ദേശീയം

അമിത് ഷാ വിശദീകരിക്കണം ; ഫോണ്‍ ചോര്‍ത്തലില്‍ സുബ്രഹ്മണ്യന്‍ സ്വാമി ; പാര്‍ലമെന്റില്‍ അടിയന്തര പ്രമേയ നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ വിശദീകരണം നടത്തണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഇസ്രായേല്‍ കമ്പനി വികസിപ്പിച്ച ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലില്‍ മോദി സര്‍ക്കാരിനു ബന്ധമുണ്ടോയെന്ന് അമിത് ഷാ പാര്‍ലമെന്റില്‍ വ്യക്തമാക്കണം. ഇല്ലെങ്കില്‍ വാട്ടര്‍ഗേറ്റ് പോലെ സത്യം പുറത്തുവന്നാല്‍ ബിജെപിയെ വേദനിപ്പിക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

അതിനിടെ, ചാര സോഫ്റ്റ്‌വെയര്‍ രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ബിനോയ് വിശ്വം എംപിയാണ് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയത്. ലോക്‌സഭയില്‍ എന്‍ കെ പ്രേമചന്ദ്രനും നോട്ടീസ് നല്‍കി. വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെ​ഗാസസ് ഉപയോഗിച്ച്  കേന്ദ്രമന്ത്രിമാർ അടക്കം രാജ്യത്തെ പ്രമുഖ വ്യക്തികളുടെ ഫോണുകൾ ചോർത്തിയെന്ന് റിപ്പോർട്ട്. രണ്ട് കേന്ദ്ര മന്ത്രിമാരുടെ ഫോണുകളും മൂന്ന് പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും ഒരു സുപ്രീംകോടതി ജഡ്ജിയുടെ ഫോണും നാൽപ്പത്തിലേറെ മാധ്യമപ്രവർത്തകരുടെ ഫോണുകളും ചില വ്യവസായികളുടെ ഫോണുകളും ചോർത്തിയതായാണ് പുറത്തു വരുന്ന വിവരം. ഹിന്ദുസ്ഥാൻ ടൈംസ്, ദ ഹിന്ദു, നെറ്റ് വർക്ക് 18 എന്നീ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകരുടെ ഫോണുകളും ചോർത്തപ്പെട്ടിട്ടുണ്ട്.

വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങൾ ചേർന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെ​ഗാസസ് ചോർച്ചയുടെ വിവരങ്ങൾ പുറത്തു വന്നത്. ഐഫോൺ , ആൻഡ്രോയിഡ് ഫോണുകളിൽ പെഗാസസ് മാൽവയർ ഉപയോഗിച്ച് മെസേജുകൾ, ഫോട്ടോ , ഇമെയിൽ, ഫോൺകോളുകൾ എന്നിവ ചോർത്തി എന്നാണ് വിവരം.ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ്  ചോർത്തിയത് എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ഇസ്രയേൽ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് വിവരങ്ങൾ ചോർത്തിയെന്ന മാധ്യമവാർത്തകൾ നിഷേധിച്ച് കേന്ദ്രസർക്കാർ രം​ഗത്തെത്തി. പൗരൻമാരുടെ സ്വകാര്യത സംരക്ഷിക്കാൻ ഇന്ത്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കെട്ടിചമച്ച കഥകളാണ് യാഥാർത്ഥ്യമെന്ന നിലയിൽ പ്രചരിക്കുന്നതെന്നും കേന്ദ്രസർക്കാർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം