Sonia Gandhi  ANI
Health

സ്തനാർബുദത്തിന് പിന്നാലെ പാൻക്രിയാസിൽ, ശരീരമാകെ വ്യാപിച്ചുവെന്ന് ഭയപ്പെട്ടു; കാൻസർ പോരാട്ടത്തെ കുറിച്ച് സോണിയ ​ഗാന്ധി

ഇറ്റലിയിലെ മിലാനിലുള്ള യൂറോപ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിലാണ് ആദ്യ ശസ്ത്രക്രിയ നടത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും ശക്തയായ വനിത നേതാക്കളിൽ ഒരാളാണ് സോണിയ ​ഗാന്ധി. അവരുടെ രാഷ്ട്രീയ ജീവിതം എന്നും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. എന്നാൽ അതിനപ്പുറം വ്യക്തിജീവിതത്തിൽ നേരിട്ട രോ​ഗാവസ്ഥകളെ കുറിച്ച് മുൻ കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി ആദ്യമായി വെളിപ്പെടുത്തുന്നു. ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പേരിൽ പുറത്തിറക്കിയ ഓർമക്കുറിപ്പിലാണ് ആരോഗ്യാവസ്ഥ സോണിയ ആദ്യമായി പങ്കുവെക്കുന്നത്.

2010-ൽ സ്തനാർബുദം സ്ഥിരീകരിച്ചതിനെ തുടർന്ന് ശാസ്ത്രക്രിയയ്ക്ക് വിധേയയായെന്നും ഒരു വർഷത്തിന് ശേഷം ഫോളോഅപ്പ് ചെക്കപ്പിനിടെ പാൻക്രിയാസിൽ മറ്റൊരു വളർച്ച കണ്ടെത്തിയെന്നും സോണിയ പുസ്തകത്തിൽ പറയുന്നുണ്ട്. യുപിഎ സർക്കാരിന്റെ രണ്ടാം ഭരണകാലത്താണ് സോണിയയ്ക്ക് ആരോ​ഗ്യപ്രശ്നങ്ങൾ ആരംഭിക്കുന്നത്.

ഡൽഹിയിലെ സർ ഗംഗ റാം ആശുപത്രിയിലെ ഡോക്ടർമാരിൽ പൂർണ വിശ്വാസമുണ്ടായിരുന്നെങ്കിലും ഇന്ത്യയിൽ ചികിത്സ നടത്തിയാൽ മാധ്യമശ്രദ്ധയും സ്വകാര്യത നഷ്ടപ്പെടുകയും ചെയ്യുമെന്ന ആശങ്കയിലാണ് വിദേശത്ത് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. പരിശോധനാഫലം അറിഞ്ഞപ്പോൾ താൻ ഏറെ ഭയപ്പെട്ടെന്നും ആശങ്കാകുലയായെന്നും സോണിയ ഓർമക്കുറിപ്പിൽ പറയുന്നു.

'സമയം കളയാനില്ലെന്നും ഉടൻ ചികിത്സ വേണമെന്നും ഡോക്ടർമാർ തന്നോടും മക്കളോടും പറഞ്ഞു. മനസിൽ പലവിധ ഭയപ്പെടുത്തുന്ന ചിന്തകളും കടന്നുവന്നു' എന്നാണ് പുസ്തകത്തിൽ അവർ കുറിച്ചിരിക്കുന്നത്. ഒരു പൊതുപ്രവർത്തകയായതുകൊണ്ട് സ്വകാര്യതയ്ക്കുള്ള അവകാശം ഇല്ലാതാകുന്നുണ്ടോ എന്നും അവർ ചോദിക്കുന്നു.

ഇറ്റലിയിലെ മിലാനിലുള്ള യൂറോപ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിലാണ് ആദ്യ ശസ്ത്രക്രിയ നടത്തിയത്. പ്രശസ്ത സർജൻ ഡോ. വെറോനെസിയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ശസ്ത്രക്രിയയ്ക്കിടെ രണ്ട് മുഴകൾ നീക്കം ചെയ്തു. സംശയാസ്പദമല്ലാത്ത മറ്റൊരു മുഴയും മുൻകരുതലിന്റെ ഭാഗമായി നീക്കം ചെയ്തിരുന്നു. കൂടാതെ അഞ്ച് ആഴ്ചത്തെ റേഡിയോതെറാപ്പി ഒഴിവാക്കുന്നതിനായി ശസ്ത്രക്രിയയ്ക്കിടെ തന്നെ റേഡിയേഷൻ ചികിത്സയും നൽകി.

ആദ്യ ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷത്തിനുശേഷം, 2011ൽ പതിവ് പരിശോധനയ്ക്കിടെയാണ് പാൻക്രിയാസിൽ മറ്റൊരു വളർച്ച കണ്ടെത്തിയത്. ഇത് ആദ്യത്തെ രോഗത്തിന്റെ ആവർത്തനമാണോ എന്ന ആശങ്ക ഉണ്ടായിരുന്നു. തുടർന്നുള്ള പരിശോധനകൾക്ക് ശേഷം ഉടൻ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഇത്തവണ നെതർലൻഡ്‌സിലെ റോട്ടർഡാമിലുള്ള ഇറാസ്മസ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലായിരുന്നു ചികിത്സ. പ്രശസ്ത പാൻക്രിയാറ്റിക് സർജൻ ഡോ. കാസ്പർ വാൻ എയ്ക് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.

രോഗത്തിന്റെ യഥാർഥ വ്യാപ്തി ശസ്ത്രക്രിയയ്ക്കു ശേഷം മാത്രമേ വ്യക്തമാകൂ എന്നതിനാൽ താൻ ഏറെ ആശങ്കപ്പെട്ടിരുന്നുവെന്ന് സോണിയ പറയുന്നു. രോഗം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടാകുമോ, കീമോതെറാപ്പി വേണ്ടിവരുമോ, എത്രകാലം വീട്ടിൽ നിന്നും ജോലിയിൽ നിന്നും മാറിനിൽക്കേണ്ടിവരും തുടങ്ങിയ ചിന്തകൾ അലട്ടിയിരുന്നു.

എന്നാൽ ശസ്ത്രക്രിയയ്ക്കുശേഷം ട്യൂമർ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താനായെന്നും അർബുദത്തിന് മുമ്പുള്ള അവസ്ഥയിലായിരുന്നുവെന്നും ഡോക്ടർ അറിയിച്ചു. നാലാഴ്ചയോളം ആശുപത്രിയിൽ തങ്ങി. രണ്ട് ശസ്ത്രക്രിയകൾക്കു ശേഷവും കീമോതെറാപ്പി വേണ്ടിവന്നില്ലെന്നത് വലിയ ആശ്വാസമായിരുന്നുവെന്നും അവർ പുസ്തകത്തിൽ പറയുന്നു.

പാൻക്രിയാറ്റിക് കാൻസർ

പാൻക്രിയാസിലെ കോശങ്ങളുടെ അമിതവളർച്ച മൂലമുണ്ടാകുന്ന അർബുദമാണിത്. ഭക്ഷണം ദഹിക്കാനുള്ള എൻസൈമുകളെ ഉത്പാദിപ്പിക്കുന്നതും രക്തത്തിലെ ഷുഗർനില നിയന്ത്രിക്കാനുള്ള ഹോർമോൺ ഉത്പാദിപ്പിക്കുന്നതുമൊക്കെ പാൻക്രിയാസ് ആണ്. പാൻക്രിയാറ്റിക് ഡക്റ്റൽ അഡിനോകാർസിനോമയാണ് ഏറ്റവും സാധാരണമായി കണ്ടുവരുന്നത്. പ്രാരംഭഘട്ടങ്ങളിൽ തിരിച്ചറിയപ്പെടാതെ പോകാനുള്ള സാധ്യതയും ഈ അർബുദത്തിൽ കൂടുതലാണ്. അതിനു പ്രധാന കാരണം പാൻക്രിയാറ്റിക് അർബുദം ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക് പടരുന്നതിന് മുമ്പ് ലക്ഷണങ്ങളിൽ പ്രകടമാകില്ല എന്നതാണ്.

ലക്ഷണങ്ങൾ

രോഗം വൈകിയ ഘട്ടങ്ങളിൽ മാത്രമേ പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാവുകയുള്ളൂ. വയറിന്റെ വശങ്ങളിലോ പുറംഭാഗത്തോ ഉള്ള വേദന, വിശപ്പില്ലായ്മ, വണ്ണം കുറയുക, മഞ്ഞപ്പിത്തം, മൂത്രത്തിന് ഇരുണ്ടനിറം, ചൊറിച്ചിൽ, പ്രമേഹം, കൈയിലോ, കാലിലോ വേദനയും വീക്കവും, അമിതക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

സ്തനാർബുദം; അഞ്ച് ലക്ഷണങ്ങൾ

  • കക്ഷത്തിൽ ഉണ്ടാകുന്ന മുഴകൾ

  • സ്തനവലിപ്പത്തിലെ മാറ്റങ്ങൾ

  • മുലക്കണ്ണുകളിൽ നിന്നുള്ള അസാധാരണമായ സ്രവം. രക്തം കലർന്നതോ മഞ്ഞ കലർന്ന നിറത്തിലോ സ്രവങ്ങൾ കണ്ടാൽ ഡോക്ടറിനെ വിവരമറിയിക്കണം.

  • കോളർബോണിലോ കക്ഷത്തിനോ സമീപം നീർവീക്കം

  • ലിംഫിന് സമീപത്തുള്ള വേദന

സ്തനാർബുദം നേരത്തെ തിരിച്ചറിയാൻ സ്വയം സ്തന പരിശോധന (SBE) ഏറെ പ്രധാനമാണ്. അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിലൂടെയും കൃത്യമായി പാലിക്കുന്നതിലൂടെയും സ്തനാർബുദത്തെ നേരത്തെ തിരിച്ചറിയാനും ചികിത്സിക്കാനും കഴിയും.

സ്വയം സ്തന പരിശോധന എങ്ങനെ നടത്താം

സ്റ്റെപ്പ് 1: സമയം തിരഞ്ഞെടുക്കുക: ഓരോ മാസവും സ്ഥിരമായ ഒരു സമയം തിരഞ്ഞെടുക്കുക, നിങ്ങളുടെ ആർത്തവചക്രം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമുള്ള സമയമായിക്കണം തിരഞ്ഞെടുക്കേണ്ടത്.

സ്റ്റെപ്പ് 2: വിഷ്വൽ ഇൻസ്പെക്ഷൻ: നിങ്ങളുടെ കൈകൾ വശങ്ങളിൽ വച്ച് കണ്ണാടിക്ക് മുന്നിൽ നിൽക്കുക. വലുപ്പത്തിലോ ആകൃതിയിലോ ചർമ്മത്തിന്റെ ഘടനയിലോ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുക.‌

സ്റ്റെപ്പ് 3: നിങ്ങളുടെ തലയുടെ മുകളിൽ കൈകൾ ഉയർത്തി അതേ മാറ്റങ്ങൾ നിരീക്ഷിക്കുക.

സ്റ്റെപ്പ് 4: നേരെ കിടക്കുക. ഒരു ചെറിയ തലയിണയോ മടക്കിയ ടൗവ്വലോ ഉപയോ​ഗിച്ച് തോളിനോട് ചേർത്ത് വെക്കുക. കൈകൾ ഉപയോ​ഗിച്ച് സ്തനങ്ങൾ ക്ലോക്‌വൈസിൽ പരിശോധിക്കുക.

സ്റ്റെപ്പ് 5: ഇരു കക്ഷങ്ങളും പരിശോധിക്കുക. ലിംഫ് ഭാ​ഗത്ത് ഏതെങ്കിലും തരത്തിൽ തടിപ്പ്, വേദന, അസാധാരണമായ മാറ്റങ്ങൾ എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറുമായി ബന്ധപ്പെടുക.

സ്തനാരോ​ഗ്യത്തിനായി എല്ലാ പ്രായത്തിലുള്ള സ്ത്രീകളും നിർബന്ധമായി ചെയ്‌തിരിക്കേണ്ടതാണ് സ്വയം സ്തന പരിശോധന. വീട്ടിലിരുന്ന് ലളിതമായി ചെയ്യാവുന്ന ഈ സ്തന പരിശോധന രോ​ഗങ്ങൾ നേരത്തെ കണ്ടെത്താനും ചികിത്സിച്ച് മാറ്റാനും സഹായിക്കും. ബോധവൽക്കരണമാണ് പ്രാഥമിക പ്രതിരോധ നടപടി. കൂടുതൽ ബോധവൽക്കരണം നടത്തുന്നതിലൂടെ സ്തനാർബുദത്തെ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാനും രോ​ഗ നിർണയം നടത്താനും സാധിക്കും.

Congress leader Sonia Gandhi reveals about her cancer battle in the book, Belonging the journey of love

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അതെ..സാഹബ് ഇനിയില്ല..'; രാജീവിന്റെ മരണം സോണിയയോട് സ്ഥിരീകരിച്ചത് വിന്‍സന്റ് ജോര്‍ജ്

ജിഎൻഎയുമായി കരാർ തന്നെയില്ല, പിന്നെങ്ങനെ പിന്മാറും?; മറുപടിയുമായി മുഖ്യമന്ത്രി

ദീപാവലി കരുത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 1300 പോയിന്റ് കുതിച്ചു, നിക്ഷേപകര്‍ക്ക് ആറുലക്ഷം കോടിയുടെ നേട്ടം

എക്സൈസ് മാസപ്പടി കൈക്കൂലി കേസ്: ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെആർ അജയുടെ മൊഴി രേഖപ്പെടുത്തി വിജിലൻസ്

C-MET: തൃശൂരിൽ നിരവധി ഒഴിവുകൾ; ബിരുദം, ഡിപ്ലോമ യോഗ്യത, അഭിമുഖം 20,23 തീയതികളിൽ