കായികം

കാര്യവട്ടത്ത് തുടർച്ചയായ രണ്ടാം വിജയവുമായി ദ്രാവിഡിന്റെ കുട്ടികൾ; രഹാനെ, വിഹാരി, അയ്യർ ത്രയത്തിന് അർധ സെഞ്ച്വറി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രണ്ടാം ഏകദിനത്തിലും ഇംഗ്ലണ്ട് ലയണ്‍സിനെ തകര്‍ത്ത് ഇന്ത്യ എ സംഘം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 138 റണ്‍സിനായിരുന്നു ഇന്ത്യൻ യുവ നിരയുടെ വിജയം. 303 റൺസെന്ന കൂറ്റൻ ലക്ഷ്യമാണ് ഇം​ഗ്ലണ്ട് ലയൺസിന് മുന്നിൽ ഇന്ത്യ വച്ചത്. 304 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ അവരെ ഇന്ത്യന്‍ ബൗളര്‍മാര്‍ 37.4 ഓവറില്‍ 165 റണ്‍സിന് എറിഞ്ഞിട്ടു. ഈ ജയത്തോടെ, അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. പരമ്പരയിലെ മൂന്നാം മത്സരം 27-ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മൂന്ന് അര്‍ധ സെഞ്ച്വറികളാണ് കരുത്തായത്. രണ്ടാം മത്സരത്തിലും  അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ അജിൻക്യ രഹാനെ (91), ഹനുമ വിഹാരി (92), ശ്രേയസ് അയ്യര്‍ (65) എന്നിവരാണ് ഇന്ത്യ എയെ 300 കടത്തിയത്. രണ്ടാം വിക്കറ്റില്‍ രഹാനെ-വിഹാരി സഖ്യം കൂട്ടിച്ചേര്‍ത്ത 181 റണ്‍സ് നിര്‍ണായകമായി. 117 പന്തില്‍ നാല് വീതം ബൗണ്ടറിയും സിക്‌സും സഹിതമായിരുന്നു രഹാനെയുടെ ഇന്നിങ്‌സ്. രഹാനേയേക്കാള്‍ ആക്രമണോത്സുകത കാട്ടിയ വിഹാരി 83 പന്തില്‍ എട്ട് ബൗണ്ടറിയും നാല് സിക്‌സും സഹിതമാണ് 92 റണ്‍സെടുത്തത്.

ഇരുവരും പുറത്തായ ശേഷം അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്ത് ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ച്വറി കുറിക്കുകയായിരുന്നു. 47 പന്തില്‍ അഞ്ച‌് ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 65 റണ്‍സെടുത്ത് 50-ാം ഓവറില്‍ ശ്രേയസ് ഓവറില്‍ പുറത്തായി. 

അന്‍മോല്‍പ്രീത് സിങ് (14 പന്തില്‍ ഏഴ്), അങ്കിത് ബാവ്നെ (27 പന്തില്‍ 18), ഇഷാന്‍ കിഷന്‍ (നാലു പന്തില്‍ മൂന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. അക്‌സര്‍ പട്ടേല്‍ എട്ട് റണ്‍സുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി സാക് ചാപ്പല്‍, ലൂയിസ് ഗ്രിഗറി എന്നിവര്‍ രണ്ടും ജയിംസ് പോര്‍ട്ടര്‍, വില്‍ ജാക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

കൂറ്റന്‍ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ഒരു ഘട്ടത്തില്‍ പോലും താളം കണ്ടെത്താനായില്ല. 63 പന്തില്‍ അഞ്ച് ബൗണ്ടറി സഹിതം 48 റണ്‍സ് നേടിയ ഓപണര്‍ അലക്‌സ് ഡേവിസാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ലൂയിസ് ഗ്രിഗറി (46 പന്തില്‍ 39), വില്‍ ജാക്‌സ് (30 പന്തില്‍ 20), ഡാനി ബ്രിഗ്‌സ് (19 പന്തില്‍ 14), ബെന്‍ ഡക്കറ്റ് (10 പന്തില്‍ 12), സാം ബില്ലിങ്‌സ് (17 പന്തില്‍ 12) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നവര്‍.

ഇന്ത്യ എയ്ക്കായി മായങ്ക് മാര്‍ക്കണ്ഡെ 8.4 ഓവറില്‍ 32 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. അക്‌സര്‍ പട്ടേല്‍ ഒൻപത് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട‌് വിക്കറ്റ് പിഴുതു. ഹനുമ വിഹാരി, ചാഹര്‍, സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്