ദേശീയം

വീണത് ദക്ഷിണേന്ത്യയിലെ അവസാന കോണ്‍ഗ്രസ് സര്‍ക്കാര്‍; രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ രാജി

സമകാലിക മലയാളം ഡെസ്ക്


പുതുച്ചേരി: പുതുച്ചേരിയില്‍ വി നാരായണസാമി സര്‍ക്കാരിന് വിശ്വാസ വോട്ടെടുപ്പ് ജയിക്കാന്‍ കഴിയാതെ വന്നതോടെ ദക്ഷിണേന്ത്യയിലെ അവസാന കോണ്‍ഗ്രസ് സര്‍ക്കാരാണ് വീണത്. വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ മുഖ്യമന്ത്രിയും ഭരണകക്ഷി അംഗങ്ങളും സഭ വിട്ടതോടെ, സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു. നിയമസഭയില്‍ നിന്ന് പോയ മുഖ്യമന്ത്രി ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനെ കണ്ട് രാജിക്കത്ത് കൈമാറി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുതുച്ചേരി സന്ദര്‍ശിച്ച് ദിവസങ്ങള്‍ കഴിയുമ്പോഴാണ് യുപിഎ സര്‍ക്കാര്‍ രാജിവച്ചിരിക്കുന്നത്. 

ഏഴ് മിനിറ്റ് നീണ്ട തന്റെ പ്രസംഗത്തില്‍, സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയും ബിജെപിയും ചേര്‍ന്ന് നിരന്തരം ശ്രമിക്കുകയായിരുന്നുവെന്ന് വി നാരായണസാമി ആരോപിച്ചു. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന് അടിപതറിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ തന്നെ തിരിച്ചുവരുമെന്നും നാരായണസാമി അവകാശപ്പെട്ടു. 

സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ കിരണ്‍ ബേദി പ്രതികൂല സാഹചര്യം സൃഷ്ടിച്ചെന്ന് നാരായണസാമി ആരോപിച്ചു. സ്വതന്ത്ര സംസ്ഥാന പദവി വേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോണ്‍ഗ്രസിന്റെ അഞ്ചും ഡിഎംകെയുടെ ഒരു എംഎല്‍എയും രാജിവച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. നിയമസഭയില്‍ ആറ് ഭരണകക്ഷി എംഎല്‍എമാര്‍ രാജിവച്ചതിന് ശേഷം യുപിഎയ്ക്ക് 12 അംഗങ്ങളാണുള്ളത്. 9 കോണ്‍ഗ്രസ്, 2 ഡിഎംകെ, ഒരു സ്വതന്ത്രന്‍. ബിജെപി-എഐഎഡിഎംകെ-എന്‍ ആര്‍ കോണ്‍ഗ്രസ് സഖ്യത്തിന് 14അംഗങ്ങളുണ്ട്.

വി നാരായണസാമി സര്‍ക്കാരിന്റെ പതനത്തോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പൂര്‍ണമായി ഭരണത്തില്‍ നിന്ന് പുറത്തായി. നിലവില്‍ കര്‍ണാടകയില്‍ ബിജെപി, കേരളത്തില്‍ എല്‍ഡിഎഫ്, തെലങ്കാനയില്‍ ടിആര്‍എസ്, ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരാണ് ഭരണം. പുതുച്ചേരിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു