ജീവിതം

ഏഴാം വയസ് മുതൽ ഞാന്‍ വളര്‍ന്നത് കന്യാചര്‍മ്മമില്ലാതെ; മാമൻ മുതൽ സഹോദര തുല്ല്യർ വരെ; ഭീതിതമായ ഓർമകളുമായി കറുത്ത കാൻവാസ്

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത നിമിഷങ്ങളെ അവള്‍ വരച്ചിട്ടു. ഓരോ ചിത്രവും അവൾ വരച്ചു തീര്‍ത്തത് ഒരായിരം മുള്ളുകള്‍ കുത്തിത്തറയ്ക്കുന്ന വേദനയോടെയായിരിക്കും. കുട്ടിയായിരുന്നപ്പോള്‍ കൂട്ടിരുന്ന മാമന്‍ മുതല്‍ സഹോദര തുല്യരില്‍ നിന്നുള്ള ബലാത്സംഗത്തെയും ലൈംഗിക കൈയേറ്റങ്ങളെയും അതിജീവിച്ച അവള്‍ ഇന്ന് ഓരോരുത്തരുടേയും തനിനിറം വെളിപ്പെടുത്തുകയാണ്. അതും അവരുടെയെല്ലാം പേരെടുത്തു പറഞ്ഞു കൊണ്ടുതന്നെ. 

കറുത്ത കാൻവാസിൽ വെളുത്ത നിറത്തിൽ അവൾ കോറിയിട്ട ചിത്രങ്ങളിൽ വാക്കുകള്‍ കൊണ്ട് പോലും കുറിച്ചിടാനാവാത്ത തീവ്ര വേദനയുടെ ആഴങ്ങൾ അടയാളപ്പെട്ടിരുന്നു. നിഴലുകൾ പോലെ വീണുകിടന്ന ആ ചിത്രങ്ങളിൽ വിങ്ങലുകളും ക്ഷോഭവും നിസ്സഹായതയുമെല്ലാമുണ്ടായിരുന്നു.

ആളിപ്പടരുന്ന മീടൂ വെളിപ്പെടുത്തലുകളുടെ കാലഘട്ടത്തില്‍ തനിക്കറിയാവുന്ന മാധ്യമത്തിലൂടെ ജെഎന്‍യു വിദ്യാര്‍ഥിയായ സ്രൊമോണയാണ് തന്റെ നീറുന്ന ജീവിതാനുഭവങ്ങളും ലൈംഗിക കൈയേറ്റങ്ങളും വരച്ചിട്ടത്. സ്രോമോണയ്ക്ക് ഫെയ്‌സ്ബുക്കില്‍ അക്കൗണ്ടില്ലാത്തതിനാല്‍ ആ വരകളെല്ലാം അവളുടെ സുഹൃത്തായ രാജ്ദീപ് കോണാര്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്യുകയായിരുന്നു. രാജ്ദീപിന്റെ പേജിലൂടെ ഒരു കുറിപ്പും സ്രോമോണ പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യയില്‍ മിടൂ കാമ്പയിന്‍ ചുവടുറപ്പിച്ചതോടെ സ്വാനുഭവങ്ങള്‍ കോറിയിട്ട 15 ശക്തമായ ചിത്രങ്ങളിലൂടെ സ്രോമോണയും മിടൂവിന്റെ ഭാഗമാവുകയായിരുന്നു.

ഏഴാം വയസില്‍ തന്റെ കുഞ്ഞു ശരീരത്തെ ലൈംഗികമായി മുറിപ്പെടുത്തിയ അമിത് ദാന്‍ഡയെ കുറിച്ച് പറയുന്നുണ്ടാ കുറിപ്പില്‍. മറ്റൊരാള്‍ ചെയ്ത തെറ്റിന് സ്വയം നീറി ജീവിക്കുന്നതെന്തിനെന്ന തോന്നലിലാണ് സ്രോമോണയുടെ തുറന്നു പറച്ചില്‍.

വെള്ളക്കടലാസായിരുന്നു സൊമ്രോണയുടെ സുഹൃത്ത്. ദുരനുഭവങ്ങളെ മൂടിവെക്കാനാണ് പല സുഹൃത്തുക്കളും ബന്ധുക്കളും അവളെ പ്രേരിപ്പിച്ചത് അതിനാലാണ് തന്റെ കയ്‌പേറിയ അനുഭവങ്ങളെ അവള്‍ കടലാസിൽ കോറിയിട്ടതും. 

സ്രോമോണയുടെ ചില ചിത്ര കുറിപ്പുകൾ

മിടൂ മൂവ്‌മെന്റകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മിന്നിമറയുമ്പോള്‍ ആ ഭീകരമായ ഓര്‍മ്മകള്‍ എന്റെ രാത്രിയുറക്കങ്ങളില്‍ പേടിസ്വപ്‌നമായി വീണ്ടും എത്തി. ഇത്രയും കാലം ആ ഓര്‍മ്മകള്‍ എന്നെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു. എന്നാല്‍ എന്നെ ഉപദ്രവിച്ചവര്‍ എല്ലായ്‌പ്പോഴും സുഖമായി കിടന്നുറങ്ങി.

മീടു വെളിപ്പെടുത്തലുകള്‍ നടത്തിയാലോ എന്നാലോചിച്ചപ്പോഴെല്ലാം ഞാനെന്നോട് തന്നെ ചോദിച്ചു. നീ അതിന് സ്വയം തയ്യാറാണോ. നിന്നെ ആരെങ്കിലും വിശ്വസിക്കുമോ നിന്റെ ബന്ധുക്കളെന്ത് പറയും എന്നെല്ലാം. 

2001 എനിക്ക് ഏഴ് വയസ്സുള്ളപ്പോള്‍ അയാള്‍ക്ക് 30 വയസ്സ് കാണും. എന്റെ ഏറ്റവും പ്രിയപ്പെട്ട മാമന്‍. അച്ഛനും അമ്മയും അടുത്തില്ലാതിരുന്നപ്പോൾ എന്നെ നോക്കിയിരുന്നയാള്‍.  അവരില്ലാത്ത ദിവസം അയാളെന്നെ മടിയിലിരുത്തി. വായപൊത്തി വിരലുകളാഴ്ത്തി. തുറന്നുപറയരുതെന്നയാൾ ഭീഷണി മുഴക്കി. ഏഴാം വയസ് മുതൽ ഞാന്‍ വളര്‍ന്നത് കന്യാചര്‍മ്മമില്ലാതെ. 

ആ ചിത്ര കുറിപ്പുകളിലെല്ലാം നിറഞ്ഞു നിന്നത് ഇത്തരത്തില്‍ ഭീതിതമായ ഓര്‍മ്മകളായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം