ജീവിതം

വീട്ടില്‍ 97 തെരുവുനായ്ക്കള്‍, ഇതില്‍ 79 എണ്ണം കഴിയുന്നത് കെല്ലയുടെ ബെഡ്‌റൂമില്‍!!

സമകാലിക മലയാളം ഡെസ്ക്

തെരുവുനായ്ക്കളെ പലര്‍ക്കും ഭയമാണ്. അവയെ അടുപ്പിക്കാതെ ആട്ടിയോടിക്കാനേ നമ്മള്‍ ശ്രമിക്കാറുള്ളു. എന്നാല്‍ ഇവിടെയൊരു സ്ത്രീ തന്റെ വീടിനടക്ക് 97ഓളം തെരുവുനായ്ക്കളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. അതില്‍ 79 എണ്ണം കഴിയുന്നത് ഇവരുടെ സ്വന്തം ബെഡ്‌റൂമിലും. അറ്റ്‌ലാന്റിക് സമുദ്രത്തിന് സമീപമുള്ള ബഹാമസിലെ കെല്ല ഫിലിപ്‌സ് ആണ് നായ സ്‌നേഹത്തിന്റെ പേരില്‍ വ്യത്യസ്തയാകുന്നത്. 

കെല്ലയുട നായ സ്‌നേഹത്തിന്റെ കഥ കേട്ടാല്‍ അവരോട് ആദരവല്ലാതെ മറ്റൊന്നും തോന്നില്ല. ഇപ്പോള്‍ ഡോറിയാന്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ബഹാമസിലാണ് കെല്ലയുടെ വീട്. നാല് വര്‍ഷം മുന്‍പ് ഇതുപോലൊരു സെപ്തംബറിലാണ് കെല്ല ഫിലിപ്‌സ് എന്ന സ്ത്രീ അനാഥരായ തെരുവുപട്ടികളെ സംരക്ഷിക്കാനായി ഒരു സ്ഥാപനം തുടങ്ങുന്നത്. 

പട്ടികള്‍ക്ക് പിന്നാലെ അലഞ്ഞുനടക്കുന്ന ഭ്രാന്തിയെന്നാണ് പലരും കെല്ലയെ വിശേഷിപ്പിക്കാറ്. എന്നാല്‍ ആ വിശേഷണം കേള്‍ക്കാന്‍ തനിക്കിഷ്ടമാണെന്നാണ് ഇവര്‍ പറയുന്നത്. നാല് വര്‍ഷത്തോളമായി സ്ഥാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു കെല്ല. ഇതിനിടെയാണ് ബഹാമസിലെ രണ്ട് ദ്വീപുകളെ തകര്‍ത്തുകൊണ്ട് 'ഡോറിയാന്‍' ആഞ്ഞടിച്ചത്.

അറ്റ്‌ലാന്റിക് മേഖലയില്‍ ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും ശക്തമായ ചുഴലിക്കാറ്റായിരുന്നു അത്. പതിനായിരങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. കടല്‍ക്ഷോഭത്തില്‍ മാത്രം തകര്‍ന്നത് ആയിരക്കണക്കിന് വീടുകളാണ്. വൈദ്യുതിയില്ല, ഗതാഗതം താറുമാറായി, ഭക്ഷണം പോലും ലഭിക്കാത്ത സാഹചര്യമുണ്ടായി. 

ജനങ്ങളെല്ലാം കുടിയൊഴിഞ്ഞുപോയ ഇടങ്ങളില്‍ ഭയത്തോടെ നൂറുകണക്കിന് പട്ടികളാണ് അനാഥരായി അലഞ്ഞ് നടന്നത്. ഇവയെ സംരക്ഷിക്കാനായി കെല്ല സ്വന്തം വീട് ഉപയോഗിക്കുകയായിരുന്നു. ഒന്നും രണ്ടുമല്ല, 97 പട്ടികളാണ് ഇപ്പോള്‍ കെല്ലയുടെ വീട്ടിലുള്ളത്. 

'ഈ 97 പട്ടികളില്‍ 79 എണ്ണവും ഇപ്പോള്‍ കഴിയുന്നത് എന്റെ ബെഡ്‌റൂമിലാണ്. എന്നിട്ടും എന്റെ കിടക്കയെ അവര്‍ ബഹുമാനിക്കുന്നു. അതിലേക്കൊന്ന് ചാടിക്കയറാന്‍ പോലും അവരാരും ശ്രമിക്കുന്നില്ല. ഞാന്‍ വീട്ടിലാകെ കേള്‍ക്കാന്‍ പാകത്തില്‍ പാട്ടുവയ്ക്കും ഇപ്പോള്‍. അവര്‍ പേടിക്കാതിരിക്കാന്‍. എസിയും ഓണ്‍ ചെയ്ത് ഇടും...'- കെല്ല ഫേസ്ബുക്കില്‍ കുറിച്ചു. തന്നെക്കൊണ്ട് കഴിയുന്നത് താന്‍ ചെയ്യുന്നുവെന്നും ആര്‍ക്കെങ്കിലും സഹായമെത്തിക്കാന്‍ സാധിക്കുമെങ്കില്‍ അത് ചെയ്യണമെന്നും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ ബോംബ് ഭീഷണി; വിമാനത്താവളം ഉള്‍പ്പെടെ 10 ആശുപത്രികളില്‍ പൊലീസ് പരിശോധന

വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഭീഷണി, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്ത കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി; രാജസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ

തലയിണക്കടയുടെ മറവില്‍ ലഹരിമരുന്ന് വില്‍പ്പന, പെരുമ്പാവൂരില്‍ ഒഡിഷ സ്വദേശി പിടിയില്‍

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത് തുടങ്ങിയോ?, വേണ്ട പ്രധാനപ്പെട്ട രേഖകള്‍