കായികം

മാത്യൂസിന്റെ സെഞ്ചുറി കരുത്തില്‍ പിടിച്ചു കയറി ലങ്ക; ഇന്ത്യക്ക് ജയിക്കാന്‍ 265

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് 265 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 264 റണ്‍സെടുത്തത്. ആദ്യഘട്ടത്തില്‍  നാലിന് 55 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ശ്രീലങ്കയ്ക്ക് എയ്ഞ്ചലോ മാത്യൂസിന്റെ സെഞ്ചുറിയാണ് താങ്ങായത്. 115 പന്തില്‍ ഒന്‍പതു ബൗണ്ടറിയും രണ്ടു സിക്‌സും ഉള്‍പ്പെടെയാണ് മാത്യൂസ് മൂന്നാം ഏകദിന സെഞ്ചുറി പിന്നിട്ടത്. 

128 പന്തില്‍ 113 റണ്‍സെടുത്താണ് മാത്യൂസിനെ ജസ്പ്രീത് ബുമ്രയാണ് പുറത്താക്കിയത്. മല്‍സരത്തിലാകെ 10 ഓവര്‍ ബോള്‍ ചെയ്ത ബുമ്ര, 37 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഇതോടെ ഏകദിനത്തില്‍ ബുമ്രയുടെ വിക്കറ്റ് നേട്ടം 100 കടന്നു. 

11.4 ഓവറില്‍ 55 റണ്‍സെടുക്കുമ്പോഴേയ്ക്കും നാലു വിക്കറ്റ് നഷ്ടമാക്കിയ ശ്രീലങ്കയ്ക്ക്, അഞ്ചാം വിക്കറ്റില്‍ ലഹിരു തിരിമാന്നെയ്‌ക്കൊപ്പം മാത്യൂസ് പടുത്തുയര്‍ത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. 26.1 ഓവര്‍ ക്രീസില്‍ നിന്ന മാത്യൂസ്-തിരിമാന്നെ സഖ്യം 124 റണ്‍സാണ് നേടിയത്. ലോകകപ്പിലെ ആദ്യത്തെ അര്‍ധസെഞ്ചുറി കുറിച്ച തിരിമാന്നെ, 68 പന്തില്‍ 53 റണ്‍സെടുത്താണ് പുറത്തായത്. നാലു ബൗണ്ടറികളും നേടി.

തിരിമാന്നെ പുറത്തായതിനു പിന്നാലെ ആറാം വിക്കറ്റില്‍ ധനഞ്ജയ ഡിസില്‍വയെ കൂട്ടുപിടിച്ച് അര്‍ധസെഞ്ചുറി കൂട്ടുകെട്ടമായി മാത്യൂസ് ശ്രീലങ്കയെ 250 കടത്തി. ആറാം വിക്കറ്റില്‍ 10.3 ഓവര്‍ മാത്രം ക്രീസില്‍നിന്ന ഇരുവരും ചേര്‍ന്ന് 74 റണ്‍സാണ് ശ്രീലങ്കന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. ഒടുവില്‍ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ രോഹിത് ശര്‍മയ്ക്കു ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോഴേയ്ക്കും 128 പന്തില്‍നിന്ന് മാത്യൂസ് നേടിയത് 113 റണ്‍സ്. 10 ബൗണ്ടറിയും രണ്ടു സിക്‌സും നിറഞ്ഞതായിരുന്നു മാത്യൂസിന്റെ ഇന്നിങ്‌സ്. ധനഞ്ജയ ഡിസില്‍വ 36 പന്തില്‍ ഒരു ബൗണ്ടറി സഹിതം 29 റണ്‍സോടെയും ഇസൂരു ഉഡാന ഒരു റണ്ണോടെയും പുറത്താകാതെ നിന്നു.

ഓപ്പണര്‍മാരായ ദിമുത് കരുണരത്‌നെ (17 പന്തില്‍ 10), കുശാല്‍ പെരേര (14 പന്തില്‍ 18), കുശാല്‍ മെന്‍ഡിസ് (20 പന്തില്‍ 20), ആവിഷ്‌ക ഫെര്‍ണാണ്ടോ (21 പന്തില്‍ 20), തിസാര പെരേര (മൂന്നു പന്തില്‍ രണ്ട്) എന്നിവരാണ് ലങ്കന്‍ നിരയില്‍ പുറത്തായ മറ്റുള്ളവര്‍. ഇന്ത്യയ്ക്കായി 10 ഓവറില്‍ രണ്ട് മെയ്ന്‍ സഹിതം 37 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി ജസ്പ്രീത് ബുമ്ര ശദ്ധേയമായി. ഹാര്‍ദിക് പാണ്ഡ്യ 10 ഓവറില്‍ 50 റണ്‍സ് വഴങ്ങിയും രവീന്ദ്ര ജഡേജ 10 ഓവറില്‍ 40 റണ്‍സ് വഴങ്ങിയും കുല്‍ദീപ് യാദവ് 10 ഓവറില്‍ 58 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ 10 ഓവറില്‍ 73 റണ്‍സാണ് വഴങ്ങിയത്. എന്നാലും ഒരു വിക്കറ്റ് വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്