ജീവിതം

പടച്ചോന് ബിരിയാണി നല്‍കാന്‍ കൊതിച്ച അമ്മായി മുസ്തഫ; താഹ മാടായി എഴുതുന്നു

താഹാ മാടായി


'അമ്മായി മുസ്തഫ ' എന്ന പേരില്‍ അറിയപ്പെട്ട മുസ്തൂക്ക ഇന്ന് വിട പറയുമ്പോള്‍, ഒരു തലമുറയുടെ ഓര്‍മ്മകളില്‍ ഉന്മാദത്തിന്റെ വിസ്മയകരമായ പകര്‍ച്ചകള്‍ അനുഭവപ്പെടുത്തിയ ഒരു 'ഭ്രാന്തനായ അവധൂതന്റെ 'വിട പറയല്‍ കൂടിയാണ്. അയാള്‍ ,അത്രമേല്‍ പ്രധാനപ്പെട്ട ഓര്‍മയാണ് ഞങ്ങള്‍ക്ക്. ദൈവത്തിനും അയാള്‍ക്കുമിടയില്‍ ഇടനിലക്കാരില്ലായിരുന്നു. ഉന്മാദം പൂര്‍ണ്ണമായ ജന്മവാസന പോലെ അയാള്‍ സ്വന്തം പേരിനോടൊപ്പം ചേര്‍ത്തു നടന്നു. വേനല്‍ പോലെ കത്തിയാളുന്ന ബോധവുമായി മുസ്തുക്ക മാടായിയുടെ തെരുവുകളിലൂടെ നടന്നു. ചിരിക്കുകയാണോ കരയുകയാണോ പാടുകയാണോ അലറുകയാണോ എന്നറിയാതെ പല ഭാവങ്ങളില്‍ അയാള്‍ കാലവുമായി സംവദിച്ചു.

ബാല്യത്തില്‍, ഞങ്ങളുടെ എളാമ്മയുടെ കല്യാണത്തിന് പുതിയാപ്പിള തക്കാരത്തിന് പലഹാരങ്ങളുണ്ടാക്കിയത്, അമ്മായി മുസ്തുക്കയാണ്. കാജ, മണ്ട, കൊയലപ്പം, തുടങ്ങിയ പുതിയാപ്പിള പലഹാരങ്ങള്‍ വിശേഷ രുചിയോടെ അയാള്‍ ചുട്ടെടുത്തു. ബിരിയാണി വെക്കുന്നതിലും കേമനായിരുന്നു.അതു കൊണ്ട് ചിലര്‍ 'ബിരിയാണി മുസ്ത്തൂക്ക' എന്നും വിളിച്ചു. അടുക്കളയില്‍, പാചകങ്ങളില്‍ സ്ത്രീകളെ സഹായിക്കുന്നതില്‍ അയാള്‍ ആനന്ദം കണ്ടെത്തി.അവരോട് 'സൊറ ' പറഞ്ഞ് അയാള്‍ ചിരിച്ചു.അതു കൊണ്ട് 'അമ്മായി മുസ്തഫ ' എന്ന് സ്ത്രീകള്‍ തന്നെ അയാള്‍ക്ക് വിളിപ്പേര് നല്‍കി. ഞങ്ങളുടെ നാട്ടിലെ പ്രമാണിയായ ഒരാളുടെ മകനാണ്. പക്ഷെ, ദൈവം അയാള്‍ക്ക് ' തറവാടി'ത്തമില്ലാത്ത ഭ്രാന്ത് നല്‍കി .

മാടായിയുടെ തെരുവുകള്‍ക്ക് മുസ്തൂക്ക ഓര്‍മയുടെ എത്രയോ വളവു തിരിവുകളാണ്.പലപ്പോഴും നഗ്‌ന സത്യങ്ങള്‍ വിളിച്ചു പറഞ്ഞ ഭ്രാന്തനായ അവധൂതന്‍.

ഒരനുഭവം,ഒന്ന്:

മാടായി ബീച്ചില്‍ വലിയ കടല്‍ക്ഷോഭമുണ്ടായ ഒരു ദിവസം. കടലോരത്തെ ഭിത്തികളും തെങ്ങുകളും കടപുഴകി വീണു. ജില്ലാ കലക്ടറും അധികൃതരും നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ വന്നു. അവര്‍ക്കിടയിലൂടെ ഭ്രാന്തമായ ചുവടുവെപ്പുകളോടെ വന്ന അമ്മായി മൂസ്തൂക്ക അവരോട് ചോദിച്ചു: നിങ്ങക്ക് ആ കടലിന്റെ മൂക്ക് തൊടാന്‍ പറ്റോ? കടലിനോടാ കളി!

അനുഭവം, രണ്ട്:

മുസ്തൂക്കയുടെ അടുത്ത ബന്ധു മരിച്ചു. ഖബര്‍ കുഴി വെട്ടുകാര്‍ ഖബറിന് മുസ്തൂക്കയെ കാവല്‍ നിര്‍ത്തി, അടുത്തൊരു ചായക്കടയിലേക്ക് പോയി. മയ്യിത്തുമായി വന്നവര്‍ കാണുന്നത്, ഖബറില്‍ ശാന്തനായി കിടക്കുന്ന മുസ്തുക്കയെയാണ്. മണ്ണ് കുടഞ്ഞെണീറ്റ് മുസ്തൂക്ക പറഞ്ഞു: 'ഖബറില് പേടിച്ചത്ര ചൂടില്ല!'

അനുഭവം ,മൂന്ന്:

ഞങ്ങളുടെ ഗ്രാമ കവലയായ മൊട്ടാമ്പ്രത്ത് നിന്ന് പഴയങ്ങാടിയിലേക്ക് സി.പി.എമ്മിന്റെ ഒരു കാല്‍ നട ജാഥ നടക്കുകയാണ്. ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചു നടന്ന മുസ്തൂക്ക പഴയങ്ങാടി റെയില്‍വേ മുത്തപ്പന്‍ മഠത്തിനരികില്‍ എത്തിയപ്പോള്‍ 'ശ്രീ മുത്തപ്പന് 'സിന്ദാബാദ് വിളിച്ചു. മാടായിപ്പള്ളിയുടെ മുന്നിലെത്തിയപ്പോള്‍ 'ശിഹാബ് തങ്ങള്‍ സിന്ദാബാദ്, മുസ്ലിം ലീഗ് സിന്ദാബാദ്' എന്നും വിളിച്ചു. അങ്ങനെ, മുസ്തുക്ക ' ആരും കൈ വെക്കാത്ത ഭ്രാന്തമായ പ്രതിഭാസ'മായി ഞങ്ങളുടെ നാട്ടിലൂടെ അലഞ്ഞു.മുസ്തുക്കയുടെ ഏറ്റവും പ്രശസ്തമായ ദുആ ഇതാണ്: 'പടച്ചോനെ, നിനക്ക് ഞാന്‍ ബിരിയാണിയും കൊയലപ്പവും ഒറുമത്തില് വെച്ച് തരാം. പടപ്പായ പടപ്പുകള്‍ക്കെല്ലാം സമാധാനം കൊടുക്കണേ!'

പടച്ചോന് ബിരിയാണി നല്‍കാന്‍ ആഗ്രഹിച്ച അമ്മായി മുസ്തഫ...

വിട,
മുസ്തൂക്ക...

ഖബറില്‍ ഒട്ടും ചൂടുണ്ടാവില്ല...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്