ദേശീയം

ഒമിക്രോണ്‍ വകഭേദം: പ്രധാനമന്ത്രി അടിയന്തര ഉന്നതതലയോഗം വിളിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകത്തെ ആശങ്കയിലാക്കി ദക്ഷിണാഫ്രിക്കയില്‍ നിരവധി തവണ ജനിതക വകഭേദം വന്ന വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. രാവിലെ 10.30 നാണ് യോഗം. പുതിയ വൈറസ് വകഭേദത്തെ പ്രതിരോധിക്കല്‍, രാജ്യത്തെ കോവിഡ് സാഹചര്യം, വാക്‌സിനേഷന്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാകും. 

ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ഏഷ്യന്‍ രാജ്യമായ ഹോങ്കോങ്, ഇസ്രായേല്‍, യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയം എന്നിവിടങ്ങളിലാണ് പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ മാത്രം ഇതിനോടകം 100 ലേറെ പേര്‍ക്ക് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ എന്നു പേരിട്ട പുതിയ വൈറസ് വകഭേദം അതീവ അപകടകാരിയാണെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അതിതീവ്ര വ്യാപനശേഷിയുള്ള വകഭേദമാണ് ഇതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 

അന്താരാഷ്ട്ര യാത്രികരെ നിരീക്ഷിക്കാന്‍ നിര്‍ദേശം

പുതിയ വൈറസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍, ഈ രാജ്യങ്ങളില്‍ നിന്നും വരുന്നതോ, ഈ രാജ്യങ്ങള്‍ വഴി വരുന്നതോ ആയ അന്താരാഷ്ട്ര യാത്രികരെ നിരന്തരം നിരീക്ഷിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

നിരവധി തവണ ജനിതക വ്യതിയാനത്തിന് വിധേയമായ പുതിയ വകഭേദത്തിന് കോവിഡ് വാക്‌സിനുകളെ പ്രതിരോധിക്കാന്‍ കഴിഞ്ഞേക്കുമെന്ന മുന്നറിയിപ്പുകളാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ യ.1.1.529 വകഭേദത്തിന് 50 തവണയാണ് ജനിതകവ്യതിയാനം സംഭവിച്ചത്. സ്‌പൈക് പ്രോട്ടീന്‍ മാത്രം 30 തവണയാണ് പരിവര്‍ത്തനത്തിന് വിധേയമായത്. അതുകൊണ്ട് തന്നെ വ്യാപനശേഷി കൂടിയ മാരക വൈറസാവാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ആഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്കുമായി രാജ്യങ്ങള്‍

ആഫ്രിക്കയിലെ വകഭേദം യൂറോപ്പില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കണം എന്ന് യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശിച്ചു. ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി. ഇറ്റലി, സിംഗപ്പൂര്‍, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങള്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ