ധനകാര്യം

കൊള്ളയടി ഇനി നടക്കില്ല !  ; മീൻവില ഓൺലൈനായി അറിയാൻ സംവിധാനം വരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മീൻ വിലയിൽ കച്ചവടക്കാരുടെ കൊള്ള ഇനി നടക്കില്ല. മത്സ്യ മാർക്കറ്റുകളിലെ മീൻവില ഓൺലൈനായി അറിയാൻ സംവിധാനം വരുന്നു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ്, മത്സ്യമാർക്കറ്റുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് വികസിപ്പിക്കുന്ന ഗവേഷണ പദ്ധതിക്ക് തുടക്കമിടുന്നത്. മത്സ്യ മാർക്കറ്റുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, അതാത് മാർക്കറ്റുകളിലെ തത്സമയ മീൻവില എന്നിവ പൊതുജനങ്ങൾക്ക് അറിയുന്നതിനും വാണിജ്യ പ്രാധാന്യ മത്സ്യങ്ങളുടെ ഇ-ലേലത്തിന് അവസരമൊരുക്കുന്നതിനുമുള്ള സംവിധാനം വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. 

മത്സ്യത്തൊഴിലാളികൾ, ഉപഭോക്താക്കൾ, വിതരണക്കാർ, മത്സ്യ സംസ്‌കരണവ്യവസായികൾ എന്നിവർക്കെല്ലാം ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണിതെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന സിഎംഎഫ്ആർഐ പറയുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.രാജ്യത്തെ 1500 മത്സ്യമാര്‍ക്കറ്റുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ലാന്‍ഡിംഗ് സെന്ററുകള്‍, മൊത്തവ്യാപാര മാര്‍ക്കെറ്റുകള്‍, ചില്ലറ വ്യാപാര മാര്‍ക്കെറ്റുകള്‍ കൃഷി ഉല്‍പാദന മാര്‍ക്കറ്റുകള്‍ എന്നിവ ഇതില്‍ ഉൾപ്പെടും.

ആദ്യഘട്ടത്തില്‍ കേരളമുള്‍പ്പെടെ ഏഴ് തീരദേശ സംസ്ഥാനങ്ങളിലെ 500 മാര്‍ക്കെറ്റുകളാണ്  ഉണ്ടാവുക. ഓരോ മാര്‍ക്കെറ്റുകള കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങളും ആഴ്ചതോറുമുള്ള മീന്‍ വിലയും ഇലക്ട്രോണിക് ടാബ് വഴി ശേഖരിച്ച് ഓണ്‍ലൈന്‍ ഡാറ്റാബേസ് തയ്യാറാക്കും. മാര്‍ക്കറ്റുകളുടെ സ്ഥിതിവിവരം, വിപണന സമയം, ഗതാഗത സൗകര്യം, മീന്‍ വരവ്, വില്‍പ്പനയ്ക്കുള്ള മീനുകള്‍, കൂടുതല്‍ ആവശ്യക്കാരുള്ള മീനുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, 150ഓളം മത്സ്യങ്ങളുടെ ശരാശരി വില എന്നിവ ശേഖരിക്കും. ഇവ ഓണ്‍ലൈനായി എന്‍.എഫ്.ഡി.ബി (www.nfdb.gov.in) സി.എം.എഫ്.ആര്‍.ഐ (www.cmfri.org.in) വെബ്‌സൈറ്റുകളില്‍ നിന്ന് ഒക്ടോബര്‍ മുതല്‍ അറിയാനാകും. പിന്നീട് ഇതിന് മാത്രമായി പ്രത്യേകം വെബ്‌സൈറ്റ് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി