ദേശീയം

ഉത്തരാഖണ്ഡ് ഹിമപാതം: 150 പേരെ കാണാനില്ല, ദൗലി ഗംഗയുടെ തീരത്തുള്ളവരെ ഒഴിപ്പിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍:  ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ അപകടത്തില്‍ 150 പേരെ കാണാതായതായി റിപ്പോര്‍ട്ട്. തപോവന്‍ മേഖലയില്‍ ഉണ്ടായ ഹിമപാതത്തില്‍ ഋഷിഗംഗ വൈദ്യുതോല്‍പ്പാദന പദ്ധതിയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളെയാണ് കാണാതായതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്ന് ഋഷിഗംഗ വൈദ്യുതോല്‍പ്പാദന പദ്ധതിക്ക് സാരമായി കേടുപാടുകള്‍ സംഭവിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ ഉത്തരാഖണ്ഡ് സര്‍ക്കാരുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. ഐടിബിപിയും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. യുദ്ധകാലടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. ജനങ്ങളെ രക്ഷിക്കുന്നതിന് വേണ്ടി എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ഉത്തരാഖണ്ഡിനൊപ്പമാണ് രാജ്യമെന്നും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. നദിയിലെ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിച്ച് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഐടിബിപി അറിയിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. ഹിമപാതത്തെ തുടര്‍ന്ന് ദൗലി ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജോഷിമഠില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് ഉണ്ടായത്. നിരവധിപ്പേര്‍ കുടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുടുങ്ങികിടക്കുന്നവരെ രക്ഷിക്കാന്‍ ഐടിബിപിയും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ദൗലിഗംഗയുടെ തീരത്തുള്ളവരെ ഒഴുപ്പിക്കുന്നതിനുള്ള നടപടികളും തുടരുകയാണ്.

കനത്തമഴയെ തുടര്‍ന്നാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. സേനാനീക്കത്തിന് ഉപയോഗിക്കുന്ന ജോഷിമഠം-മലാരി പാലം ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ടുകള്‍. അളകനന്ദ നദിയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അറിയിച്ചു. ആരും ഭയപ്പെടേണ്ടതില്ല. തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. നദിയുടെ തീരത്തുള്ളവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. 

മുന്‍കരുതല്‍ എന്ന നിലയില്‍ ഭാഗീരഥി നദിയുടെ ഒഴുക്ക് കുറച്ചിട്ടുണ്ട്. വെള്ളത്തിന്റെ കുത്തൊഴുക്ക് കുറയ്ക്കാന്‍ അളകനന്ദ നദിയില്‍ സ്ഥാപിച്ചിട്ടുള്ള ശ്രീനഗര്‍, ഋഷികേശ് അണക്കെട്ടുകള്‍ തുറന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. .ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അടുത്ത ഒരു മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് അധികൃതര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ