ധനകാര്യം

ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് പരമാവധി 500 രൂപ ലേറ്റ് ഫീ, കോവിഡ് കാലത്ത് പലിശനിരക്ക് പകുതിയായി വെട്ടിക്കുറച്ചു; ആശ്വാസ നടപടിയുമായി ജിഎസ്ടി കൗണ്‍സില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ വ്യാപാരികള്‍ക്ക് ഇളവ് അനുവദിച്ച് ജിഎസ്ടി കൗണ്‍സില്‍. ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്തിയവരുടെ പരമാവധി ലേറ്റ് ഫീ 500 രൂപയായി നിജപ്പെടുത്തി. ജൂലൈ ഒന്നിനും സെപ്റ്റംബര്‍ 30 നും ഇടയില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് ഇളവ് അനുവദിക്കാനാണ് ജിഎസ്ടി കൗണ്‍സില്‍ തീരുമാനം.

ജൂലൈ 2017 നും ജനുവരി 2020 കാലയളവില്‍ ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. വരുന്ന ജൂലൈ ഒന്നിനും സെപ്റ്റംബര്‍ 30നും ഇടയില്‍ റിട്ടേണ്‍ സമര്‍പ്പിക്കാനാണ് അവസരം നല്‍കിയത്. പരമാവധി 500 രൂപ മാത്രമേ ലേറ്റ് ഫീയായി ഈടാക്കുകയുളളൂ. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കച്ചവടക്കാര്‍ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് ആശ്വാസ നടപടി.

ഇതിന് പുറമേ അഞ്ചുകോടിയില്‍ താഴെ വിറ്റുവരവുളള ചെറുകിട കച്ചവടക്കാര്‍ക്ക് തുടര്‍ന്നുളള മാസങ്ങളിലും ഇളവ് അനുവദിച്ചു. അതായത് ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ റിട്ടേണ്‍ സമര്‍പ്പിക്കാത്തവരുടെ പലിശയാണ് കുറച്ചത്. സെപ്റ്റംബര്‍ 30 ന് മുന്‍പ് റിട്ടേണ്‍ സമര്‍പ്പിക്കുകയാണെങ്കില്‍ പലിശ ഒന്‍പത് ശതമാനം മാത്രമായിരിക്കും. നിലവില്‍ 18 ശതമാനമാണ് പലിശ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കച്ചവടക്കാരെ സഹായിക്കാന്‍ പലിശ പകുതിയായി വെട്ടിക്കുറച്ചതായി ജിഎസ്ടി കൗണ്‍സില്‍ പ്രഖ്യാപിച്ചു.

ജിഎസ്ടി നഷ്ടപരിഹാരം നല്‍കണമെന്ന സംസ്ഥാനങ്ങളുടെ ആവര്‍ത്തിച്ചുളള ആവശ്യം പരിഗണിക്കാന്‍ ജൂലൈയില്‍ പ്രത്യേക ജിഎസ്ടി യോഗം ചേരുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. പാന്‍ മസാലയുടെ നികുതി സംബന്ധിച്ച് വരുന്ന ജിഎസ്ടി യോഗത്തില്‍ ചര്‍ച്ച നടത്തുമെന്നും അവര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി