ദേശീയം

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഇ പാസ് നിര്‍ബന്ധം; തമിഴ്‌നാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട്. ആന്ധ്രാപ്രദേശ്, കര്‍ണാടക, പുതുച്ചേരി എന്നിവ ഒഴികെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് ഇ പാസ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിമാനം വഴി വരുന്നവര്‍ക്കും ഇത് ബാധകമാണ്. ഫലത്തില്‍ കേരളത്തില്‍ നിന്ന് വരുന്നവര്‍ ഇ പാസ് കരുതണം. സര്‍ക്കാര്‍ പോര്‍ട്ടലില്‍ കയറിവേണം ഇ പാസിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്.

നിയന്ത്രണങ്ങളുടെ ഭാഗമായി 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ തമിഴ്‌നാട്ടിലേക്ക് കടത്തിവിടുകയുള്ളൂ. തമിഴ്‌നാട്ടിലേക്ക് പോകാന്‍ മലയാളികള്‍ മുഖ്യമായി ആശ്രയിക്കുന്ന വാളയാര്‍ വഴി വരുന്നവര്‍ക്കും ഇത് ബാധകമാണ്. കോയമ്പത്തൂര്‍ കലക്ടര്‍ കോവിഡ് നിയന്ത്രണങ്ങളെ സംബന്ധിച്ച് പാലക്കാട് കലക്ടറെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണങ്ങള്‍ ഉടന്‍ തന്നെ നിലവില്‍ വരുമെന്നാണ് സൂചന.

തുടര്‍ച്ചയായ നാലാംദിവസവും തമിഴ്‌നാട്ടില്‍ 500ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ നാലായിരത്തിലധികം പേരാണ് ചികിത്സയിലുള്ളത്. കേരളം, മഹാരാഷ്ട്ര ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ രൂക്ഷമാണ് എന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞെങ്കിലും പൂര്‍ണമായി നിയന്ത്രണ വിധേയമായിട്ടില്ല. മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരം കടന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് മുന്‍കരുതലിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍