ദേശീയം

12നും 14നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ ഇന്ന് മുതൽ, 60 കഴിഞ്ഞ എല്ലാവർക്കും ബൂസ്റ്റർ ഡോസ്; സുസജ്ജമായി കേരളവും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പന്ത്രണ്ടിനും പതിനാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷനും അറുപത് വയസ്സിന് മുകളിലുള്ളവർക്ക് കരുതൽ ഡോസ് വിതരണവും രാജ്യത്ത് ഇന്ന് തുടങ്ങും. 2010 മാർച്ച് 15ന് മുമ്പ് ജനിച്ചവർക്കാണ് ഈ ഘട്ടത്തിൽ വാക്സിനേഷൻ നൽകുക. ഈ വിഭാഗത്തിലുള്ളവർക്കായി പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

കോവിൻ ആപ്പിൽ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കിയോ കുടുംബാംഗങ്ങളുടെ അക്കൗണ്ട് വഴിയോ വാക്സിനേഷന് രജിസ്റ്റർ ചെയ്യാം. വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടത്തിയും രജിസ്ട്രേഷൻ നടത്താം. ബയോളജിക്കൽ ഇ കമ്പനി പുറത്തിറക്കുന്ന കോര്‍ബേവാക്‌സ് മാത്രമാണ് കുട്ടികളിൽ കുത്തിവെക്കുക. വാക്സിൻ തൽക്കാലം സർക്കാർ കുത്തിവയ്പു കേന്ദ്രങ്ങളിൽ മാത്രമേ ലഭ്യമാകൂ എന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 28 ദിവസത്തെ ഇടവേളയിലെ രണ്ട് ഡോസ് വാക്സിൻ കുത്തിവയ്പ് സൗജന്യമായിരിക്കും. രാവിലെ 9 മുതൽ റജിസ്ട്രേഷൻ ആരംഭിക്കും.

ജനുവരി മൂന്നിനാണ് രാജ്യത്ത് പതിനഞ്ച് വയസ്സിന് മുകളിലുള്ളവരിൽ വാക്സിനേഷൻ തുടങ്ങിയത്. ഈ വിഭാഗത്തിലെ അർഹരായ മുഴുവൻ പേരും ആദ്യ ഡോസ്  സ്വീകരിച്ചു. പകുതി പേർ വാക്സീനേഷൻ പൂർത്തിയാക്കി. ഇതോടെയാണ് 12 വയസിന് മുകളിലുള്ളവർക്കും വാക്സീൻ നൽകാൻ തീരുമാനിച്ചത്. കരുതൽ എന്ന നിലയിലാണ് മുതിർന്ന പൗരന്മാർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത്. ഇതുവരെ മറ്റ് അസുഖങ്ങൾ ഉള്ള മുതിർന്ന പൗരന്മാർക്ക് മാത്രമാണ് കരുതൽ ഡോസ് നൽകിയിരുന്നത്. ഇത് മാറ്റി അറുപത് വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സീൻ നൽകാനാണ് തീരുമാനം. 

സുസജ്ജമായി കേരളം

സംസ്ഥാനത്ത് 12 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ ഇന്ന് മുതൽ പൈലറ്റടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ജില്ലകളിൽ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷൻ നടത്തുക. ഈ കേന്ദ്രങ്ങളുടെ സ്ഥലവും സമയവും ജില്ലാതലത്തിൽ അറിയിക്കുന്നതാണ്. കുട്ടികളുടെ വാക്‌സിനേഷൻ സംബന്ധിച്ച് ആരോഗ്യ വകുപ്പ് വിശദമായ മാർഗരേഖ പുറത്തിറക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. 

വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്‌സിനേഷൻ എല്ലാവരിലും എത്തിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തും. ഇപ്പോൾ പരീക്ഷാ കാലമാണ്. അത് കഴിഞ്ഞുള്ള വെക്കേഷൻ സമയത്ത് വാക്‌സിനേഷൻ ഫലപ്രദമായി നടപ്പിലാക്കാൻ പദ്ധതി ആവിഷ്‌ക്കരിക്കും. ചെറിയ കുട്ടികളായതിനാൽ രക്ഷിതാക്കളുടെ ആശങ്ക മനസിലാക്കി കൃത്യമായ ആസൂത്രണം നടത്തിയായിരിക്കും വാക്‌സിനേഷൻ നടത്തുക.

വാക്‌സിൻ മാറാതിരിക്കാൻ പ്രത്യേക ക്രമീകരണം

വാക്‌സിനേഷന് പ്രത്യേക ശ്രദ്ധയും കരുതലും വേണമെന്ന് നിർദേശം നൽകി. നിലവിൽ മുതിർന്നവരുടെ വാക്‌സിനേഷൻ കേന്ദ്രത്തിന്റെ ബോർഡ് നീലയും 15 മുതൽ 17 വയസുവരെയുള്ളവരുടെ വാക്‌സിനേഷൻ കേന്ദ്രത്തിന്റെ ബോർഡ് പിങ്കുമാണ്. മുതിർന്നവർക്ക് കോവിഷീൽഡും, കോവാക്‌സിനും 15 മുതൽ 17 വയസുവരെയുള്ളവർക്ക് കോവാക്‌സിനുമാണ് നൽകുന്നത്. 12 മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് പുതിയ കോര്‍ബേവാക്‌സാണ് നൽകുന്നത്. അതിനാൽ വാക്‌സിനുകൾ മാറാതിരിക്കാൻ മറ്റൊരു നിറം നൽകി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുന്നതാണ്.

2010ൽ ജനിച്ച എല്ലാവർക്കും രജിസ്റ്റർ ചെയ്യാൻ കഴിയുമെങ്കിലും വാക്‌സിൻ എടുക്കുന്ന ദിവസം 12 വയസ് പൂർത്തിയാൽ മാത്രമേ വാക്‌സിൻ നൽകുകയുള്ളൂ. 2010 മാർച്ച് 16ന് മുമ്പ് ജനിച്ച കുട്ടികൾക്ക് വാക്‌സിനെടുക്കാൻ സാധിക്കും. അതുപോലെ അവരുടെ ജനനത്തീയതി വരുന്ന മുറയ്ക്ക് ബാക്കിയുള്ളവർക്കും വാക്‌സിനെടുക്കാൻ സാധിക്കും. അതിനാൽ എല്ലാവരും അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.


സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും