കായികം

"ഷാ ഷോ" വീണ്ടും; ടെസ്റ്റാണെങ്കിലും മിന്നലടികളുടെ മറ്റൊരു വേർഷനും കൈയിലുണ്ട്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: രാജ്കോട്ടിൽ കണ്ടത് ഒരു പൃഥ്വി ഷാ ആയിരുന്നെങ്കിൽ ഇങ്ങ് ഹൈ​​ദരാബാദിൽ അതിന്റെ മറ്റൊരു വേർഷനായിരുന്നു. മിന്നൽ അർധ സെഞ്ച്വറിയുമായി, രണ്ടാം ശതകം പാതിവഴിയിൽ അവസാനിച്ചെങ്കിലും ആരാധകരിൽ ആനന്ദം നിറച്ചാണ് പൃഥ്വി ഷാ മടങ്ങിയത്. 53 പന്തുകൾ നേരിട്ട് അടിച്ചെടുത്തത് 70 റൺസ്. 11 ഫോറുകളും ഒരു സിക്സും അതിന് തൊങ്ങൽ ചാർത്തി. നാല് റൺസുമായി രാഹുൽ മടങ്ങിയെങ്കിലും ഒരറ്റത്ത് പൃഥ്വി പൊരുതിക്കയറിയത് വെസ്റ്റ് ഇൻഡീസിന് തലവേദനയായി. 

രാഹുലിനെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി തകർത്തടിച്ച പൃഥ്വി അതിവേഗത്തിൽ സ്കോർ ബോർഡിൽ റൺസെത്തിച്ചു. ഓപണിങ് വിക്കറ്റിൽ ഷായ്ക്കൊപ്പം 61 റൺസ് കൂട്ടിച്ചേർത്ത് രാഹുൽ പുറത്താകുമ്പോൾ താരത്തിന്റെ വ്യക്തിഗത സ്കോർ നാല് റൺസ് മാത്രം. ഈ സമയം ഷായുടെ സ്കോർ 42ൽ എത്തിയിരുന്നു. 

ടെസ്റ്റിൽ മിന്നൽ അടികളുമായി നിറഞ്ഞെങ്കിലും ഷോട്ടുകളിലെ സാങ്കേതിക ഭ​ദ്രതയും, മികച്ച ഫുട്‌വർക്കും വ്യത്യസ്ത ബൗളിങ് രീതികൾക്കെതിരേ വൈവിധ്യം നിറഞ്ഞ ടെക്നിക്കുകളും ചേർത്തുവച്ച് അതിസുന്ദരമായൊരു ഇന്നിങ്സ് കെട്ടിപ്പൊക്കിയാണ് ഈ കൗമാരക്കാരൻ ക്രീസ് വിട്ടത്. ഓസീസിനെതിരായ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉണ്ടാകുമെന്ന് ഉറപ്പിക്കാമെന്നും തന്റെ പ്രകടനത്തിലൂടെ പൃഥ്വി ഉത്തരം നൽകി കഴിഞ്ഞു. 

അരങ്ങേറ്റ ടെസ്റ്റിൽ ശതകം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡുമായാണ് വിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ പൃഥ്വി ഷാ അരങ്ങേറിയത്. അരങ്ങേറ്റ ടെസ്റ്റിൽ  ഇന്ത്യയ്ക്കു വേണ്ടി സെഞ്ച്വറി നേടുന്ന 15–ാമത്തെ താരം, അരങ്ങേറ്റ ടെസ്റ്റിൽ ശതകം നേടുന്ന 104മത്തെ താരം, ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന പ്രായം കുറഞ്ഞ ഏഴാമത്തെ ഇന്ത്യൻ താരം, രഞ്ജി ട്രോഫിയിലും ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന അപൂർവ താരം തുടങ്ങിയ റെക്കോർഡുകളും തന്റെ കന്നി ടെസ്റ്റിൽ പൃഥ്വി സ്വന്തമാക്കി. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി എന്നീ ആഭ്യന്തര ടൂർണമെന്റുകളിൽ അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച പൃഥ്വി രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റത്തിലും അതേ മികവ് ആവർത്തിച്ചാണ് വരവറിയിച്ചത്. 

2013 ഡിസംബറിൽ മുബൈയിലെ ഹൈസ്കൂൾ ക്രിക്കറ്റ് മത്സരത്തിൽ 546 റൺസടിച്ച പതിനാലുകാരൻ പയ്യൻ മുബൈ അണ്ടർ 16 ടീം നായകനായി ഉദിച്ചുയരാൻ അധികം താമസെമെടുത്തില്ല.  പ്രതിഭാ സ്പർശത്തിനൊപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെയും അജിൻക്യ രഹാനെയുടെയും മാർഗ നിർദേശങ്ങളും കൂടിയായപ്പോൾ അന്താരാഷ്ട്ര പോരാട്ടങ്ങളിലേക്ക് തന്റെ കളിയെ പരിവർത്തിപ്പിക്കാൻ പൃഥ്വിക്ക് അധിക സമയം വേണ്ടിവന്നില്ല. 

രഞ്ജി ട്രോഫിയിലെയും ദുലീപ് ട്രോഫിയിലെയും മികച്ച പ്രകടനത്തിന് പിന്നാലെ 2018 അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ നായക സ്ഥാനവും പൃഥ്വിയെ തേടിയെത്തി. കലാശക്കളിയിൽ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തകർത്ത് കിരീടവുമായാണ് ടീം മടങ്ങിയത്. ആറ് കളികളിൽ നിന്ന് 65.25 ശരാശരിയിൽ പൃഥ്വി നേടിയത്സ്വ 261 റൺസ്. അണ്ടർ 19 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യൻ നായകന്റെ ഏറ്റവും മികച്ച പ്രകടനമായും ഇത് മാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി