ജീവിതം

സ്‌കൂളില്‍ പോകാത്ത, മുടി നീട്ടി വളര്‍ത്തുന്ന, ദിവസവും മൂന്ന് സിനിമ കാണുന്ന പ്ലസ്ടൂക്കാരന്‍ മകനെക്കുറിച്ച്‌ ഈ അച്ഛന് അഭിമാനമാണ്

ജീന ജേക്കബ്

' ഫോട്ടോയില്‍ കാണുന്ന കൗമാരക്കാരന്‍ എന്റെ മകനാണ്. പ്ലസ് ടു കഴിഞ്ഞു.
സ്‌കൂളില്‍ പോകാറില്ല. ദിവസം ശരാശരി മൂന്നു സിനിമ ഡൗണ്‍ലോഡു ചെയ്തു കാണും. 
മുടി നീട്ടി വളര്‍ത്തും. ഉറക്കം കുറവാണ്. വിനയം ഇല്ല. 
എന്നോടും പോടാ മൈ രേ എന്ന ഭാഷയില്‍ സംസാരിക്കും. 
അസൈന്‍മെന്റ് വെക്കില്ല. നന്നായി വായിക്കും. 
അഞ്ഞൂറോളം പേജുള്ള നോവല്‍ എഴുതി പൂര്‍ത്തിയാക്കി.
ഇന്ന് റിസല്‍ട്ടു വന്നു.പ്ലസ് ടു. ഫുള്‍ എ പ്ലസ്.നാലു വിഷയങ്ങളില്‍ ഫുള്‍ മാര്‍ക്ക്', ഇന്ന് വന്ന പ്ലസ് ടൂ പരീക്ഷാ ഫലത്തില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ മകന്റെ ചിത്രത്തോടൊപ്പം കവിയും അദ്ധ്യാപകനുമായ വിവി ഷാജു ഫേസ്ബുക്കില്‍ കുറിച്ച വരികളാണിത്. 

സാധാരണയില്‍ നിന്ന് വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്യുകയും പെരുമാറുകയും ചെയ്യുന്ന കുട്ടികളൊടു പൊതുവിലുള്ള സാമൂഹിക ചിന്താഗതികള്‍ക്കെതിരെ സ്വന്തം മകനെ അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടുകയാണ് ഈ അച്ഛന്‍. 'അവന്‍ വളരെ വ്യത്യസ്തനായ ഒരു കുട്ടിയാണ്. അവന്റെ ഇഷ്ടങ്ങളും രീതികളുമെല്ലാം വ്യത്യസ്തമായിരുന്നു. വളരെ സ്‌ട്രെയിറ്റ് ഫോര്‍വേഡ് ആയ ഒരു വ്യക്തി. ആരോടും തന്റെ മനസിലുള്ള കാര്യങ്ങള്‍ മുഖത്തുനോക്കി പറയും. അതിപ്പോ എന്നോടാണെങ്കിലും അവന്റെ അമ്മയോടാണെങ്കിലും അങ്ങനെതന്നെ', മകന്‍ സരോദിന്റെ വിശേഷങ്ങള്‍ കൂടുതല്‍ അറിയാന്‍ വിളിച്ചപ്പോള്‍ ഷാജു പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണ്. 

ഷാജു ഫേസ്ബുക്കില്‍ കുറിച്ച വരികള്‍ കണ്ട് സരോദ് അച്ഛനെ ഫോണില്‍ വിളിച്ചിരുന്നു. അത്രയ്‌ക്കൊന്നും പറയണ്ടായിരുന്നു എന്നായിരുന്നു സരോദിന്റെ വാക്ക്. 

സരോദ് മുടി നീട്ടി വളര്‍ത്തുന്നതും സരോദിന്റെ പ്രതികരണ രീതികളുമൊന്നും പലപ്പോഴും അവന്റെ സ്‌കൂളിലുള്ളവര്‍ക്ക് പ്രീതികരമായിരുന്നില്ല. ആ സ്‌കൂളിന് താങ്ങാന്‍ പറ്റുന്ന ആളായിരുന്നില്ല അവന്‍ എന്നാണ് ഷാജുവിന്റെ വാക്കുകള്‍. 'സ്‌കൂളിലെ അന്തരീക്ഷം അവന് ഒട്ടും പറ്റുന്നില്ലായിരുന്നു. എല്ലാ സ്‌കൂളുകളും അങ്ങനെതന്നെയാണ്. അവന്‍ മുടി വളര്‍ത്തിയതിന് അവനെ സ്‌കൂളില്‍ നിന്ന് പറഞ്ഞവിടുകയൊക്കെ ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വ്യത്യസ്തരായ കുട്ടികള്‍ക്ക് നില്‍ക്കാന്‍ പറ്റിയ സ്ഥലമല്ല കേരളത്തിലെ വിദ്യാലയങ്ങള്‍, ഷാജു പറഞ്ഞു

അവനെക്കാള്‍ താഴെയാണ് അവന്റെ സ്‌കൂളിലെ അദ്ധ്യാപകരെന്ന് തോന്നുന്നു. അവരിലും സരോദിന് വളരെയധികം ബഹുമാനമുള്ള അദ്ധ്യാപകരും ഉണ്ട്. ഞാന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിനടിയില്‍ അവന്റെ മലയാളം അദ്ധ്യാപിക അഭിനന്ദനങ്ങള്‍ കുറിച്ചിട്ടുണ്ട്. അദ്ധ്യാപകരെ ഞാന്‍ കുറ്റംപറയുന്നില്ല പക്ഷെ സരോദ് ചിന്തിക്കുന്ന രീതിയിലേക്കെത്താന്‍ അവന്റെ അദ്ധ്യാപകര്‍ക്ക് കഴിഞ്ഞിരുന്നില്ല - ഷാജു പറയുന്നു

അവന് ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല, ഞാനും പറഞ്ഞു ഒരു വര്‍ഷം പോണേല്‍ പോട്ടെ

പരീക്ഷയുടെ ഫലത്തിനായി കാത്തിരിക്കുന്ന സമയത്തും അവന് യാതൊരുവിധ ടെന്‍ഷനും ഉണ്ടായിരുന്നില്ല. സ്‌കൂളിലും പോയിട്ടില്ല സിലബസ് പഠിച്ചിട്ടുമില്ലാത്ത സാഹചര്യമായിരുന്നതിനാല്‍ തന്നെ അവന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നപോലൊരു മാര്‍ക്ക് കിട്ടുമെന്ന് ഞാനും പ്രതീക്ഷിച്ചിരുന്നില്ല. ബോറടിച്ചു എന്ന് പറഞ്ഞ് ഒരു പരീക്ഷയ്ക്ക് അവന്‍ ഇറങ്ങിപോരുകവരെ ചെയ്തിരുന്നു. ഞാന്‍ അവനോടുപറഞ്ഞിരുന്നു ഒരു കൊല്ലം പോയാലും കുഴപ്പമില്ല, നീ വെറുതെയിരുന്നോ അല്ലെങ്കില്‍ ഹിമാലയത്തിലോ മറ്റോ യാത്ര പൊയ്‌ക്കോ അടുത്തകൊല്ലം നോക്കാം എന്ന്. പക്ഷെ ഒരു കോളേജില്‍ ചേരാനുള്ള മാര്‍ക്ക് അവന് ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. 

കുഴപ്പമൊന്നുമില്ല അവന്‍ നമ്മളെക്കാള്‍ നല്ല മനുഷ്യനാണ് 

സരോദിന്റെ അമ്മ എന്റെ മുന്‍ഭാര്യയാണ്. സരോദ് ഇപ്പോള്‍ താമസിക്കുന്നത് അമ്മയ്‌ക്കൊപ്പമാണ് സരോദിന്റെ ഈ സ്വഭാവത്തില്‍ ഏറ്റവുമധികം ബുദ്ധിമുട്ടിയിട്ടുള്ളത് അവന്റെ അമ്മതന്നെയാണ്. രാത്രി മുഴുവന്‍ ഉറക്കമില്ലാതെ സിനിമ കാണുകയും ഭക്ഷണം കഴിക്കാതെയിരിക്കുകയും ചെയ്യുമ്പോഴൊക്കെ ഏതൊരമ്മയെ പോലെ ഷമീനയ്ക്കും ഒരുപാട് ടെന്‍ഷന്‍ ആയിരുന്നു. ചിലപ്പോഴൊക്കെ അവന്റെ ഇത്തരം രീതികള്‍ എന്നെയും വിഷമിപ്പിച്ചിട്ടുണ്ട്. അവനെ ഡോക്ടറെ കാണിക്കേണ്ട സാഹചര്യം പോലും ഒരിക്കല്‍ ഉണ്ടായിരുന്നു. ഷമീന ടെന്‍ഷന്‍ അടിക്കുമ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു, കുഴപ്പമൊന്നുമില്ല നമ്മളെക്കാള്‍ നല്ല മനുഷ്യനാണ് അവന്‍ എന്ന്. 

ഒരു പതിനാറുകാരന് ഇത്രയും സ്വാതന്ത്ര്യം നല്‍കേണ്ടതുണ്ടോ!

അത് നമ്മുടെ കാഴ്ചപാടിന്റെ പ്രശ്‌നമാണെന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ നാട്ടില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് വോട്ടവകാശം, പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹം ചെയ്യാം എന്നൊക്കെയാണ്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു വിഭാഗമുണ്ട്, അവരുടെ മനുഷ്യാവകാശങ്ങള്‍ നമ്മള്‍ അറിയുന്നുപോലുമില്ല. ഞാന്‍ വളരെ വികാരപരമായി തന്നെയാണ് ഈ വിഷയം സംസാരിക്കുന്നത്. എന്റെ മകന്‍ എന്നോടുപറഞ്ഞിട്ട് ഞാന്‍ പോയി കണ്ട സിനിമകളുണ്ട്. അപ്പോഴൊക്കെ അവന്‍ എന്നെ പുതിയ കാര്യങ്ങള്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. അവന് പ്രായപൂര്‍ത്തിയായെങ്കിലും ഇല്ലെങ്കിലും ഞാന്‍ അവനെ ഒരുപാട് ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ്. 

അവന്‍ വായിച്ച പുസ്തകങ്ങളും കണ്ട സിനിമകളും ഒരുപക്ഷെ നമ്മളൊന്നും കണ്ടിട്ടുപോലുമുണ്ടാകില്ല. അവന്‍ മലയാളം മീഡിയത്തില്‍ പഠിച്ച കുട്ടിയാണ് പക്ഷെ എഴുതിയ നോവല്‍ ഒരു ഇംഗ്ലീഷ് നോവലാണ്. 

കേരളത്തില്‍ നില്‍ക്കാന്‍ അവന് ഇഷ്ടമല്ല

സരോദ് പഠിക്കുന്ന സ്‌കൂളിലെ അദ്ധ്യാപികയാണ് അമ്മ ഷമീന. അതുകൊണ്ടുതന്നെ ഫൈനല്‍ പരീക്ഷ എഴുതുന്നതിന് പ്രശ്‌നമൊന്നും ഉണ്ടായില്ല. സരോദ് മുടി വളര്‍ത്തി സ്‌കൂളില്‍ ചെയ്യുമ്പോഴുമൊക്കെ ഒപ്പമുള്ള പല കുട്ടികളും ഉയര്‍ത്തിയിരുന്ന ആക്ഷേപമാണ് അവന്റെ അമ്മ സ്‌കൂളില്‍ ടീച്ചറായതിനാലാണ് അവനെ ഇതിനെല്ലാം അനുവദിക്കുന്നതെന്ന്. സ്‌കൂളിലാണെങ്കിലും പല അദ്ധ്യാപകര്‍ക്കും അവനെ ഇഷ്ടമില്ല. എഴുതാനാണ് അവന് കൂടുതല്‍ താത്പര്യമെന്നു തോന്നുന്നു. കേരളത്തോട് അവന് പൊതുവില്‍ ഒരു ഇഷ്ടക്കേടുണ്ട് അതുകൊണ്ടുതന്നെ മുന്നോട്ടുള്ള പഠനത്തിന് അവന്‍ കേരളം തിരഞ്ഞെടുക്കുമെന്ന് തോന്നുന്നില്ല. അവന്റെ ഇഷ്ട സ്ഥലങ്ങളും വളരെ വ്യത്യസ്തമാണ്. എനിക്കും അവന്റെ അമ്മയ്ക്കിടയിലും അവനെകുറിച്ച് നടന്നിട്ടുള്ള സംസാരങ്ങളില്‍ ഞങ്ങളും പറഞ്ഞിട്ടുണ്ട് അവനെ പഠനത്തിനായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലോ മറ്റോ അയയ്ക്കാം എന്ന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ