ദേശീയം

സിഎഎ ഉടൻ നടപ്പാക്കാൻ കേന്ദ്രം; പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് ആഭ്യന്തരമന്ത്രാലയം  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: 2019-ലെ ദേശീയ പൗരത്വനിയമ ഭേദഗതി (സിഎഎ) ഉടൻ നടപ്പാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കി. ഇതിനുമുന്നോടിയായി രാജ്യത്തെ മുസ്​ലിം ഇതര അഭയാർഥികളിൽ നിന്ന്​ പൗരത്വത്തിന്​ കേന്ദ്ര സർക്കാർ അപേക്ഷ ക്ഷണിച്ചു. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്ന് ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ അഭയാർത്ഥികളായി എത്തിയവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം അഭയാർഥികൾക്ക് പൗരത്വം ലഭിക്കില്ല. 

മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവർക്കാണ് പൗരത്വത്തിനായി അപേക്ഷിക്കാൻ കഴിയുക. 2009-ലെ ചട്ടപ്രകാരമാണ് ഇപ്പോൾ പൗരത്വത്തിനുള്ള നടപടി ക്രമങ്ങൾ നടത്തുക. 2014 ഡിസംബർ 31 വരെ ഇന്ത്യയിലെത്തിയ മുസ്ലീങ്ങൾ അല്ലാത്തവർക്കാണ്​ അപേക്ഷിക്കാൻ അർഹതയെന്നാണ്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്​​.

ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് തിരികെ ചെന്നാൽ മതപീഡനം നേരിടേണ്ടി വരുന്നവരാണെങ്കിൽ പാസ്‌പോർട്ട് അടക്കമുള്ള മതിയായ യാത്രാരേഖകൾ ഇല്ലെങ്കിൽപ്പോലും പൗരത്വത്തിന് അപേക്ഷിക്കാം. ഇവരുടെ കാര്യത്തിൽ പൗരത്വം ലഭിക്കാൻ 11 വർഷം ഇന്ത്യയിൽ താമസിച്ചിരിക്കണം എന്ന വ്യവസ്ഥ അഞ്ചുവർഷമായി കുറച്ചിട്ടുണ്ട്. 

2019ൽ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞവർഷം വ്യാപകപ്രക്ഷോഭമാണ് രാജ്യമൊട്ടാകെ അരങ്ങേറിയത്.  മുസ്ലിം അഭയാർഥികൾക്ക് പൗരത്വം ലഭിക്കില്ലെന്ന നയം വിവേചനമാണെന്ന് ആരോപിച്ച് പാർലമെന്റിൽ പ്രതിപക്ഷം എതിർപ്പുയർത്തിയിരുന്നു. ആ രാജ്യങ്ങളിലെ ഭൂരിപക്ഷ സമുദായങ്ങളിൽപ്പെട്ടവരായതിനാലാണ് ഇതെന്നാണ് സർക്കാർ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ