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും 21 വയസ്സുവരെ ‘ചൈൽഡ്’ എന്ന് നിർവചനം മാറും. 

ഇതുകൂടാതെ ഇന്ത്യൻ ക്രിസ്ത്യൻ വിവാഹ നിയമം, പാർസി വിവാഹ–വിവാഹമോചന നിയമം, ഹിന്ദു വിവാഹ നിയമം, പ്രത്യേക വിവാഹ നിയമം, വിദേശിയെ വിവാഹം ചെയ്യുന്നതിനുള്ള നിയമം, ഇ‌സ്‌ലാമിക നിയമം എന്നിവയിൽ മാറ്റം വരും. ഇസ്ലാമിക നിയമം ഒഴിച്ചുള്ള മറ്റ് നിയമങ്ങളിൽ 18 വയസ്സാണ് സ്ത്രീക്ക് വിവാഹത്തിന് അനുവദനീയമായ കുറഞ്ഞ പ്രായം. എന്നാൽ മുസ്‌ലിം വ്യക്തിനിയമപ്രകാരം, പ്രായപൂർത്തിയും പക്വതയുമായാൽ പുരുഷനും, പ്രായപൂർത്തിയായാൽ സ്ത്രീക്കും വിവാഹമാവാം എന്നാണ്. സ്ത്രീക്ക് 15 വയസ്സ് എന്നതാണ് ഇ‌സ്‌ലാമിക നിയമത്തിന്റെ ആധികാരിക വ്യാഖ്യാന ഗ്രന്ഥമായ ‘പ്രിൻസിപ്പിൾസ് ഓഫ് മുഹമ്മദൻ ലോ’യിൽ ദിൻഷ ഫർദുൻജി മുല്ല വ്യക്തമാക്കിയിട്ടുള്ളത്. പുതിയ നിയമഭേദഗതി നടപ്പായാൽ, വിവാഹത്തിന് സ്ത്രീക്കും പുരുഷനും 21 വയസ്സ് എന്നതാവും രാജ്യത്ത് എല്ലാവർക്കും ബാധകമാകുന്ന കുറഞ്ഞ പ്രായപരിധി. 

​ഗാർഡിയൻ ഷിപ്പ് നിയമവും ദത്തെടുക്കൽ നിയമവും മാറും

ഇതു കൂടാതെ മറ്റു രണ്ടു നിയമങ്ങളിൽ കൂടി മാറ്റം വരുന്നുണ്ട്. ഹിന്ദു മൈനോറിറ്റി ആൻഡ് ഗാർഡിയൻഷിപ് നിയമത്തിലും (1956) ഹിന്ദു ദത്തെടുക്കൽ–പരിപാലന നിയമത്തിലും ഭേദഗതി വരുത്തുന്നതാണ് പുതിയ ബിൽ ഭേദ​ഗതി വരുത്തും. ഗാർഡിയൻഷിപ് നിയമത്തിൽ മൈനർ പെൺകുട്ടി വിവാഹിതയായാൽ രക്ഷാകർതൃത്വ അവകാശം ഭർത്താവിന് എന്ന വ്യവസ്ഥ ഒഴിവാക്കും. പെൺകുട്ടികളുടെ രക്ഷാകർതൃത്വത്തെക്കുറിച്ച് പറയുന്ന വ്യവസ്ഥയിൽ അവിവാഹിത എന്ന വാക്ക് ഒഴിവാക്കും. 

ഹിന്ദു ദത്തെടുക്കൽ – പരിപാലന നിയമത്തിൽ പറഞ്ഞിട്ടുള്ളത് മൈനർ അല്ലാത്തവർക്ക് ദത്തെടുക്കാമെന്നാണ്. ഈ നിയമത്തിലെ നിർവചനമനുസരിച്ച്, 18 വയസ്സ് തികയുംവരെയാണ് മൈനർ. ഈ നിർവചനത്തിൽ മാറ്റം വരുത്തുന്നില്ല. എന്നാൽ, 21 വയസ്സിൽ കുറയാതെ പ്രായമുള്ള പുരുഷനും സ്ത്രീക്കും ദത്തെടുക്കാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തുകയാണ്. 

പരാതി നൽകാനുള്ള പ്രായം 23 ആക്കും

പ്രായപൂർത്തിയാകാതെ വിവാഹബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തിക്ക് അതിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ അത് 20 വയസ്സിനകം നൽകാമെന്നാണ് ബാല വിവാഹ നിരോധന നിയമത്തിൽ ഇപ്പോഴുള്ള വ്യവസ്ഥ. ഇത് 23 വയസ്സാക്കി വർധിപ്പിക്കാനുള്ള നിർദേശവും ബില്ലിലുണ്ട്. ഇന്നലെയാണ് സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21 ആക്കി ഉയർത്താനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് പാർലമെന്റ് സ്ഥിരം സമിതിയുടെ പരിശോധനയ്ക്ക് വിട്ടത്. പാർലമെന്ററി സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ബിൽ ലോകസഭ പരി​ഗണിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ