ദേശീയം

സ്വന്തം ജീവിതത്തില്‍ മോദി രാമനെ പിന്തുടര്‍ന്നിട്ടില്ല. പ്രത്യേകിച്ച് ഭാര്യയോടുള്ള പെരുമാറ്റം; വിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ ശ്രീരാമവിഗ്രഹം പ്രതിഷ്ഠിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷ്ഠാ ചടങ്ങുകള്‍. അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തുറന്നടിച്ച് ബിജെപി നേതാവും മുന്‍ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി. പൂജയില്‍ മോദിയുടെ സ്ഥാനം പൂജ്യമാമെന്നും വ്യക്തി ജീവിതത്തില്‍ മോദി രാമനെ പിന്തുടര്‍ന്നിട്ടില്ലെന്നും കഴിഞ്ഞ ദശകത്തില്‍ മോദി പ്രധാനമന്ത്രി എന്ന നിലയില്‍ രാമരാജ്യത്തിനനുസരിച്ച് പ്രവര്‍ത്തിച്ചിട്ടില്ലെന്നും സ്വാമി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

പൂജയില്‍ പ്രധാനമന്ത്രിയുടെ സ്ഥാനം പൂജ്യമാണെന്നിരിക്കെയാണ് മോദി പ്രാണ പ്രതിഷ്ഠാ പൂജയിലേക്ക് കടന്നത്. സ്വന്തം ജീവതത്തില്‍ മോദി ഒരിക്കലും ഭഗവാന്‍ രാമനെ പിന്തുടര്‍ന്നിട്ടില്ല, പ്രത്യേകിച്ചും ഭാര്യയോടുള്ള പെരുമാറ്റം, കഴിഞ്ഞ ദശകത്തില്‍ പ്രധാനമന്ത്രി എന്ന നിലയില്‍ രാമരാജ്യത്തിനനുസരിച്ച് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ല,' സുബ്രഹ്മണ്യന്‍ സ്വാമി കുറിച്ചു.

നേരത്തയും മോദിക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശനമുന്നയിച്ചിരുന്നു. ഭാര്യയെ ഉപേക്ഷിച്ച മോദിക്ക്, ഭാര്യയെ രക്ഷിക്കാന്‍ യുദ്ധംചെയ്ത രാമന്റെ പേരിലുള്ള ക്ഷേത്രത്തില്‍ എങ്ങനെ പൂജ ചെയ്യാനാകും എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. 

അഭിജിത് മുഹൂര്‍ത്തത്തില്‍ ഏറ്റവും വിശേഷപ്പെട്ട സമയമായ ഉച്ചയ്ക്ക് 12:29:08 നും 12:30: 32 നും ഇടയിലാണ് അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ ബാലരാമ വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങ് നടന്നത്. മുഖ്യയജമാനന്‍ ആയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം വഹിച്ചത്. ചടങ്ങ് നടക്കുമ്പോള്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും മോദിക്കൊപ്പം ഉണ്ടായിരുന്നു. കാശിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ആണ് ചടങ്ങിന് കാര്‍മികത്വം വഹിച്ചത്. ചടങ്ങിന് സാക്ഷിയായി 121 ആചാര്യന്മാരും പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു.

പ്രതിഷ്ഠാ ചടങ്ങിലെ നിര്‍ണായകമായ 84 സെക്കന്‍ഡിനുള്ളില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. അഭിജിത് മുഹൂര്‍ത്തത്തിലെ 84 സെക്കന്‍ഡ് പ്രതിഷ്ഠാ കര്‍മ്മത്തിനുള്ള ഏറ്റവും ശുഭകരമായ സമയമാണെന്ന് പുരോഹിതരാണ് കുറിച്ചു നല്‍കിയത്. പ്രതിഷ്ഠാ ചടങ്ങിനുള്ള ഏറ്റവും നല്ല ഗ്രഹസ്ഥാനമായി കണ്ടാണ് പുരോഹിതര്‍ ഈ സമയം നിര്‍ദേശിച്ചത്.

പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ അയോധ്യയില്‍ എത്തിയ മോദിയെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്നാണ് സ്വീകരിച്ചത്. തുടര്‍ന്ന് ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍ പ്രവേശിച്ച് ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നു. രാംലല്ലയ്ക്കുള്ള സമ്മാനങ്ങളായ പട്ടുപുടവയും വെള്ളിക്കുടയും അദ്ദേഹം കൈമാറി.

ഒരാഴ്ച നീണ്ട അനുഷ്ഠാനങ്ങളുടെ ഭാഗമായി ഇന്നലെ ശയ്യാധിവാസത്തിനു കിടത്തിയ രാമ വിഗ്രഹത്തെ ഉണര്‍ത്താനുള്ള ജാഗരണ അധിവാസത്തോടെയാണ് ഇന്ന് ചടങ്ങുകള്‍ തുടങ്ങിയത്. രാവിലെ ജലാഭിഷേകവും നടന്നു. വിവിധ നദികളില്‍നിന്നും പുണ്യസ്ഥലങ്ങളില്‍നിന്നും ശേഖരിച്ച 114 കലശങ്ങളില്‍ നിറച്ച ജലംകൊണ്ടാണ് ഞായറാഴ്ച വിഗ്രഹത്തിന്റെ സ്‌നാനം നടത്തിയത്.

മൈസൂരുവിലെ ശില്‍പി അരുണ്‍ യോഗിരാജ് കൃഷ്ണശിലയില്‍ തീര്‍ത്ത 51 ഇഞ്ച് വിഗ്രഹമാണ് പ്രതിഷ്ഠ. 5 വയസുള്ള ബാലനായ രാമന്റെ വിഗ്രഹമാണിത്. ഇതോടൊപ്പം ഇതുവരെ താല്‍ക്കാലിക ക്ഷേത്രത്തില്‍ ആരാധിച്ചിരുന്ന രാംല്ല വിഗ്രഹമടക്കമുള്ളവയും പ്രതിഷ്ഠിച്ചിട്ടുണ്ട്. നാളെ മുതലാണ് പൊതുജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കുന്നത്. പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി രാവിലെ മുതല്‍ തന്നെ ക്ഷേത്രത്തിലേക്ക് പ്രത്യേക ക്ഷണിതാക്കള്‍ എത്തിത്തുടങ്ങിയിരുന്നു. കനത്ത സുരക്ഷാ വലയത്തിലാണ് ക്ഷേത്രപരിസരം.

380ഃ250 അടിയുള്ള ക്ഷേത്രം പരമ്പരാഗത ഉത്തരേന്ത്യന്‍ നാഗര ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ 392 തൂണുകളിലും 44 വാതിലുകളിലും ചുവരുകളിലും ദേവീദേവന്മാരുടെ കൊത്തുപണികളുണ്ട്. സമുച്ചയത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്താണ് കുബേര്‍ തില സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിനടുത്തായി ഒരു കിണര്‍ ഉണ്ട്. ഏറെ പഴക്കമുള്ളതാണ് ഈ കിണര്‍ എന്ന് വിശ്വസിക്കപ്പെടുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ