ദേശീയം

12-16 ആഴ്ച ഇടവേള ഫലപ്രദം ; കോവിഷീല്‍ഡ് വാക്‌സിന്‍ ഇടവേളയില്‍ മാറ്റം വരുത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം കുത്തിവെയ്പ്പിനുള്ള ഇടവേളയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവിലെ രീതി ഫലപ്രദമാണെന്ന് നീതി ആയോഗ് അംഗം വി കെ പോള്‍ അറിയിച്ചു. വാക്‌സിന്റെ ഇടവേളയായി നിശ്ചയിച്ചിട്ടുള്ള 12-16 ആഴ്ചകള്‍ക്ക് ഇടയില്‍ രണ്ടാം ഡോസ് എടുക്കുന്നത് ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. 

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനക്കയും സംയുക്തമായി നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള ചുരുക്കണമെന്ന് വ്യാപകമായി ആവശ്യം ഉയര്‍ന്നിരുന്നു. രാജ്യത്ത് വാക്‌സിന്‍ ദൗര്‍ലഭ്യം മൂലമാണ് ഇടവേള ദീര്‍ഘിപ്പിച്ചതെന്നായിരുന്നു ആക്ഷേപം ഉയര്‍ന്നത്. 

കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള സംബന്ധിച്ച് വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. നിലവില്‍ നിശ്ചയിച്ച 12-16 ആഴ്ച ഇടവേള കൂടുതല്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. അതിനാല്‍ തന്നെ നിലവിലെ ഇടവേളയില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും വി കെ പോള്‍ അറിയിച്ചു. 

എന്നാല്‍ ഭാവിയില്‍ ഇടവേള സംബന്ധിച്ച് മാറ്റമുണ്ടാകുമോ എന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ കോവിഷീല്‍ഡ് രണ്ടാം ഡോസിന് ആദ്യം നാലു മുതല്‍ ആറ് ആഴ്ചയാണ് ഇടവേള നിശ്ചയിച്ചിരുന്നത്. 

പിന്നീട് ഇത് ആറു മുതല്‍ എട്ട് ആഴ്ച വരെയും തുടര്‍ന്ന് 12-16 ആഴ്ചയുമായി ഇടവേള ദീര്‍ഘിപ്പിക്കുകയായിരുന്നു. രാജ്യത്ത് ഒരു ദിവസം 1.25 കോടി വാക്‌സിന്‍ നല്‍കാനുള്ള ശേഷിയുണ്ട്. അടുത്തമാസം രാജ്യത്തെ 20 മുതല്‍ 22 കോടി പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു