ദേശീയം

സന്ദേശങ്ങള്‍ ആദ്യം അയച്ചതാര്? ഐടി ചട്ടം സ്വകാര്യത ഇല്ലാതാക്കും; വാട്ട്‌സ്ആപ്പ് കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളുടെ മേല്‍ നിയന്ത്രണം കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ ചട്ടങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പ് ആയ വാട്ട്‌സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. സന്ദേശങ്ങള്‍ ആരാണ് ആദ്യം അയച്ചത് എന്നു നിര്‍ദേശിക്കുന്ന ചട്ടം ജനങ്ങളുടെ സ്വകാര്യതാ അവകാശത്തിന്റെ ലംഘനമാണെന്ന് വാട്ട്‌സ്ആപ്പ് ഹര്‍ജിയില്‍ പറയുന്നു.

പുതിയ ചട്ടങ്ങള്‍ അംഗീകരിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സമയപരിധി ഇന്നലെ അവസാനിച്ചിരിക്കെയാണ് വാട്ട്‌സ്ആപ്പ് ഹൈക്കോടതിയെ സമീപിച്ചത്. സന്ദേശങ്ങള്‍ ആര് ആദ്യം അയച്ചു എന്നു രേഖപ്പെടുത്തുക എന്നതിനര്‍ഥം ഓരോ സന്ദേശത്തെയും നിരീക്ഷണത്തിലാക്കുക എന്നു തന്നെയാണെന്ന് വാട്ട്‌സ്ആപ്പ് പറയുന്നു. വാട്ട്‌സ്ആപ്പ് പിന്തുടരുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ തകര്‍ക്കുന്നതാണ് കേന്ദ്ര നിര്‍ദേശം. അടിസ്ഥാനപരമായി അത് സ്വകാര്യതയുടെ ലംഘനവുമാണെന്ന് കമ്പനി പറയുന്നു.

പുതിയ ചട്ടങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരുമെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചിട്ടുണ്ട്. പ്രശ്‌നത്തിന് പ്രായോഗികമായി എന്തു പരിഹാരം കാണാനാവും എന്ന് ചര്‍ച്ച ചെയ്യും. നിയമപരമായ വിഷയങ്ങളില്‍ ഓരോ കേസിലും കമ്പനിയുടെ കൈവശമുള്ള വിവരങ്ങള്‍ നല്‍കാന്‍ തയാറാണെന്നും വാട്ട്‌സ്ആപ്പ് അറിയിച്ചു.

ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ ഐടി ചട്ടങ്ങളിലാണ്, സന്ദേശങ്ങള്‍ ആരാണ് ആദ്യം അയച്ചത് എന്നതിനു രേഖ വേണമെന്ന് നിര്‍ദേശിച്ചത്. ഇത് ചെയ്യാത്തപക്ഷം ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും ചട്ടത്തില്‍ നിര്‍ദേശിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്