ദേശീയം

ഒമൈക്രോണ്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റിലൂടെ കണ്ടെത്താം; പരിശോധന കൂട്ടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ഇതുവരെ ഒരു പുതിയ കേസ് പോലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാലും മുന്‍കരുതലും ജാഗ്രതയും തുടരണമെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു.

നിലവില്‍ രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമാണ്. എന്നാല്‍ പുതിയ വകഭേദത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലും ജാഗ്രതയും തുടരണം. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലുള്ള പരിശോധന രീതികള്‍ ഉപയോഗിച്ച് ഒമൈക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ സാധിക്കും. ആന്റിജന്‍, ആര്‍ടി-പിസിആര്‍, ജനിതക ശ്രേണീകരണം എന്നിവ വഴി ഇതിനെ കണ്ടെത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

പരിശോധനകള്‍ വര്‍ധിപ്പിച്ച് ഒരു കേസ് പോലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണം. ഇതിനായി സംസ്ഥാനങ്ങളും കേന്ദ്രവും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതായും മന്ത്രി പറഞ്ഞു. പുതിയ വകഭേദത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വീടുകള്‍ തോറുമുള്ള വാക്‌സിനേഷനന്‍ ക്യാമ്പ് ശക്തമാക്കി. ഡിസംബര്‍ 31 വരെ വാക്‌സിനേഷന്‍ ക്യാമ്പ് തുടരാന്‍ നിര്‍ദേശിച്ചതായും മന്ത്രി അറിയിച്ചു.

വൈറസ് ബാധ തുടക്കത്തില്‍ തന്നെ തിരിച്ചറിയുന്നതിന് പരിശോധനകള്‍ കൂട്ടാന്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണും നിര്‍ദേശിച്ചു. ഇതിനായി ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പാക്കണമെന്നും രാജേഷ് ഭൂഷണ്‍ വിളിച്ചുചേര്‍ത്ത സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ഉന്നതതല യോഗത്തില്‍ നിര്‍ദേശിച്ചു. പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ ആര്‍ടി- പിസിആര്‍ അടക്കമുള്ള പരിശോധനാരീതികള്‍ ഫലപ്രദമാണ്. പുതിയ സാഹചര്യത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കേണ്ടതിനാല്‍ ഇതിനാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാവണം. കൂടാതെ വീടുകളിലെ ക്വാറന്റൈന്‍ ഫലപ്രദമാണ് എന്ന് ഉറപ്പുവരുത്തണമെന്നും യോഗം നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു