കായികം

കിരീട നേട്ടത്തിന്റെ ആഹ്ലാദം, പിന്നാലെ മിന്നുകെട്ട്; നടി ആശ്രിത ഷെട്ടി ഇനി മനീഷ് പാണ്ഡെയുടെ ജീവിത സഖി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിജയ് ഹസാരെ ട്രോഫി പോരാട്ടത്തിൽ തമിഴ്നാടിനെതിരെ വിജയവും ഒപ്പം കിരീടം നിലനിർത്തുകയും ചെയ്തതിന് പിന്നാലെ കർണാടക നായകൻ മനീഷ് പണ്ഡെ നേരെ പോയത് മിന്നുകെട്ടാൻ. മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിൽ ചലച്ചിത്ര താരം ആശ്രിത ഷെട്ടിയെയാണ് 30കാരനായ പാണ്ഡെ താലി ചാർത്തിയത്. ഇരുവരുടേയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഏതാനും ക്രിക്കറ്റ് താരങ്ങളും വിവാഹത്തിൽ പങ്കെടുത്തു.

മനീഷ് താലി ചാർത്തിയ ആശ്രിത ഷെട്ടി തമിഴ് ചിത്രങ്ങളിലൂടെ ആരാധകർക്ക് സുപരിചിതയാണ്. അറിയപ്പെടുന്ന മോഡൽ കൂടിയായ ആശ്രിത, തുളു സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തെത്തിയത്. ഉദയം എൻഎച്ച് 4, ഒരു കന്നിയും മൂന്ന് കളവാണികളും, ഇന്ദ്രജിത്ത് തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചു. പുതുമുഖ നായകനൊപ്പമുള്ള നാൻ താൻ ശിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രം.

സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ തകർപ്പൻ അർധ സെഞ്ച്വറിയുമായി കർണാടക ഇന്നിങ്സിന് കരുത്തു പകർന്ന പാണ്ഡെയായിരുന്നു അവരുടെ വിജയ ശിൽപിയും. 45 പന്തുകൾ നേരിട്ട പാണ്ഡെ, 60 റൺസെടുത്ത് പുറത്താകാതെ നിന്നു. വാർത്താ സമ്മേളനത്തിൽ വിവാഹത്തെക്കുറിച്ച് പാണ്ഡെ സൂചിപ്പിച്ചിരുന്നു. വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ഒരുക്കമാണ് ഇനി മുന്നിലുള്ളതെന്നും അതിനു മുൻപ് തന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട മറ്റൊരു ഇന്നിങ്സ് കൂടിയുണ്ടെന്നും വിവാഹിതനാവുകയാണെന്നും നേരത്തെ മനീഷ് പറഞ്ഞിരുന്നു. 

ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയുടെ നായകനായ മനീഷ് പാണ്ഡെ വിജയ് ഹസാരെ ട്രോഫിയിലും ടീമിനെ കിരീടത്തിലേക്കു നയിച്ചു. 2015ൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ പാണ്ഡെ 23 ഏകദിനങ്ങളിലും 32 ടി20കളിലും ഇന്ത്യൻ ജേഴ്സിയണിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്