ജീവിതം

സുപ്രീം കോടതി സമ്മതം മൂളി; രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ വിവാഹിതയാകുന്നു 

സമകാലിക മലയാളം ഡെസ്ക്

സ്വവര്‍ഗലൈംഗികതയ്‌ക്കെതിരെ രാജ്യത്ത് നിലനിന്നിരുന്ന കിരാതനിയമത്തിന് സുപ്രീം കോടതി അന്ത്യം കുറിച്ചതോടെ വിവാഹത്തിന് തയ്യാറെടുക്കുകയാണ് രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ബ്യൂറോക്രാറ്റ്. ഒഡിഷയിലെ വാണിജ്യ നികുതി വകുപ്പില്‍ ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണറായ ഐശ്വര്യ റിതുപര്‍ണ്ണ പ്രദാനാണ് തന്റെ കാമുകനുമായുള്ള വിവാഹവാര്‍ത്ത ഔദ്യോഗികമായി വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി തുടരുന്ന ബന്ധം വിവാഹത്തോട് അടുക്കുകയാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നുമാണ് ഐശ്വര്യ അറിയിച്ചത്.

ഒരുവര്‍ഷത്തിലേറെയായി വിവാഹത്തെക്കുറിച്ച് കാമുകന്‍ സംസാരിക്കാറുണ്ടായിരുന്നെന്ന് ഐശ്വര്യ പറയുന്നു. സെക്ഷന്‍ 377 മാത്രമാണ് ഇതുവരെ വിവാഹം എന്ന തീരുമാനത്തിലേക്ക് കടക്കാതിരുന്നതിന് കാരണമെന്നും ഇപ്പോള്‍ നിയമം മാറ്റപ്പെട്ടതോടെ പുതിയ ചുവടുവയ്പ്പിന് ഒരുങ്ങുകയാണെന്നും ഐശ്വര്യ പറഞ്ഞു. അടുത്ത വര്‍ഷം വിവാഹം നടക്കുമെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

2010ല്‍ ലിംഗം പുരുഷന്‍ എന്ന് രേഖപ്പെടുത്തിയാണ് ഐശ്വര്യ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ തന്റെ യഥാര്‍ത്ഥ വ്യക്തിത്വം തുറന്നുപറയാനാകാത്തത് അവരെ അസ്വസ്ഥയാക്കിയിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ അവകാശങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് ശേഷം ലിംഗമാറ്റ ശസ്ത്രകൃയയ്ക്ക് വിധേയയായി സ്വയം തന്റെ വ്യക്തിത്വം തുറന്നുപറയുകയായിരുന്നു ഐശ്വര്യ.

മൂന്ന് വര്‍ഷം മുന്‍പാണ് കാമുകന്‍ ഐശ്വര്യയ്ക്ക് മുന്നില്‍ പ്രണയാഭ്യര്‍ത്ഥനയുമായി എത്തിയത്. ആദ്യം അത് പെട്ടെന്നുണ്ടായ ഒരു അടുപ്പം മാത്രമായിരിക്കുമെന്നു കരുതി ചിരിച്ച് വിടുകയായിരുന്നു താനെന്ന് ഐശ്വര്യ പറയുന്നു. ജീവിതത്തില്‍ എന്നും ഞാന്‍ അപമാനിക്കപ്പെട്ടിട്ടേയുള്ളൂ. അതുകൊണ്ട് ഇത്തരത്തില്‍ ഒരു കാര്യം എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. അദ്ദേഹം എന്നെക്കാള്‍ ഒരുപാട് ചെറുപ്പമാണ്, അത് അദ്ദേഹത്തോടും ഞാന്‍ പറഞ്ഞിരുന്നു. പിന്നീട് മാസങ്ങള്‍ക്കുശേഷം ഭുവനേശ്വറില്‍ വച്ചാണ് വീണ്ടും കണ്ടുമുട്ടിയത്. അന്ന് അദ്ദേഹം എന്റെ നമ്പര്‍ ആവശ്യപ്പെട്ടു. ചോദിച്ചയുടന്‍ ഞാന്‍ കൊടുക്കുകയും ചെയ്തു. എനിക്കും അയാളോട് എന്തോ ഒരടുപ്പം ഉണ്ടായിരുന്നു. പിന്നീട് അത് പ്രണയമായി മാറി. ഇപ്പോള്‍ രണ്ടുവര്‍ഷം പിന്നിട്ടുകഴിഞ്ഞു, പ്രണയത്തെക്കുറിച്ച് ആദ്യമായി ഐശ്വര്യ തുറന്നുപറഞ്ഞതിങ്ങനെ.

ഇരുവരുടെയും ബന്ധത്തെക്കുറിച്ച് കാമുകന്റെ വീട്ടിന്‍ ഇനിയും അറിയിച്ചിട്ടില്ല. എന്നാല്‍ വീട്ടുകാരുടെ പ്രതികരണം തന്നെ ഒരു തരത്തിലും ബാധിക്കുകയില്ലെന്നും ഈ വിഷയത്തില്‍ മറ്റാരുടേയും സമ്മതത്തിനായി കാത്തുനില്‍ക്കുന്നില്ലെന്നുമാണ് ഐശ്യര്യയുടെ നിലപാട്. വിവാഹശേഷം ഒരു പെണ്‍കുട്ടിയെ ദത്തെടുക്കാനാണ് ഐശ്വര്യ ആഗ്രഹിക്കുന്നത്. മകളെ ഒരു മിസ് വേഴ്ഡ് മത്സരാര്‍ത്ഥിയായി കാണുന്നതും ട്രാന്‍സ്‌ജെന്‍ഡറിന്റെ മകള്‍ എന്ന് അവള്‍ സ്വയം പരിചയപ്പെടുത്തുന്നതുമൊക്കെയാണ് ഐശ്വര്യയുടെ സ്വപ്നം. തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാന നിമിഷം അതായിരിക്കുമെന്ന് ഐശ്വര്യ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്