ജീവിതം

35 കൊല്ലം മുമ്പ് ഈ സഹോദരന്‍ ചെയ്ത ക്രൂരതയറിയണോ?;അമ്മയെ അവസാനമായി ഒരു നോക്കു കാണാന്‍ പോലും അനുവദിച്ചില്ല: ചുള്ളിക്കാടിനെ പിന്തുണച്ച് സലീം കുമാര്‍

സമകാലിക മലയാളം ഡെസ്ക്

ദുരവസ്ഥയനുഭവിക്കുന്ന സഹോദരനെ സ്വീകരിക്കില്ലെന്ന് നിലപാടെടുത്ത കവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന് എതിരെ കഴിഞ്ഞ ദിലസങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നിരുന്നത്. ഇതിന് മറുപടിയുമായി കവി തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും സാമൂഹ്യ മാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ അടങ്ങിയില്ല. ഇപ്പോള്‍ സഹോദരന്റെ ദുരവസ്ഥ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ അറിയിച്ച നടന്‍ സലീം കുമാര്‍ തന്നെ അദ്ദേഹത്തെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

'ഏതൊരു കഥയ്ക്കും ഒരു മറുപുറമുണ്ട്. സൗകര്യപൂര്‍വ്വം മറക്കുന്നൊരു ഭൂതകാലമുണ്ട്. വീട്ടില്‍ നിന്ന് ആട്ടിപ്പായിക്കപ്പെട്ട, ഉണ്ണാനോ ഉടുക്കാനോ ഇല്ലാതെ ദിവസങ്ങളോളം പട്ടിണി കിടന്ന,എന്തിനേറെ മരിച്ചു കിടക്കുന്ന അമ്മയ്ക്ക് ബലിയിടാന്‍ പോലും അനുവദിക്കാതെ വീട്ടുകാര്‍ ഭ്രഷ്ട് കല്‍പ്പിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ ആകുന്നുണ്ടോ?- ഇതായിരുന്നു സലീം കുമാറിന്റെ ചോദ്യം. 

സോഷ്യല്‍ മീഡിയ കൊല്ലാക്കൊല ചെയ്യുന്ന ഈ മനുഷ്യന് അങ്ങനെയൊരു ഭൂതകാലമുണ്ട്.  അതിന്റെയെല്ലാം ഉത്തരവാദി നിങ്ങളീ പറയുന്ന മൃതപ്രായനായ മനുഷ്യനാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഇളയ സഹോദരന്‍ ജയചന്ദ്രന്‍. അന്ന് ചുള്ളിക്കാടെന്ന മനുഷ്യന്‍ അനുഭവിച്ച് തീര്‍ത്ത സകല വേദനകള്‍ക്കും ദുരനുഭവങ്ങള്‍ക്കും മൂക സാക്ഷിയാണ് ഞാന്‍'. അമ്മയുടെ മരണത്തെ തുടര്‍ന്ന് ബാലചന്ദ്രന്‍ തിരികെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ അമ്മയെ അവസാനമായി ഒരു നോക്കു കാണാന്‍ പോലും അനുവദിച്ചില്ല. സ്വന്തം അമ്മയ്ക്ക് ബലിയിടാന്‍ പോലുമാകാതെ ആ മനുഷ്യന്‍ അവിടെ നിന്നും കണ്ണീരോടെ ഇറങ്ങി.'സലിംകുമാര്‍ പറയുന്നു.

'കൊടുത്താല്‍ കൊല്ലത്തല്ല പറവൂരും കിട്ടും. ഇത് കാലത്തിന്റെ മധുര പ്രതികാരമാണ്. മൃതപ്രായനായ സഹോദരനെ സംരക്ഷിക്കാന്‍ ഒരുക്കമല്ലെന്ന് അറിയിച്ച കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ വിചാരണ ചെയ്യാനിറങ്ങിത്തിരിക്കും മുമ്പ് ഒരു നിമിഷം. ചുള്ളിക്കാടെന്ന മനുഷ്യന്‍ അനുഭവിച്ച ക്രൂരതയുടേയും യാതനകളുടേയും ഭൂതകാലം ഒരു കണ്ണാടിയിലെന്ന പോലെ എനിക്കു മുന്നിലുണ്ട്. അതു കൊണ്ട് ആ പാവം മനുഷ്യനെ ക്രൂശിക്കുന്നത് നിര്‍ത്തൂ.... സത്യം മനസിലാക്കൂവെന്നും സലീം കുമാര്‍
അഭിമുഖത്തില്‍ പറയുന്നു. 

'കവിയാകും മുന്‍പ് മറ്റൊരു ബാലചന്ദ്രനുണ്ടായിരുന്നു. പ്രതാപശാലികളും തറവാടികളുമായ ചുള്ളിക്കാട് കുടുംബാഗം. പറവൂരിന്റെ സാംസ്‌കാരിക-സാഹിത്യ മുഖമായി വളര്‍ന്നു വരികയായിരുന്ന ചുള്ളിക്കാടിനോട് 35 കൊല്ലം മുമ്പ് ഈ സഹോദരന്‍ ചെയ്ത ക്രൂരതയറിയണോ? ബാലചന്ദ്രന് നക്‌സല്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് വീട്ടില്‍നിന്നു മാത്രമല്ല, നാട്ടില്‍ നിന്നേ ആട്ടിപ്പായിച്ചു.

ഇടയ്ക്ക് എപ്പോഴോ ബാലചന്ദ്രന്‍ ചുള്ളിക്കാട് ബുദ്ധമതം സ്വീകരിച്ചിരുന്നു. ആ തീരുമാനം ജീവിതാവസാനം വരേയും നെഞ്ചില്‍ കൊണ്ടു നടക്കേണ്ടുന്ന വലിയൊരു വേദനയ്ക്ക് കാരണമാകുമെന്ന് ആ മനുഷ്യന്‍ അറിഞ്ഞിരുന്നില്ല. ലോകത്ത് ഒരു മകനും അനുഭവിക്കരുതേ എന്ന് നാം ആഗ്രഹിച്ചു പോകുന്ന വേദന... ആയിടയ്ക്കാണ് ആ പാവത്തിന്റെ അമ്മ മരിക്കുന്നതും. മരണവാര്‍ത്തയറിഞ്ഞ് കുടുംബത്തില്‍ നിന്നും ആട്ടിപ്പായിക്കപ്പെട്ട ആ മകന്‍ നാളുകള്‍ക്കു ശേഷം തറവാട്ടിലെത്തി. ജന്മം നല്‍കിയ അമ്മയെ അവസാനമായി ഒരു നോക്കു കാണാന്‍. അന്യജാതിയില്‍ പെട്ട ഒരാള്‍ക്ക് ഹിന്ദുവായ അമ്മയെ തൊടാന്‍ അവകാശമില്ലെന്ന് ഇതേ സഹോദരന്‍ വാശിപിടിച്ചു. ബുദ്ധമത വിശ്വാസിയായ ബാലചന്ദ്രനെ അവിടെ നിന്ന് പുറത്താക്കാന്‍ ഇതേ സഹോദരന്‍ ആളുകളെ വട്ടം കൂട്ടി. കെഞ്ചി കേണപേക്ഷിച്ചിട്ടും അവരുടെ മനസലിഞ്ഞില്ല. സ്വന്തം അമ്മയ്ക്ക് ബലിയിടാന്‍ പോലുമാകാതെ ആ മനുഷ്യന്‍ അവിടെ നിന്നും കണ്ണീരോടെ ഇറങ്ങി. ഇതെല്ലാം അത്രവേഗം മറക്കാന്‍ ഒരു സാധാരണ മനുഷ്യന് കഴിയുന്നതെങ്ങനെ?'- സലീം കുമാര്‍ ചോദിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു