ദേശീയം

കഴുത ഇറച്ചി കഴിച്ചാൽ ലൈംഗിക ശേഷി വർധിക്കും! മാംസ വിൽപ്പന വ്യാപകം; കിലോയ്ക്ക് 600 രൂപ മുതൽ 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വ്യാപകമായി കഴുതകളെ കശാപ്പ് ചെയ്ത് മാംസം വിൽപനയ്ക്കെത്തിക്കുന്നു. സംസ്ഥാനത്ത് കഴുതകളുടെ കശാപ്പിനും മാംസ വിപണത്തിനുമായി നിരവധി ക്രിമിനൽ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും നിരവധി കുപ്രചാരണങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിച്ചാണ് കഴുത മാംസം വൻതോതിൽ വിറ്റഴിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.  

2001ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡം അനുസരിച്ച് ആന്ധ്രയിൽ കഴുതകളുടെ കശാപ്പും മാംസ വിൽപനയും നിയമവിരുദ്ധമാണ്. കഴുതയുടെ പാൽ വ്യാപകമായി ഉപയോഗിക്കാറുണ്ടെങ്കിലും സാധാരണയായി കഴുത മാംസം ഭക്ഷ്യയോഗ്യമായി കണക്കാക്കാറില്ല. 

പുറംവേദന, ആസ്തമ തുടങ്ങിയ രോഗങ്ങൾ സുഖപ്പെടാൻ കഴുത ഇറച്ചി ഉത്തമമാണെന്നു പ്രചാരണം ശക്തമായതോടെയാണ് കഴുത ഇറച്ചിക്കു ആവശ്യക്കാർ വൻതോതിൽ വർധിച്ചത്. കഴുത ഇറച്ചി കഴിച്ചാൽ ലൈംഗിക ശേഷി വർധിക്കുമെന്നും കഴുതയുടെ രക്തം കായികമായ ഉണർവു നൽകുമെന്ന പ്രചാരണവും പ്രദേശവാസികൾക്കിടയിൽ ശക്തമാണ്. ഇതോടെയാണ് കഴുത ഇറച്ചിയ്ക്കു വൻതോതിൽ മാർക്കറ്റ് വർധിച്ചത്. കിലോയ്ക്ക് 600 രൂപ മുതലാണ് ഈടാക്കുന്നത്. കശാപ്പിനായി കൊണ്ടുവരുന്ന പ്രായപൂർത്തിയായ കഴുതയ്ക്ക് 15,000 മുതൽ 20,000 രൂപ വരെ നൽകണം.

ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി, കൃഷ്ണ, പ്രകാശം, ഗുണ്ടൂർ എന്നിവിടങ്ങളിലാണ് ഇറച്ചിക്കായി കഴുതകളെ കശാപ്പ് ചെയ്യുന്നത് ക്രമാതീതമായി വർധിക്കുന്നത്. ആന്ധ്രാപ്രദേശിനു പുറമെ രാജസ്ഥാൻ, ഉത്തർപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്ന് കശാപ്പിനായി ഇവിടേക്ക് കഴുതകളെ എത്തിക്കുന്നുണ്ട്. 

സമീപകാലത്താണ് ആന്ധ്രാപ്രദേശിൽ കഴുതകളുടെ കശാപ്പ് വ്യാപകമായതെന്നും കശാപ്പ് കാരണം സംസ്ഥാനത്തെ കഴുതകളുടെ എണ്ണം വൻതോതിൽ കുറഞ്ഞതായും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു. കഴുതകളുടെ കശാപ്പും മാംസ വിൽപനയും നിയമവിരുദ്ധവും കുറ്റകരമാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. നിരവധി മൃഗസംരക്ഷണ പ്രവർത്തകരാണ് സംസ്ഥാനത്തെ കഴുതകളുടെ അനധികൃത കശാപ്പിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യമായി രംഗത്തെത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും