ജീവിതം

പാവപ്പെട്ട യുവതികളുടെ വിവാഹത്തിന് കൈത്താങ്ങായി 14 ആങ്ങളമാര്‍ 

സമകാലിക മലയാളം ഡെസ്ക്

പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹസ്വപ്നങ്ങള്‍ക്ക് നിറപ്പകിട്ടേകാനായി ഒരു പറ്റം ആങ്ങളമാര്‍. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 14 ചെറുപ്പക്കാരാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടികളുടെ വിവാഹത്തിനായി മുണ്ടു മടക്കിക്കുത്തി തയ്യാറെടുത്തിരിക്കുന്നത്. ആങ്ങളമാരുടെ നേതൃത്വത്തില്‍ ആദ്യ വിവാഹം ഈ മാസം 11-ാം തിയതി പാലക്കാട് മണ്ണാര്‍കാടില്‍ നടക്കും. വിവാഹ സംബന്ധമായ എല്ലാ ചിലവുകളും വഹിക്കാന്‍ തയ്യാറായെത്തുന്ന ഈ ആണ്‍ സംഘത്തിന്റെ പേരാണ് ആങ്ങളമാര്‍. 

'മോശമായ സാമ്പത്തിക ചുടുപാടുകള്‍ കാരണം വിവാഹിതരാകാന്‍ കഴിയാതെ നില്‍ക്കുന്ന പെണ്‍കുട്ടികള്‍ നിങ്ങളുടെ പരിചയത്തില്‍ ഉണ്ടെങ്കില്‍ അവരെ സഹായിക്കാന്‍ ആങ്ങളമാരുടെ സ്ഥാനത്ത് ഞങ്ങളുണ്ടാകും', സംഘാംഗങ്ങള്‍ ഗ്രൂപ്പിന്റെ ലക്ഷ്യം ഒറ്റവാചകത്തില്‍ അവതരിപ്പിക്കുന്നതിങ്ങനെ. ജീവിതചിലവ് തന്നെ താങ്ങാനാവാത്തവിധം കൂടിവരുമ്പോള്‍ പെണ്‍മക്കളുടെ വിവാഹചിലവ് വഹിക്കാന്‍ കഴിയാത്തതിനാല്‍ മക്കളുടെ വിവാഹം മനഃപൂര്‍വ്വം വൈകിപ്പിക്കുന്ന ഒരുപാട് മാതാപിതാക്കള്‍ ഇന്നുണ്ട്. അവര്‍ക്കിടയിലേക്ക് ആങ്ങളമാരുടെ സ്ഥാനത്ത് ഇവര്‍ തങ്ങളെ സ്വയം സമര്‍പ്പിക്കുന്നു. 

അപേക്ഷ ലഭിക്കുന്നവരില്‍ നിന്ന് അര്‍ഹരായവരെ കണ്ടെത്തികഴിഞ്ഞാല്‍ പിന്നെ ആങ്ങളമാര്‍ രംഗത്തിറങ്ങുകയാണ്. വിവാഹക്ഷണകത്ത് മുതല്‍ സ്വര്‍ണം, വസ്ത്രം, മണ്ഡപം, പന്തല്‍, സല്‍ക്കാരം എന്നിങ്ങനെ എന്തിനും ഏതിനും ഇവര്‍ ഉണ്ടാകും. കല്ല്യാണസദ്യയൊരുക്കാന്‍ മുതല്‍ സദ്യ വിളമ്പാന്‍ വരെ ഇവര്‍ എത്തും. വധുവിന്റെ വീട്ടില്‍ വിവാഹത്തിന്റെ തലേദിവസം ഗാനമേള അടക്കമുള്ള പരിപാടികളും ഇവര്‍ സംഘടിപ്പിക്കുന്നുണ്ട്. അങ്ങനെ മൊതത്തില്‍ ഒരു അടിപൊളി കല്ല്യാണം തന്നെയാണ് ഈ ആങ്ങളമാരുടെ സമ്മാനം. 

വരനെ കണ്ടെത്തേണ്ട ഉത്തരവാദിത്വം മാത്രമാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കുള്ളത്. വരനെ കണ്ടെത്തിയിട്ടും വിവാഹം നടത്താന്‍ വിഷമിക്കുന്നവരോട് മടികൂടാതെ തങ്ങളെ സമീപിക്കാനാണ് ഇവരുടെ വാക്ക്. ആങ്ങളമാര്‍ എന്ന പേരില്‍ ഇവര്‍ ഒരു ഫേസ്ബുക്ക് പേജും ആരംഭിച്ചിട്ടുണ്ട്. ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ ചുറ്റുമുള്ളവരുടെ കണ്ണീരൊപ്പാനുള്ളതാണെന്ന തിരിച്ചറിവാണ് ഇത്തരത്തിലൊരു ദൗത്യം ഏറ്റെടുക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഇവര്‍ പറയുന്നു. 

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിലെ ജീവനക്കാരായ 14 പേരാണ് ഈ ഉദ്യമത്തില്‍ കൈകോര്‍ക്കുന്നവര്‍. സ്വന്തം വരുമാനത്തില്‍ നിന്നാണ് ഇവര്‍ ഇതിനായുള്ള പണം കണ്ടെത്തുന്നത്. ഒട്ടനവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ബോബി ചെമ്മണൂര്‍ തന്നെയാണ് ഇവരുടെ മാതൃകയും. ഇതെല്ലാം കേട്ട് വെറുതെ പറയുന്നതാണെന്ന് പറഞ്ഞ് നടക്കുന്നവരോട് ഇവര്‍ക്ക് പറയാനുള്ളത് ഒന്നുമാത്രം, ഫെബ്രുവരി 11ന് രാവിലെ 9:30നും 10നും ഇടയില്‍ കക്കുപ്പടി മഹാദേവ ക്ഷേത്രത്തിലേക്ക് എത്തിക്കോളൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത