ദേശീയം

പത്ത് കോടി ഡോസ് കോവിഷീൽഡ് വാക്സിൻ ജൂണിൽ ഉത്പാദിപ്പിക്കും; സിറം ഇൻസ്റ്റിറ്റ്യൂട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോവിഷീൽഡ് വാക്‌സിൻ പത്ത് കോടിക്കടുത്ത് ഡോസ് വരെ അടുത്ത മാസം ഉത്പാദനം നടത്തി വിതരണത്തിന് തയ്യാറാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കേന്ദ്ര സർക്കാരിനയച്ച കത്തിലാണ് കമ്പനിയുടെ അവകാശവാദം. വിവിധ സംസ്ഥാനങ്ങൾ വാക്‌സിൻ ക്ഷാമം സംബന്ധിച്ച പരാതി ഉന്നയിക്കുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിൽ കമ്പനി ഉത്പാദനം വർധിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയത്. ഒൻപത് മുതൽ 10 കോടി ഡോസുകൾ വരെ ജൂണിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാൻ കഴിയുമെന്നാണ് കമ്പനി സർക്കാരിനെ അറിയിച്ചിരിക്കുന്നത്. 

നിലവിലെ ഉത്പാദന ശേഷിയായ 6.5 കോടിയിൽ നിന്ന് ഉത്പാദനം 10 കോടി ഡോസുകളായി വർധിപ്പിക്കുമെന്നാണ് വാഗ്ദാനം. ഉത്പാദനം വർധിപ്പിക്കുമെന്ന് മെയ് മാസത്തിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിനെ അറിയിച്ചിരുന്നു. വാക്‌സിൻ ഉത്പാദനം ജൂണിൽ 6.5 കോടി ഡോസായി വർധിപ്പിക്കുമെന്നും ജൂലായിൽ ഏഴ് കോടി ആക്കുമെന്നും ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിൽ ഉത്പാദനം 10 കോടി ആക്കുമെന്നുമാണ് അന്ന് വ്യക്തമാക്കിയത്. എന്നാൽ ജൂണിൽ തന്നെ ഉത്പാദനം 10 കോടി ഡോസുകളാക്കും എന്നാണ് പുതിയ അവകാശവാദം. കോവിഡ് മഹാമാരി ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും ജീവനക്കാർ ദിവസം മുഴുവനും ജോലി ചെയ്യുകയാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

മെയ് മാസത്തിലെ 6.5 കോടി ഡോസുകൾ എന്നതിൽനിന്ന് വ്യത്യസ്തമായി ജൂണിൽ ഒൻപത് മുതൽ പത്ത് കോടിവരെ ഡോസുകൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാൻ സാധിക്കുമെന്ന് അമിത് ഷായ്ക്ക് അയച്ച കത്തിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ (ഗവൺമെന്റ് ആൻഡ് റെഗുലേറ്ററി അഫയേഴ്‌സ്) പ്രകാശ് കുമാർ സിങ് അറിയിച്ചു. വാക്‌സിൻ വിഷയത്തിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകിയതിന് അദ്ദേഹം അമിത് ഷായ്ക്ക് നന്ദി പറഞ്ഞു. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്‌സിൻ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ വിവിധ ഘട്ടങ്ങളിൽ വലിയ പിന്തുണയാണ് സർക്കാരിൽ നിന്ന് ലഭിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

കോവിഡ് മഹാമാരിയിൽ നിന്ന് ഇന്ത്യയിലെയും ലോകത്തെ മുഴുവൻ ജനങ്ങളെയും സംരക്ഷിക്കണം എന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് കരുതുന്നത്. സിഇഒ അഡാർ പൂനവാലയുടെ നേതൃത്വത്തിൽ സർക്കാരുമായി തോളോട് തോൾ ചേർന്നുനിന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പിന്തുണയും മാർഗനിർദ്ദേശവും സ്വീകരിച്ചുകൊണ്ട് വരുന്ന മാസത്തിൽ വാക്‌സിൻ ഉത്പാദനശേഷി ഇനിയും വർധിപ്പിക്കുമെന്നും കത്തിൽ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു