പിവി നരസിംഹ റാവു
പിവി നരസിംഹ റാവു ഫയല്‍
ദേശീയം

തെരഞ്ഞെടുപ്പിന്റെ വക്കില്‍ അഞ്ചു ഭാരത രത്‌ന; കോണ്‍ഗ്രസിനെപ്പോലും അമ്പരപ്പിച്ച് റാവു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരത രത്‌ന ഈ വര്‍ഷം പ്രഖ്യാപിച്ചത് അഞ്ചു പേര്‍ക്ക്. ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. രാജ്യം പൊതുതെരഞ്ഞെടുപ്പിനു പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയുണ്ടായ പ്രഖ്യാപനത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന വ്യാഖ്യാനങ്ങളും സജീവമാണ്.

മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും പിന്നാക്ക നേതാവുമായ കര്‍പ്പൂരി ഠാക്കൂറിനാണ് ഈ വര്‍ഷം ആദ്യം ഭാരത രത്‌ന പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍കെ അഡ്വാനിക്കും പുരസ്‌കാരം പ്രഖ്യാപിച്ചു. മുന്‍ പ്രധാനമന്ത്രിമാരായ ചൗധരി ചരണ്‍ സിങ്, പിവി നരസിംഹ റാവു, കാര്‍ഷിക ശാസ്ത്രജ്ഞന്‍ എംഎസ് സ്വാമിനാഥന്‍ എന്നിവരാണ് ഇന്ന് പ്രധാനമന്ത്രി പരമോന്നത പുരസ്‌കാരം പ്രഖ്യാപിച്ചത്. മൂന്നു പേര്‍ക്കും മരണാനന്തരമാണ് ബഹുമതി.

നരസിംഹ റാവുവിന്റെ ഭാരത രത്‌ന കോണ്‍ഗ്രസ് വൃത്തങ്ങളെപ്പോലും അമ്പരപ്പിലാഴ്ത്തി. പ്രധാനമന്ത്രി പദം ഒഴിഞ്ഞ ശേഷം കോണ്‍ഗ്രസ് കാര്യമായ റോള്‍ ഒന്നുമില്ലാതെയാണ് നരസിംഹ റാവു അരങ്ങൊഴിഞ്ഞത്. മരണശേഷം പാര്‍ട്ടി അദ്ദേഹത്തെ മാനിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. അതേസമയം രാജ്യത്തെ പുതിയ സമ്പദ് ലോകത്തേക്കു നയിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് റാവുവെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു. ഇത് പാര്‍ട്ടി കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് ഇവരുടെ ആക്ഷേപം.

ചൗധരി ചരണ്‍ സിങ്ങിന്റെ മകന്‍ അജിത് സിങ് സ്ഥാപിച്ച രാഷ്ട്രീയ ലോക്ദളുമായി (ആര്‍എല്‍ഡി) ബിജെപി രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ്, മുന്‍ പ്രധാനമന്ത്രിയെ ഭാരത രത്‌ന നല്‍കി ആദരിക്കാനുള്ള തീരുമാനം. പടിഞ്ഞാറന്‍ യുപിയില്‍ സ്വാധീനമുള്ള ആര്‍എല്‍ഡിയുള്ള സഖ്യ ചര്‍ച്ചയും ഭാരത രത്‌ന പ്രഖ്യാപനവും തമ്മില്‍ ബന്ധമുണ്ടോയെന്ന ഉയരുന്ന ചര്‍ച്ചകള്‍. ഭാരത് രത്‌ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ആര്‍എല്‍ഡി നേതാവ് ജയന്ത് സിങ് രംഗത്തുവന്നു.

ഇതിനു മുമ്പ് 1999ലാണ് കൂടുതല്‍ പേര്‍ക്കു ഭാരത രത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചത്. അന്ന് നാലു പേരെയാണ് പരമോന്നത പുരസ്‌കാരം നല്‍കി ആദരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം