ദേശീയം

അധ്യാപകരാവാന്‍ ബ്ലൂടൂത്ത് ഘടിപ്പിച്ച ചെരുപ്പുമായി ഉദ്യോഗാര്‍ഥികള്‍; കയ്യോടെ പിടികൂടി, അഞ്ചുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ബ്ലൂടൂത്ത് ഘടിപ്പിച്ച ചെരുപ്പ് ധരിച്ചെത്തി പരീക്ഷയില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ച അഞ്ച് ഉദ്യോഗാര്‍ഥികള്‍ അറസ്റ്റില്‍. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട യോഗ്യത പരീക്ഷയിലാണ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്.

ഞായറാഴ്ചയാണ് സംസ്ഥാനത്തുടനീളം കടുത്ത സുരക്ഷാ നടപടികളോടെ പരീക്ഷ നടന്നത്. ബ്ലൂടൂത്ത് ഉപകരണം ചെരുപ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചാണ് പിടിയിലായ ഉദ്യോഗാര്‍ഥികള്‍ പരീക്ഷയ്ക്കെത്തിയത്. ഇവരില്‍ മൂന്ന് പേര്‍ പരീക്ഷ എഴുതാനായി എത്തിയ ഉദ്യോഗാര്‍ഥികളും മറ്റ് രണ്ടുപേര്‍ പരീക്ഷയില്‍ കൃത്രിമം കാണിക്കുന്നതിന് സഹായിക്കാനെത്തിയവരുമാണെന്ന് രാജസ്ഥാന്‍ പൊലീസ് വ്യക്തമാക്കി.

ആദ്യം അജ്മീറിലാണ് ഒരാളെ പിടികൂടിയത്. ഇതിന് പിന്നാലെയാണ് പരീക്ഷയില്‍ തട്ടിപ്പ് നടത്താന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നതായി പൊലീസ് തിരിച്ചറിഞ്ഞത്. ബിക്കാനിറിലും സിക്കറിലുമാണ് ചെരുപ്പില്‍ ബ്ലൂടൂത്തും മൊബല്‍ ഫോണും ഒളിപ്പിച്ചത് കണ്ടെത്തിയത്. 

എന്നാല്‍, പരീക്ഷ തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ സര്‍ക്കാര്‍ പരീക്ഷ നടക്കുന്ന സ്ഥലങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റും എസ്എംഎസ് സര്‍വീസുകളും നിര്‍ത്തലാക്കിയിരുന്നു. സംസ്ഥാനത്ത് 16 ജില്ലകളിലാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തലാക്കിയത്. 

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷകളിലൊന്നായ REETപരീക്ഷയില്‍ 16 ലക്ഷം ഉദ്യോഗാര്‍ഥികളാണ് പങ്കെടുത്തത്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒഴിവുള്ള 31000 അധ്യാപക തസ്തികകളില്‍ നിയമനം നടത്തുക ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു