ദേശീയം

ഒമൈക്രോണ്‍: രാജ്യാന്തര വിമാനയാത്രാ വിലക്കു തുടരും? ഇളവുകള്‍ പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രി; അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ പുതിയ വൈറസ് വകഭേദം ഒമൈക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത കര്‍ശനമാക്കണമെന്ന് പ്രധാനമന്ത്രി  നരേന്ദ്രമോദി. വൈറസിന്റെ പുതിയ വകഭേദം നേരിടാന്‍ മുന്‍കരുതല്‍ ശക്തിപ്പെടുത്തണം. രാജ്യാന്തര വിമാനയാത്രാ നിയന്ത്രണം നീക്കിയത് പുനഃപരിശോധിക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് നിര്‍ദേശം. 

ഒമൈക്രോണ്‍ വകഭേദത്തിനെതിരെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കോവിഡ് വൈറസിന്റെ പുതിയ വകഭേദം നേരിടാന്‍ തയ്യാറെടുപ്പ് വേണം. ജനങ്ങള്‍ സാമൂഹിക അകലം, മാസ്‌ക് തുടങ്ങിയ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. വാക്‌സിന്‍ രണ്ടാം ഡോസ് വിതരണം വേഗത്തിലാക്കാനും, സമയബന്ധിതമായി പൂര്‍ത്തിയാക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. 

പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കണം

വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കണം. കേന്ദ്രമാനദണ്ഡപ്രകാരമുള്ള ടെസ്റ്റുകള്‍ നടത്തിയെന്ന് ഉറപ്പാക്കണം. പ്രത്യേകിച്ചും, പുതിയ വകഭേദം സ്ഥിരീകരിച്ച 'ഹൈ റിസ്‌ക്' രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരെ കര്‍ശനമായി നിരീക്ഷിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

കോവിഡ് രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്റ് ശക്തമായി നടപ്പാക്കണം. ഒമൈക്രോണ്‍ വകഭേദം കണ്ടെത്തുന്ന മേഖലകളില്‍ നിയന്ത്രണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര വിമാനയാത്രകള്‍ക്ക് ഇളവുകള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഇതില്‍ പുനഃപരിശോധന നടത്താനാണ് മോദി നിര്‍ദേശിച്ചത്. 

കോവിഡിന്റെ നിരവധി തവണ ജനിതകവകഭേദം സംഭവിച്ച ഒമൈക്രോണ്‍ വൈറസ് ബാധ ദക്ഷിണാഫ്രിക്കയിലും ഇസ്രായേലിലും ഹോങ്കോങ്ങിലും അടക്കം കണ്ടെത്തിയ സാഹചര്യത്തിലാണ് പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചത്. ക്യാബിനറ്റ് സെക്രട്ടറി, കേന്ദ്ര ആരോഗ്യസെക്രട്ടറി, ഇന്ത്യയുടെ കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

പുതിയ വൈറസ് പടരുന്നു

ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ഏഷ്യന്‍ രാജ്യമായ ഹോങ്കോങ്, ഇസ്രായേല്‍, യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയം എന്നിവിടങ്ങളിലാണ് പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ മാത്രം ഇതിനോടകം 100 ലേറെ പേര്‍ക്ക് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒമൈക്രോണ്‍ എന്നു പേരിട്ട പുതിയ വൈറസ് വകഭേദം അതീവ അപകടകാരിയാണെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അതിതീവ്ര വ്യാപനശേഷിയുള്ള വകഭേദമാണ് ഇതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 

അന്താരാഷ്ട്ര യാത്രികരെ നിരീക്ഷിക്കാന്‍ നിര്‍ദേശം

പുതിയ വൈറസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍, ഈ രാജ്യങ്ങളില്‍ നിന്നും വരുന്നതോ, ഈ രാജ്യങ്ങള്‍ വഴി വരുന്നതോ ആയ അന്താരാഷ്ട്ര യാത്രികരെ നിരന്തരം നിരീക്ഷിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

നിരവധി തവണ ജനിതക വ്യതിയാനത്തിന് വിധേയമായ പുതിയ വകഭേദത്തിന് കോവിഡ് വാക്‌സിനുകളെ പ്രതിരോധിക്കാന്‍ കഴിഞ്ഞേക്കുമെന്ന മുന്നറിയിപ്പുകളാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ യ.1.1.529 വകഭേദത്തിന് 50 തവണയാണ് ജനിതകവ്യതിയാനം സംഭവിച്ചത്. സ്‌പൈക് പ്രോട്ടീന്‍ മാത്രം 30 തവണയാണ് പരിവര്‍ത്തനത്തിന് വിധേയമായത്. അതുകൊണ്ട് തന്നെ വ്യാപനശേഷി കൂടിയ മാരക വൈറസാവാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ആഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്കുമായി രാജ്യങ്ങള്‍

ആഫ്രിക്കയിലെ വകഭേദം യൂറോപ്പില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കണം എന്ന് യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശിച്ചു. ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി. ഇറ്റലി, സിംഗപ്പൂര്‍, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങള്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുനഃസ്ഥാപിച്ചു

'എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു': ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്നു: ആവേശത്തിൽ ആരാധകർ