ധനകാര്യം

സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ താഴേക്ക് ;  ആറുശതമാനമായി ഇടിയുമെന്ന് ലോകബാങ്ക് ; ഭൂട്ടാനും നേപ്പാളിനും പിന്നില്‍

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍ :  ഇന്ത്യയില്‍ ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ച ആറു ശതമാനമായി ഇടിയുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളുടേതിനേക്കാളും കുറവാകുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ബംഗ്ലദേശ് 8.1 %, ഭൂട്ടാൻ 7.4 %, നേപ്പാൾ 6.5 % എന്നിങ്ങനെയാകും വളർച്ച. ദക്ഷിണേഷ്യാ സാമ്പത്തിക റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇന്ത്യയുടെ വളര്‍ച്ചനിരക്കില്‍ ലോകബാങ്ക് കുറവുവരുത്തിയത്.2018-19 സാമ്പത്തികവര്‍ഷത്തില്‍ 6.9 ശതമാനമായിരുന്നു വളര്‍ച്ചനിരക്ക്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദങ്ങളിലെ വളര്‍ച്ചനിരക്കില്‍ ഇടിവു രേഖപ്പെടുത്തിയതിനുപിന്നാലെയാണ് ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച അനുമാനം ആറുശതമാനമായി ലോകബാങ്ക് കുറച്ചത്. 

കഴിഞ്ഞ ഏപ്രിലില്‍ പ്രവചിച്ച 7.5 ശതമാനത്തില്‍ നിന്നാണ് വളര്‍ച്ചനിരക്ക് ലോകബാങ്ക് കുറയ്ക്കുന്നത്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ജിഎസ്ടി നടപ്പാക്കിയതും നോട്ട് അസാധുവാക്കിയതിനൊപ്പം ഗ്രാമീണസമ്പദ് വ്യവസ്ഥയിലെ സമ്മര്‍ദവും നഗരമേഖലകളില്‍ തൊഴിലില്ലായ്മ നിരക്കു കുത്തനെ കൂടിയതും സ്ഥിതി വഷളാക്കിയതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.  രാജ്യത്തെ ദുര്‍ബലമായ സാമ്പത്തികമേഖലയെ കൂടുതല്‍ തകര്‍ച്ചയിലേക്കു തള്ളിവിടാന്‍ വളര്‍ച്ചയിലെ 'കടുത്ത' ഇടിവ് ഇടയാക്കിയേക്കുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്.

ദക്ഷിണേഷ്യയിലാകെ മാന്ദ്യം ബാധിച്ചിട്ടുണ്ട്. ആഭ്യന്തര ഉപഭോഗത്തിലെ കുറവാണ് ഇന്ത്യയുടെ തളര്‍ച്ചയ്ക്കു മുഖ്യകാരണം. അവസാന പാദത്തില്‍ സ്വകാര്യ ഉപഭോഗത്തില്‍ 3.1% വര്‍ധനയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഈ സമയം 7.3% ആയിരുന്നു. ഉല്‍പാദനമേഖലയില്‍ കഴിഞ്ഞ വര്‍ഷം ഈ സമയം 10% ആയിരുന്ന വളര്‍ച്ച ഈ വര്‍ഷം രണ്ടാംപാദത്തില്‍ ഒരു ശതമാനത്തിനും താഴേക്കു പോയി. വ്യവസായ ഉല്‍പാദനത്തിലെയും ഇറക്കുമതിയിലെയും ഇടിവും വിപണിയിലെ അസ്വസ്ഥതകളും കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകളാണെന്നു റിപ്പോര്‍ട്ട് പുറത്തിറക്കിയ ലോക ബാങ്ക് വൈസ് പ്രസിഡന്റ് (സൗത്ത് ഏഷ്യ) ഹാര്‍വിഗ് ഷാഫര്‍ പറഞ്ഞു.

അന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്)യുമായി ചേര്‍ന്നുള്ള വാര്‍ഷിക സമ്മേളത്തിനു മുന്നോടിയായാണ് ലോകബാങ്ക് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചനിരക്കില്‍ അവര്‍ കുറവുവരുത്തുന്നത്. ഗ്രാമീണമേഖലയിലെ വരുമാനക്കുറവ്, ആഭ്യന്തരവിപണിയിലെ കുറഞ്ഞ ആവശ്യം, ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിലെ വായ്പകളിലുണ്ടായ ഇടിവ് എന്നീ ഘടകങ്ങള്‍ ഉപഭോഗം കുറവായിത്തന്നെ തുടരുന്നതിന് ഇടയാക്കും. കാര്‍ഷിക (2.9 ശതമാനം), സേവനമേഖലകളിലെ(7.5 ശതമാനം) വളര്‍ച്ചനിരക്ക് ഇടിഞ്ഞുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, 2021ലും (6.9 ശതമാനം) 2022ലും (7.2 ശതമാനം) ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വളര്‍ച്ച മെച്ചപ്പെടുത്തുമെന്നും ലോകബാങ്ക് വ്യക്തമാക്കി.


'നേരിയ തോതിലുള്ള സാമ്പത്തികമാന്ദ്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. 2012ലേതുമായി ഇതു താരതമ്യപ്പെടുത്താവുന്നതാണ്. 2009 ലുണ്ടായിരുന്ന സാമ്പത്തികമാന്ദ്യത്തെക്കാള്‍ കുറവാണ്. എന്നാല്‍, ഇതു കുറച്ചുഗുരുതരമാണ്, അതാണു സത്യം' ഹാന്‍സ് ടിമ്മര്‍ പറഞ്ഞു. അന്താരാഷ്ട്രീയ ഘടകങ്ങളാണ് രാജ്യത്തെ മാന്ദ്യത്തിന് 80 ശതമാനവും കാരണമെന്നും ഹാന്‍സ് ടിമ്മര്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡിസ് കഴിഞ്ഞയാഴ്ച ഇന്ത്യയുടെ വളര്‍ച്ച അനുമാനം നേരത്തേ പ്രവചിച്ച 6.2ല്‍നിന്ന് 5.8 ആക്കി കുറച്ചിരുന്നു. മാന്ദ്യത്തെ മറികടക്കാന്‍ ഇതിനകം കേന്ദ്രസര്‍ക്കാരും റിസര്‍വ്ബാങ്കും ഒട്ടേറെ ഉത്തേജകപദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു