ദേശീയം

ആര്‍ക്കും യൂ ട്യൂബ് ചാനല്‍ തുടങ്ങാം, എന്തും വിളിച്ചു പറയാമെന്ന അവസ്ഥ ;  രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : സാമൂഹ്യ മാധ്യമങ്ങള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ആര്‍ക്കുവേണമെങ്കിലും എന്തും വിളിച്ച് പറയാനുള്ള ഇടമായി സാമൂഹ്യ മാധ്യമങ്ങള്‍ മാറിയെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ വിമര്‍ശിച്ചു. ശക്തമായ നിയന്ത്രണ സംവിധാനമില്ലാത്തതിനാല്‍ വെബ് പോര്‍ട്ടലുകളും, യൂട്യൂബ് ചാനലുകളും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുന്നതായും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. 

നിസാമുദ്ദീനിലെ തബ് ലീഗ് ജമാ അത്ത് സമ്മേളനമാണ് രാജ്യത്ത് കോവിഡ് വ്യാപനത്തിന് കാരണമെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ മുസ്‌ളീം സംഘടനകള്‍ നല്‍കിയ ഹര്‍ജി  പരിഗണിക്കുമ്പോഴായിരുന്നു കോടതി വെബ് പോര്‍ട്ടലുകള്‍ക്കും, യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ആര്‍ക്കും വെബ് പോര്‍ട്ടലുകളും, യു ട്യൂബ് ചാനലുകളും തുടങ്ങാം എന്ന അവസ്ഥയാണ് നിലവിലുള്ളത് ആരോടും ഉത്തരവാദിത്വം ഇല്ലാതെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 

ആര്‍ക്ക് വേണമെങ്കിലും ഇന്ന് യൂട്യൂബ് ചാനലുകള്‍ തുടങ്ങാം. അതിലൂടെ എന്തും വിളിച്ചുപറയാം. വര്‍ഗീയത പടര്‍ത്താന്‍ വരെ ശ്രമിക്കുന്നു. ആരെയും അപകീര്‍ത്തിപ്പെടുത്താം. ഒരു നിയന്ത്രണവും ഇതിനൊന്നും ഇല്ല.  നിരവധി വ്യാജ വാര്‍ത്തകളാണ് യൂട്യൂബ് വഴി പുറത്തുവരുന്നത്. ഇത് തടയാന്‍ എന്ത് സംവിധാനമാണ് ഉള്ളതെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി ചോദിച്ചു. 

സാധാരണ ജനങ്ങളോടോ, കോടതിയോടോ പോലും സാമൂഹ്യ മാധ്യമ കമ്പനികള്‍ പ്രതിബദ്ധത കാട്ടുന്നില്ല. എന്തും പറയാനുള്ളത് അവകാശമെന്നാണ് ഈ കമ്പനികള്‍ പറയുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് കോടതി സോളിസിറ്റര്‍ ജനറലിനോട് ആരാഞ്ഞു. സര്‍ക്കാര്‍ കൊണ്ട് വന്ന ചട്ടങ്ങള്‍ കൊണ്ട് നിയന്ത്രണം സാധ്യമാണെന്ന് സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി. 

എന്നാല്‍ ചട്ടങ്ങള്‍ ചോദ്യം ചെയ്ത് വിവിധ ഹൈക്കോടതികളില്‍ കേസുകള്‍ നല്‍കിയിരിക്കുകയാണ്. ഈ ഹര്‍ജികളെല്ലാം സുപ്രീം കോടതിയിലക്ക് മാറ്റാന്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്ന് ജംഇയ്യത്ത് ഉലമ ഹിന്ദ് അടക്കമുളള സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ട് ആഴ്ചത്തേക്ക് മാറ്റി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്